“സഞ്ജു ആദ്യം തലതാഴ്ത്തി റൺസ് നേടാൻ ശ്രമിക്ക്”. സഞ്ജുവിനെ പരിഹസിച്ച് സുനിൽ ഗവാസ്കർ.

ലോകകപ്പിൽ നിന്ന് പുറത്താക്കപ്പെട്ട കേരള താരം സഞ്ജു സാംസണിന് പരിഹാസവർഷവുമായി മുൻ ഇന്ത്യൻ നായകനും ഇതിഹാസ താരവുമായ സുനിൽ ഗവാസ്കർ. അവിചാരിതമായി ലോകകപ്പ് സ്ക്വാഡിൽ നിന്ന് പുറത്താക്കപ്പെട്ട സഞ്ജു സാംസണിനെ വളരെ രൂക്ഷമായ രീതിയിൽ വിമർശിച്ചുകൊണ്ടാണ് ഗവാസ്കർ രംഗത്തെത്തിയിരിക്കുന്നത്. പ്രമുഖ വാർത്താമാധ്യമമായ ഇന്ത്യ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിലാണ് സുനിൽ ഗവാസ്കർ സഞ്ജു സാംസണിനെതിരെ പരിഹാസം ചൊരിഞ്ഞത്.

ഇന്ത്യയെ സംബന്ധിച്ച് ഏറ്റവും മികച്ച സ്ക്വാഡാണ് ലോകകപ്പിനായി തയ്യാറായിരിക്കുന്നതെന്ന് ഗവാസ്കർ പറയുകയുണ്ടായി. മികച്ച ബോളിങ്‌ കരുത്തും ബാറ്റിംഗ് കരുത്തും നിലവിലെ ഇന്ത്യയുടെ സ്ക്വാഡിലുണ്ട് എന്നും ഗവാസ്കർ പറഞ്ഞു. ഇതിനൊപ്പമാണ് സഞ്ജുവിനെതിരെ ഗവാസ്കർ പരിഹസിച്ചത്.

സഞ്ജു സാംസണിനെ ടീമിൽ ഉൾപ്പെടുത്താതിരുന്നതിനെപ്പറ്റി അവതാരകൻ ചോദിക്കുകയുണ്ടായി. എന്നാൽ സഞ്ജു സാംസൺ തല താഴ്ത്തി റൺസ് കണ്ടെത്താൻ ശ്രമിക്കണം എന്നാണ് ഗവാസ്കർ ഇതിന് മറുപടി പറഞ്ഞത്. എന്തുകൊണ്ടാണ് ഗവാസ്കർ ഇത്തരത്തിൽ ഒരു പ്രയോഗം നടത്തിയത് എന്ന് വ്യക്തമല്ല. എന്നിരുന്നാലും മുൻപ് സഞ്ജു സാംസണിനെതിരായി പലപ്പോഴും സംസാരിച്ചിട്ടുള്ള താരമാണ് സുനിൽ ഗവാസ്കർ. പലപ്പോഴും താൻ നൽകുന്ന ഉപദേശങ്ങൾ സഞ്ജു അനുസരിക്കുന്നില്ല എന്ന് ഗവാസ്കർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇതോടെ ഗവാസ്കർ സഞ്ജുവിനെ വിമർശിക്കാനും ആരംഭിച്ചിരുന്നു.

ക്രീസിൽ എത്തിയശേഷം കുറച്ചു പന്തുകൾ നേരിട്ട് സാഹചര്യങ്ങൾ മനസ്സിലാക്കിയശേഷം മാത്രം വമ്പനടികൾക്ക് ശ്രമിക്കണം എന്നായിരുന്നു ഗവാസ്ക്കർ മുൻപ് സഞ്ജുവിന് നൽകിയ ഉപദേശം. പക്ഷേ സഞ്ജു ഈ ഉപദേശത്തെ പൂർണമായും തള്ളിക്കളയുകയായിരുന്നു എന്ന് മറ്റൊരു മലയാളി താരമായ ശ്രീശാന്ത് ഒരിക്കൽ പറഞ്ഞിരുന്നു. ഇക്കാരണങ്ങൾ കൊണ്ടാണോ ഗവാസ്കർ സഞ്ജുവിനെ പലപ്പോഴും വിമർശിക്കുന്നത് എന്നതും ആരാധകർക്കിടയിൽ ഉയർന്നുവരുന്ന ഒരു ചോദ്യമാണ്. ഇതാദ്യമായല്ല ഗവാസ്കർ സഞ്ജുവിനെ തള്ളിക്കളയുന്നത്.

ഇന്ത്യൻ ടീമിൽ കുറച്ചധികം കാലമായി പരിക്കിന്റെ പിടിയിലായിരുന്ന കെ എൽ രാഹുലിനെ ലോകകപ്പിൽ ഉൾപ്പെടുത്തിയതിനെതിരെ വലിയ രീതിയിലുള്ള വിമർശനങ്ങൾ ഉയരുകയുണ്ടായി. ഇതിനോടും ഗവാസ്കർ പ്രതികരിച്ചു.

“കെ എൽ രാഹുലിനെ ഇന്ത്യ തങ്ങളുടെ ടീമിൽ ഉൾപ്പെടുത്തിയത് വളരെ മികച്ച ഒരു തീരുമാനമാണ്. പരിക്കിന് ശേഷം ഇതുവരെ ഇന്ത്യക്കായി കളിക്കാൻ രാഹുലിന് സാധിച്ചിട്ടില്ല. പക്ഷേ രാഹുൽ എല്ലാം കൊണ്ടും മികവ് തെളിയിച്ച ഒരു ക്രിക്കറ്ററാണ്. ഇക്കാരണം കൊണ്ട് തന്നെ ലോകകപ്പ് ടീമിലേക്ക് രാഹുലിനെ പരിഗണിക്കുന്നതിൽ തെറ്റ് പറയാൻ സാധിക്കില്ല.”- ഗവാസ്കർ പറഞ്ഞുവയ്ക്കുന്നു.