“സമ്മർദ്ദമുണ്ടായി, പക്ഷേ ഞങ്ങൾ ശാന്തമായി തിരിച്ചെത്തി”. ഇതേ രീതി തുടരുമെന്ന് രോഹിത്.

rohit sharma and williamson

കഴിഞ്ഞ ലോകകപ്പുകളിലൊക്കെയും ഇന്ത്യയ്ക്ക് വലിയ ഭീഷണിയായി മാറിയത് സെമിഫൈനൽ മത്സരങ്ങളായിരുന്നു. ലീഗ് ഘട്ടത്തിൽ വളരെ മികച്ച പ്രകടനങ്ങൾ പുറത്തെടുത്തിട്ടും സെമിഫൈനലിൽ ഇന്ത്യ പരാജയപ്പെടുകയുണ്ടായി. എന്നാൽ 2023 ഏകദിന ലോകകപ്പിന്റെ സെമിഫൈനലിൽ ന്യൂസിലാൻഡിനെ തകർത്ത് ഇന്ത്യ ആ ചരിത്രം മാറ്റി കുറിച്ചിരിക്കുകയാണ്.

അത്യന്തം ആവേശകരമായ മത്സരത്തിൽ 70 റൺസിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇന്ത്യക്കായി വിരാട് കോഹ്ലിയും ശ്രേയസ് അയ്യരും ബാറ്റിംഗിൽ തിളങ്ങിയപ്പോൾ ബോളിംഗിൽ മുഹമ്മദ് ഷാമിയുടെ ഒരു സംഹാരമാണ് കാണാൻ സാധിച്ചത്. മത്സരത്തിലെ വിജയത്തിനെ പറ്റി മത്സരശേഷം ഇന്ത്യൻ നായകൻ രോഹിത് ശർമ സംസാരിക്കുകയുണ്ടായി.

മത്സരത്തിന്റെ പല സമയത്തും സമ്മർദ്ദം ഉണ്ടായിരുന്നുവെന്നും, അത് നന്നായി കൈകാര്യം ചെയ്യാൻ ഇന്ത്യയുടെ ബോളർമാർക്ക് സാധിച്ചു എന്നുമാണ് രോഹിത് ശർമ പറയുന്നത്. “ഈ മൈതാനത്ത് ഞാൻ ഒരുപാട് ക്രിക്കറ്റ് കളിച്ചിട്ടുണ്ട്. എത്ര റൺസ് നേടിയാലും ഇവിടെ നമുക്ക് റിലാക്സ് ചെയ്യാൻ സാധിക്കില്ല. എത്രയും പെട്ടെന്ന് മത്സരം അവസാനിപ്പിക്കാൻ ശ്രമിക്കുക എന്നത് മാത്രമാണ് ചെയ്യാനാവുന്നത്. ഇവിടെ ഞങ്ങൾക്ക് പല സമയത്തും സമ്മർദ്ദം ഉണ്ടായിരുന്നു. ഞങ്ങൾ പരമാവധി ശാന്തരായാണ് മൈതാനത്ത് തുടർന്നത്. ഫീൽഡിങ്ങിൽ പിഴവുകൾ വരുത്തിയപ്പോഴും ഞങ്ങൾ ശാന്തത കൈവെടിഞ്ഞില്ല. ഇങ്ങനെയുള്ള കാര്യങ്ങൾ പല സമയത്തും ക്രിക്കറ്റിൽ സംഭവിക്കാം. എന്നിരുന്നാലും മത്സരത്തിൽ വിജയിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ട്.”- രോഹിത് ശർമ്മ പറഞ്ഞു.

“ഓരോവറിൽ 9 റൺസിന് മുകളിൽ നമുക്ക് ആവശ്യമായി വരുമ്പോൾ നമ്മൾ കൂടുതൽ ചാൻസുകൾ എടുക്കും. അങ്ങനെ ന്യൂസിലാൻഡ് ഞങ്ങൾക്ക് കുറച്ചധികം ചാൻസുകൾ നൽകി. എന്നാൽ അത് പൂർണമായും വിനിയോഗിക്കാൻ ഞങ്ങൾക്ക് സാധിച്ചില്ല. മാത്രമല്ല മിച്ചലും വില്യംസനും വളരെ അവിസ്മരണീയമായ രീതിയിലാണ് ബാറ്റ് ചെയ്തത്. അതിനാൽ ഞങ്ങൾ ശാന്തരായി തന്നെ തുടരേണ്ടതുണ്ടായിരുന്നു. “

Read Also -  രോഹിതിന് പരിശീലനത്തിനിടെ വീണ്ടും പരിക്ക്. പാകിസ്ഥാനെതിരെ കളിക്കുമോ എന്ന് ആശങ്ക.

“പല സമയത്തും ഗാലറിയിലിരിക്കുന്ന ആരാധകർ നിശബ്ദരായിരുന്നു. അതാണ് ഈ കളിയുടെ പ്രത്യേകതയും. എന്തെങ്കിലും ചെയ്ത് മത്സരം തിരികെ കൊണ്ടുവരണം എന്നതു മാത്രമായിരുന്നു ഞങ്ങൾക്കുണ്ടായിരുന്നത്. അതിനായി എല്ലാ അവസരങ്ങളും ഞങ്ങൾ ഉപയോഗിച്ചു. ഷാമി മത്സരത്തിൽ അവിസ്മരണീയമായിരുന്നു.”- രോഹിത് കൂട്ടിച്ചേർത്തു.

“ആദ്യ 6 ബാറ്റർമാരാണ് മത്സരം പൂർണമായും നിയന്ത്രിച്ചിരുന്നത്. അയ്യർ ഈ ടൂർണമെന്റിൽ കളിക്കുന്ന രീതി വലിയ സന്തോഷം നൽകുന്നു. ഗില്ലും അവിസ്മരണീയമാണ്. നിർഭാഗ്യവശാൽ ഗില്ലിന് മത്സരത്തിനിടെ മടങ്ങേണ്ടി വന്നു. കോഹ്ലി എല്ലായിപ്പോഴും മികവ് പുലർത്തുന്നു. ഒരു നാഴികക്കല്ല് മത്സരത്തിൽ സൃഷ്ടിക്കാൻ കോഹ്ലിക്കും സാധിച്ചു. എല്ലാവരും ബാറ്റിംഗ് നന്നായി ചെയ്യുന്നുണ്ട്. ഈ രീതിയിലാണ് ഞങ്ങൾക്കു മുൻപോട്ടു പോകേണ്ടത്. “

“ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ കേവലം 230 റൺസ് മാത്രമായിരുന്നു ഞങ്ങൾ നേടിയിരുന്നത്. എന്നാൽ ഞങ്ങളുടെ ബോളർമാർ മുൻപിലേക്ക് വരികയും വിക്കറ്റുകൾ സ്വന്തമാക്കുകയും ചെയ്തു. ഇന്ന് സമ്മർദ്ദമില്ലായിരുന്നു എന്ന് ഞാൻ പറയില്ല. പക്ഷേ ഞങ്ങളുടെ താരങ്ങളൊക്കെയും വളരെ നന്നായി തന്നെ മൈതാനത്ത് തുടർന്നു. ആദ്യ 9 മത്സരങ്ങളിൽ എന്താണോ ചെയ്തത് അതുതന്നെ ആവർത്തിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്. ഇന്ന് കാര്യങ്ങളൊക്കെയും ഞങ്ങൾക്ക് അനുകൂലമായി വന്നു.”- രോഹിത് പറഞ്ഞുവെക്കുന്നു.

Scroll to Top