സഞ്ജു ബെഞ്ചിൽ തന്നെ തുടരട്ടെ. ബംഗ്ലാദേശിനെതിരെയും ദുബെ തന്നെ കളിക്കണം. ചോപ്രയുടെ ഇലവൻ.

382686

സൂപ്പർ 8ലെ തങ്ങളുടെ ആദ്യ മത്സരത്തിൽ അഫ്ഗാനിസ്ഥാൻ ടീമിനെതിരെ വമ്പൻ വിജയം നേടിയ ശേഷം ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെതിരെ ഇറങ്ങുകയാണ്. അഫ്ഗാനിസ്ഥാനെ തകർത്തെറിഞ്ഞ പൂർണ്ണമായ ആത്മവിശ്വാസത്തിന്റെ ബലത്തിലാണ് ബംഗ്ലാ കടുവുകളുമായി ഇന്ത്യ കൊമ്പ് കോർക്കാൻ തയ്യാറായിരിക്കുന്നത്.

ഈ മത്സരത്തിൽ വിജയം സ്വന്തമാക്കിയാൽ ഇന്ത്യയ്ക്ക് സെമിഫൈനൽ സാധ്യതകൾ ഏറെക്കുറെ ഉറപ്പിക്കാൻ സാധിക്കും. കഴിഞ്ഞ മത്സരത്തിൽ ഭേദപ്പെട്ട പ്രകടനം ഇന്ത്യൻ താരങ്ങൾ പുറത്തെടുത്തതിനാൽ തന്നെ വലിയ മാറ്റങ്ങൾ ഇന്ത്യയുടെ പ്ലെയിങ് ഇലവനിൽ ഉണ്ടാവാൻ സാധ്യതയില്ല. ഈ സാഹചര്യത്തിൽ ബംഗ്ലാദേശിനെതിരായ ഇന്ത്യയുടെ മത്സരത്തിലെ സാധ്യത ടീമിനെ തിരഞ്ഞെടുത്ത് രംഗത്ത് എത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ആകാശ ചോപ്ര.

നായകൻ രോഹിത് ശർമയും വിരാട് കോഹ്ലിയും ഓപ്പണിങ് ജോഡികൾ എന്ന നിലയിൽ ഇതുവരെയും ഈ ടൂർണമെന്റിൽ മികച്ച പ്രകടനം പുറത്തെടുത്തിട്ടില്ല. ഇരുവർക്കുമെതിരെ വിമർശനങ്ങൾ ഉയരുന്നുണ്ടെങ്കിലും രോഹിത്തും കോഹ്ലിയും തന്നെ ബംഗ്ലാദേശിനെതിരായ മത്സരത്തിലും ഓപ്പണർമാരായി ക്രീസിലെത്തണം എന്നാണ് ചോപ്ര പറയുന്നത്.

അയർലൻഡിനെതിരായ മത്സരത്തിൽ 52 റൺസ് നേടിയ രോഹിത് ശർമ കഴിഞ്ഞ 3 ഇന്നിംഗ്സുകളിലും മോശം പ്രകടനമാണ് പുറത്തെടുത്തത്. എല്ലാ മത്സരങ്ങളിലും ഇടംകയ്യൻ പേസർമാർക്കെതിരെയാണ് രോഹിത് പുറത്തായത്. അതിനാൽ തന്നെ രോഹിത്തും കോഹ്ലിയും കുറച്ചുകൂടി ശ്രദ്ധ കാട്ടേണ്ടതുണ്ട് എന്ന് ചോപ്ര പറയുകയുണ്ടായി.

കോഹ്ലിക്ക് ശേഷം മൂന്നാം നമ്പറിൽ റിഷഭ് പന്ത് തന്നെ തുടരണം എന്നാണ് ചോപ്ര പറയുന്നത്. കഴിഞ്ഞ മത്സരങ്ങളിലൊക്കെയും പോസിറ്റീവായ ബാറ്റിംഗ് പ്രകടനങ്ങളാണ് പന്ത് കാഴ്ചവയ്ക്കുന്നത്. ആക്രമണ മനോഭാവം തന്റെ ബാറ്റിംഗിൽ പുലർത്താൻ പന്തിന് സാധിക്കുന്നുണ്ട്. ശേഷം നാലാം നമ്പറിൽ സൂര്യകുമാർ യാദവ് കളിക്കണമെന്ന് ചോപ്ര പറയുന്നു. കഴിഞ്ഞ മത്സരത്തിലൂടെ സൂര്യകുമാർ ഫോമിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്.

Read Also -  ബംഗ്ലാദേശിന്‍റെ 3 വിക്കറ്റ് വീണു. രസംകൊല്ലിയായി മഴ. കാൺപൂർ ടെസ്റ്റിന് തണുപ്പൻ തുടക്കം.

മികച്ച സ്പിൻ നിരയുള്ള ടീമുകളെ സൂര്യയ്ക്ക് വലിയ താല്പര്യമാണെന്നും അതിനാൽ ഈ മത്സരത്തിലും സൂര്യ മികവ് പുലർത്തുമെന്നും ചോപ്ര വ്യക്തമാക്കുന്നു. അഞ്ചാം നമ്പറിൽ ശിവം ദുബയെ ഇന്ത്യ ഒഴിവാക്കില്ല എന്നാണ് ചോപ്ര പറയുന്നത്. ഇനിയും ദുബെയ്ക്ക് ഇന്ത്യ അവസരം നൽകുമെന്ന് ചോപ്ര കരുതുന്നു. സഞ്ജു സാംസൺ അഞ്ചാം നമ്പറിൽ അനുയോജ്യനായ താരമല്ല എന്നാണ് ചോപ്രയുടെ വിലയിരുത്തൽ.

ദുബെയ്ക്ക് ശേഷം ഹർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്ഷർ പട്ടേൽ എന്നീ ഓൾറൗണ്ടർമാരും ബംഗ്ലാദേശിനെതിരെ കളിക്കുമെന്ന് ചോപ്ര ചൂണ്ടിക്കാട്ടുന്നു. 20 ഓവറുകളിൽ ഇന്ത്യയുടെ മുൻനിര മധ്യനിര ബാറ്റർമാർ ക്രീസിൽ തുടരേണ്ടതുണ്ട് എന്ന് ചോപ്ര പറയുന്നു. ഇവർക്ക് ശേഷം സ്പിന്നർ കുൽദീവ് യാദവ്, പേസർമാരായ ജസ്പ്രീറ്റ് ബൂമ്ര, അർഷദീപ് സിംഗ് എന്നിവർ പ്ലേയിംഗ് ഇലവനിൽ ഉൾപ്പെടും എന്നാണ് വിലയിരുത്തൽ. അതിനാൽ തന്നെ യാതൊരു മാറ്റങ്ങളും ഇല്ലാതെ ഇന്ത്യ ബംഗ്ലാദേശിനെതിരായ മത്സരത്തിൽ കളിക്കുമെന്ന് ചോപ്ര വിലയിരുത്തുന്നു. മത്സരത്തിലെ വിജയം ഇന്ത്യയെ സംബന്ധിച്ച് വളരെ നിർണായകമാണ്.

Scroll to Top