2025 മെഗാലേലത്തിന് മുന്നോടിയായി തങ്ങളുടെ നായകൻ കെഎൽ രാഹുലിനെ ലക്നൗ ഒഴിവാക്കിയിട്ടുണ്ട്. കഴിഞ്ഞ സീസണിൽ നായകൻ എന്ന നിലയിൽ വലിയ വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്ന താരമായിരുന്നു രാഹുൽ. അതിനാൽ തന്നെ ഇത്തവണ രാഹുലിനെ നിലനിർത്താൻ ലക്നൗ തയ്യാറായില്ല.
5 താരങ്ങളെയാണ് ലക്നൗ അടുത്ത സീസണിലേക്കായി നിലനിർത്തിയത്. നിക്കോളാസ് പൂരൻ, രവി ബിഷ്ണോയി, മായങ്ക് യാദവ്, മുഹസ്സിൻ ഖാൻ, ആയുഷ് ബദോനി എന്നിവരെയാണ് ലക്നൗ നിലനിർത്തിയത് എന്നാൽ രാഹുലിനെ ഒഴിവാക്കിയ ശേഷം ലക്നൗ ടീമിന്റെ ഓണറായ ഡോക്ടർ സഞ്ജീവ് ഗോയങ്ക സാമൂഹ്യ മാധ്യമത്തിൽ ഇട്ട ഒരു പോസ്റ്റാണ് ഇപ്പോൾ വലിയ ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുന്നത്. തങ്ങളുടെ വ്യക്തിപരമായ നാഴികക്കല്ലുകൾക്ക് മുകളിൽ ടീമിന്റെ വിജയത്തിന് പ്രാധാന്യം നൽകുന്ന താരങ്ങളെയാണ് തങ്ങൾ നിലനിർത്തിയത് എന്ന് ഗോയങ്ക പറയുകയുണ്ടായി.
ലേലത്തിന് മുന്നോടിയായി 51 കോടി രൂപയാണ് ലക്നൗ ചെലവാക്കിയത്. ലേലത്തിലേക്കായി 69 കോടി രൂപ കൂടി ഫ്രാഞ്ചൈസിയ്ക്ക് അവശേഷിക്കുന്നുണ്ട്. തങ്ങൾ നിലനിർത്തിയ താരങ്ങളുടെ ലിസ്റ്റ് പ്രഖ്യാപിച്ച ശേഷം ഗോയങ്ക പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വലിയ ശ്രദ്ധ നേടിയിരിക്കുന്നത്. ടീമിന്റെ മെന്ററായ സഹീർ ഖാനും ജസ്റ്റിൻ ലാംഗറും വലിയ ആലോചനയ്ക്ക് ശേഷമാണ് നിലനിർത്തേണ്ട താരങ്ങളെപ്പറ്റി തീരുമാനിച്ചത് എന്ന് ഗോയങ്ക പറയുന്നു. തങ്ങളുടെ വ്യക്തിപരമായ ലക്ഷ്യങ്ങൾക്ക് മുൻപിലായി, ടീമിന്റെ വിജയം മനസ്സിൽ കാണുന്ന താരങ്ങളെയാണ് തങ്ങൾ നിലനിർത്താൻ ശ്രമിച്ചത് എന്ന് ഗോയങ്ക പറയുന്നു. കഴിഞ്ഞ വർഷങ്ങളിൽ രാഹുലിനെതിരെ ഉയർന്ന വലിയ വിമർശനങ്ങൾക്ക് ബാക്കിപത്രമാണ് ഗോയങ്കയുടെ ഈ പ്രസ്താവന.
കഴിഞ്ഞ സീസണുകളിൽ ടീമിനായി മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ രാഹുലിന് സാധിച്ചിരുന്നു. എന്നാൽ രാഹുലിന്റെ മത്സരങ്ങളിലെ സ്ട്രൈക്ക് റേറ്റ് വലിയ ചർച്ചാവിഷയമായി. പതിയെ ഇന്നിംഗ്സ് കെട്ടിപ്പടുക്കുന്ന സ്വഭാവമാണ് രാഹുലിനുള്ളത്. എന്നാൽ രാഹുൽ തന്റെ വ്യക്തിപരമായി നേട്ടത്തിന് വേണ്ടി കളിക്കുന്നുവെന്നും, ടീമിന്റെ വിജയം ആഗ്രഹിക്കുന്നില്ലയെന്ന വിമർശനവും രംഗത്ത് വന്നു. ഇതിന് പിന്നാലെയാണ് രാഹുലിനെ ഇപ്പോൾ ഒഴിവാക്കിയിരിക്കുന്നത്. ഇതിനു ശേഷം ഗോയങ്ക പറഞ്ഞ ഈ പ്രസ്താവന രാഹുലിനെ തന്നെ ഉദ്ദേശിച്ചാണ് എന്ന് വ്യക്തമാണ്.
“സഹീർ ഖാനും ജസ്റ്റിൻ ലാംഗറും സിഈഓയും ചേർന്ന് എടുത്ത തീരുമാനമാണ് ഇതൊക്കെയും. ഞങ്ങളെല്ലാവരും വലിയൊരു ചർച്ചയ്ക്ക് തയ്യാറായിരുന്നു. അത് ഒരുപാട് ദൈർഘ്യം ഉള്ളതായിരുന്നില്ല. വിജയം സ്വന്തമാക്കാൻ ശ്രമിക്കുന്ന താരങ്ങളെയായിരുന്നു ഞങ്ങൾക്കാവശ്യം. തങ്ങളുടെ വ്യക്തിപരമായ ലക്ഷ്യങ്ങളും നാഴികക്കല്ലുകളും മാറ്റിവെച്ച് ടീമിന്റെ വിജയത്തിനായി പ്രവർത്തിക്കുന്ന താരങ്ങളെ നിലനിർത്താനാണ് ശ്രമിച്ചത്. ഞങ്ങൾക്ക് നൽകിയിരിക്കുന്ന തുക ഉപയോഗിച്ച് ഞങ്ങളുടെ കോർ ടീമിനെ തിരികെ പിടിക്കാൻ ശ്രമിച്ചിട്ടുണ്ട്.”- ഗോയങ്ക പറഞ്ഞു.