ടെസ്റ്റിൽ ഇന്ത്യ രോഹിതിനെ പുറത്താക്കി കോഹ്ലിയെ നായകനാക്കണം. നിർദ്ദേശവുമായി മുൻ ഇന്ത്യൻ താരം.

രോഹിത് ശർമ ഇന്ത്യൻ ടീമിന്റെ ടെസ്റ്റ് നായകനായി തുടരുന്നതിനെ ചോദ്യം ചെയ്ത് മുൻ ഇന്ത്യൻ താരം സുബ്രഹ്മണ്യം ബദ്രിനാഥ്. എന്തുകൊണ്ടാണ് വിരാട് കോഹ്ലിയെ ഇന്ത്യ നായകസ്ഥാനം ഏൽപ്പിക്കാത്തത് എന്നാണ് ബദ്രിനാഥ് ചോദിക്കുന്നത്. സെഞ്ചുറിയനിൽ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ നടന്ന ആദ്യ ടെസ്റ്റിൽ ദയനീയമായ പരാജയം ഇന്ത്യ നേരിട്ടിരുന്നു.

ഇതിന് ശേഷമാണ് ബദ്രിനാഥ് രംഗത്ത് വന്നിരിക്കുന്നത്. കോഹ്ലിയുടെ ടെസ്റ്റ് മത്സരങ്ങളിലെ പ്രകടനങ്ങൾ രോഹിത്തിനേക്കാൾ ഒരുപാട് മെച്ചമാണ് എന്ന് ബദ്രിനാഥ് ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല രോഹിത് സമീപകാലത്ത് സ്ഥിരതയാർന്ന പ്രകടനം ടെസ്റ്റ് മത്സരങ്ങളിൽ കാഴ്ചവച്ചിട്ടില്ല എന്നും ബദ്രിനാഥ് പറയുന്നു. ഈ സാഹചര്യത്തിൽ കോഹ്ലിക്ക് ഇന്ത്യ നായകസ്ഥാനം കൈമാറേണ്ടിയിരുന്നു എന്നാണ് ബദ്രിനാഥിന്റെ പക്ഷം.

“കോഹ്ലി എല്ലായ്പ്പോഴും ടെസ്റ്റ് മത്സരങ്ങളിൽ മികച്ച ഒരു നായകനായിരുന്നു. നായകനായിരുന്ന സമയത്ത് 52 റൺസിലധികം ശരാശരിയിൽ 5000 റൺസ് ഇന്ത്യക്കായി സ്വന്തമാക്കാൻ കോഹ്ലിക്ക് സാധിച്ചിരുന്നു. നായകൻ എന്ന നിലയിൽ 68 ടെസ്റ്റ് മത്സരങ്ങളാണ് കോഹ്ലി കളിച്ചിട്ടുള്ളത്. ഇതിൽ 40 വിജയങ്ങളും 17 പരാജയങ്ങളും ഉൾപ്പെടുന്നു. ഓസ്ട്രേലിയയിൽ നടന്ന ടെസ്റ്റ് പരമ്പരയിൽ ഇന്ത്യയെ വലിയ രീതിയിൽ വിജയത്തിലെത്തിക്കാൻ കോഹ്ലിയ്ക്ക് സാധിച്ചിരുന്നു. ഗ്രെയിം സ്മിത്തും റിക്കി പോണ്ടിങ്ങും സ്റ്റീവോയും കഴിഞ്ഞാൽ ടെസ്റ്റ് നായകൻ എന്ന നിലയിൽ ഏറ്റവുമധികം വിജയങ്ങളുള്ള താരമാണ് കോഹ്ലി”- ബദ്രിനാഥ് പറഞ്ഞു.

“എന്തുകൊണ്ടാണ് ഇന്ത്യ കോഹ്ലിയെ ടെസ്റ്റ് ടീമിന്റെ നായകനാക്കാത്തത്. ഞാൻ വളരെ അർത്ഥവത്തായ ചോദ്യമാണ് ചോദിക്കുന്നത്. എല്ലായിപ്പോഴും അയാൾ മികച്ച ഒരു ടെസ്റ്റ് ബാറ്ററാണ്. കോഹ്ലിയെയും രോഹിത് ശർമയേയും തമ്മിൽ താരതമ്യം ചെയ്യാൻ സാധിക്കില്ല. കാരണം ടെസ്റ്റ് ക്രിക്കറ്റിൽ കോഹ്ലി ഒരു വലിയ താരമാണ്. എല്ലാ രാജ്യങ്ങളിലും കൃത്യമായി റൺസ് കണ്ടെത്താനും കോഹ്ലിക്ക് സാധിച്ചിട്ടുണ്ട്.”

”എന്നാൽ രോഹിത് ശർമ അങ്ങനെയല്ല. ഒരു ടെസ്റ്റ്‌ ഓപ്പണറെന്ന നിലയിൽ ഇതുവരെ തെളിയിക്കപ്പെട്ട താരമല്ല രോഹിത് ശർമ. ഇക്കാര്യങ്ങളൊക്കെയും നമ്മൾ കണക്കിലെടുക്കണം. ഇന്ത്യക്ക് പുറത്ത് ഓപ്പണർ എന്ന നിലയിൽ ഇതുവരെ തന്റെ കഴിവ് തെളിയിക്കാൻ രോഹിത് ശർമയ്ക്ക് സാധിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ എന്തിനാണ് രോഹിത്തിന് നായകസ്ഥാനം നൽകുന്നത്.”- ബദ്രിനാഥ് കൂട്ടിച്ചേർത്തു.

എല്ലായിപ്പോഴും ഇന്ത്യക്കായി മികച്ച പ്രകടനം പുറത്തെടുത്തിട്ടുള്ള താരമാണ് വിരാട്. ടെസ്റ്റ് ക്രിക്കറ്റിൽ സമീപകാലത്തടക്കം വലിയ റെക്കോർഡുകളാണ് കോഹ്ലിക്കുള്ളത്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിന്റെ രണ്ടാം ഇന്നിങ്സിൽ കോഹ്ലി മികവാർന്ന ബാറ്റിംഗ് പ്രകടനം പുറത്തെടുത്തിരുന്നു. എന്നാൽ രണ്ടാം ഇന്നിങ്സിൽ മറ്റു ബാറ്റർമാരൊക്കെയും പരാജയമായി മാറിയപ്പോൾ ഇന്ത്യ പരാജയം അറിയുകയായിരുന്നു. ഈ സാഹചര്യത്തിൽ ബദ്രിനാഥിന്റെ പ്രസ്താവനയ്ക്ക് വലിയ പ്രാധാന്യം തന്നെയാണുള്ളത്.

Previous articleടെസ്റ്റും ഏകദിനവും ഒന്നല്ല, ഗിൽ അത് മനസിലാക്കണം.. ടെസ്റ്റിൽ ആക്രമണം കുറയ്ക്കണമെന്ന് ഇന്ത്യൻ ഇതിഹാസം..
Next articleഅശ്വിന് പകരം ജഡേജ വരണം. പ്രസീദിനെ ഇനിയും കളിപ്പിക്കണം. നിർദ്ദേശങ്ങളുമായി മുൻ ഇന്ത്യൻ താരം.