“ഭാഗ്യമുണ്ടാവുന്നത് കഠിനപ്രയത്നം ചെയ്യുന്നവർക്കാണ്”. ദ്രാവിഡ് ഹർദിക് പാണ്ഡ്യയ്ക്ക് നൽകിയ ഉപദേശം.

2024 ഇന്ത്യൻ പ്രീമിയർ ലീഗിൽ വളരെ മോശം പ്രകടനങ്ങൾ പുറത്തെടുത്ത താരമായിരുന്നു ഹർദിക് പാണ്ഡ്യ. ഇതിന് ശേഷം ഇന്ത്യ ലോകകപ്പിനുള്ള തങ്ങളുടെ സ്ക്വാഡിലേക്ക് ഹർദിക് പാണ്ഡ്യയെ ഉൾപ്പെടുത്തിയപ്പോഴും വലിയ രീതിയിലുള്ള വിമർശനങ്ങൾ ഉയർന്നിരുന്നു. എന്നാൽ ഇന്ത്യൻ സെലക്ടർമാരുടെ തീരുമാനമായിരുന്നു ശരി എന്ന് തോന്നിപ്പിക്കുന്ന പ്രകടനമാണ് ലോകകപ്പിൽ ഇതുവരെ പാണ്ഡ്യ കാഴ്ചവെച്ചിട്ടുള്ളത്.

എല്ലാ മത്സരങ്ങളിലും ഓൾറൗണ്ട് പ്രകടനം കാഴ്ചവച്ച് ഇന്ത്യയെ വിജയത്തിലെത്തിക്കാൻ പാണ്ഡ്യയ്ക്ക് സാധിക്കുന്നുണ്ട്. ഇതിന് ഏറ്റവും വലിയ ഉദാഹരണമാണ് ഇന്ത്യയുടെ ബംഗ്ലാദേശിനെതിരായ മത്സരത്തിലെ പാണ്ഡ്യയുടെ ഉഗ്രൻ പ്രകടനം. മത്സരത്തിൽ 27 പന്തുകളിൽ 50 റൺസ് നേടിയ പാണ്ഡ്യ ഇന്ത്യയ്ക്ക് ഒരു ഉജ്ജ്വലവിജയം സമ്മാനിക്കുകയുണ്ടായി.

GQiWXq7XcAA3Nh6

മാത്രമല്ല മത്സരത്തിൽ അപകടകാരിയായ ഷാന്റോയെ പുറത്താക്കാനും പാണ്ഡ്യയ്ക്ക് സാധിച്ചു. മത്സരത്തിലെ താരമായി മാറിയതും പാണ്ഡ്യയായിരുന്നു. മത്സരത്തിലെ പ്രകടനത്തെപറ്റി പാണ്ഡ്യ സംസാരിക്കുകയുണ്ടായി. “എന്റെ രാജ്യത്തിനായി കളിക്കാൻ സാധിച്ചതിൽ ഞാൻ വളരെ ഭാഗ്യവാനാണ്. എനിക്ക് മുൻപ് പരിക്ക് പറ്റിയിരുന്നു. അതിന് ശേഷം ഒരു തിരിച്ചുവരവ് നടത്താൻ എനിക്ക് സാധിച്ചു. അന്ന് ഞാൻ പരിശീലകനായ രാഹുൽ ദ്രാവിഡ് സാറിനോട് സംസാരിച്ചിരുന്നു. ‘ഭാഗ്യം ഉണ്ടാവുന്നത് കഠിനപ്രയത്നങ്ങൾ നടത്തുന്ന താരങ്ങൾക്കാണ്’ എന്ന ഉപദേശമാണ് അദ്ദേഹം എനിക്ക് നൽകിയത്. അത് എന്നെ ഒരുപാട് നാൾ നയിക്കുകയുണ്ടായി.”- പാണ്ഡ്യ പറയുന്നു.

“ഇതുവരെ ഈ ടൂർണമെന്റിൽ മികച്ച ക്രിക്കറ്റ് തന്നെയാണ് ഞങ്ങൾ കളിച്ചിട്ടുള്ളത്. എല്ലാത്തരത്തിലും താരങ്ങൾ സംഭാവന നൽകുന്നുണ്ട്. മാത്രമല്ല കൃത്യമായി തന്ത്രങ്ങൾ പ്രാവർത്തികമാക്കാനും ഞങ്ങൾക്ക് സാധിച്ചിട്ടുണ്ട്. ബംഗ്ലാദേശിനെതിരായ മത്സരത്തിൽ ദുബെയുമായി മികച്ച ഒരു കൂട്ടുകെട്ട് കെട്ടിപ്പടുക്കാൻ എനിക്ക് സാധിച്ചു. ദുബെ ക്രീസിലെത്തുന്ന സമയത്ത് ഞങ്ങൾക്ക് തുടർച്ചയായി വിക്കറ്റുകൾ നഷ്ടമായിരുന്നു. ശേഷം അവൻ അവന്റേതായ സമയം ക്രീസിൽ ചെലവഴിച്ചു. പിന്നീട് കൃത്യമായി ആക്രമണം അഴിച്ചുവിടാനും അവന് സാധിച്ചു. സ്പിന്നർമാർക്കെതിരെ വമ്പൻ ഷോട്ടുകൾ കളിക്കാനുള്ള കഴിവാണ് അവന്റെ പ്രത്യേകത. മത്സരത്തിൽ സമയം എത്തിയപ്പോൾ ഞങ്ങൾ ആക്രമിക്കാൻ തുടങ്ങി.”- പാണ്ഡ്യ കൂട്ടിച്ചേർക്കുന്നു.

ബോളിംഗ് സമയത്ത് മൈതാനത്ത് ഉണ്ടായിരുന്ന കാറ്റ് ഒരു ഘടകമായിരുന്നു എന്നും പാണ്ഡ്യ പറഞ്ഞു. “ബാറ്റർമാർ കൃത്യമായി കാറ്റിനെ മുതലാക്കേണ്ട ആവശ്യമുണ്ട് എന്ന് ഞാൻ മനസ്സിലാക്കിയിരുന്നു. അതിനാൽ തന്നെ അവർക്ക് അത്തരം ഒരു സാധ്യത നൽകാതിരിക്കാനാണ് ഞാൻ ശ്രമിച്ചത്. ബാറ്റർമാർക്ക് ഒരു പടി മുൻപിൽ ചിന്തിക്കാനാണ് ഞാൻ തയ്യാറായത്. ഇതുവരെ ഒരു ഗ്രൂപ്പായി തന്നെ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ ഇന്ത്യയ്ക്ക് സാധിച്ചിട്ടുണ്ട്. ഇടവേളകളിൽ വിക്കറ്റ് നഷ്ടമാകുന്നു എന്നത് മാത്രമാണ് ഇപ്പോൾ ഇന്ത്യയുടെ ഭാഗത്തുനിന്നുള്ള പിഴവ്. അത് ലഘൂകരിച്ച് മുൻപോട്ടു പോകാൻ സാധിക്കുമെന്ന് കരുതുന്നു.”- പാണ്ഡ്യ പറഞ്ഞുവയ്ക്കുന്നു.

Previous article“വെസ്റ്റിൻഡിസിനായി ഇനിയുള്ള കാലം കളിക്കാമോ? “, ഇന്ത്യന്‍ താരത്തോട് ബ്രയാൻ ലാറയുടെ ചോദ്യം.
Next articleത്രസിപ്പിക്കുന്ന വിജയം, ദക്ഷിണാഫ്രിക്ക സെമിയിൽ. വിൻഡീസ് പുറത്ത്.