ഇന്നലെയായിരുന്നു ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ട്വൻറി20 മത്സരം. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിലെ തുടർച്ചയായ രണ്ടാം മത്സരത്തിലും ഇന്ത്യ ദക്ഷിണാഫ്രിക്കയോട് തോറ്റു. ഇതോടെ രണ്ട് വിജയവുമായി ദക്ഷിണാഫ്രിക്ക പരമ്പരയിൽ മുന്നിൽ നിൽക്കുകയാണ്. അടുത്ത മത്സരം കൂടെ ഇന്ത്യയെ പരാജയപ്പെടുത്തി കഴിഞ്ഞാൽ ദക്ഷിണാഫ്രിക്കക്ക് പരമ്പര സ്വന്തമാക്കാം.
പരമ്പരയ്ക്കു തൊട്ടുമുമ്പ് പരിക്കേറ്റത് മൂലം നായകൻ രാഹുലിനെ മാറ്റി പന്തിനെ നായകനാക്കിയിരുന്നു. ഇപ്പോഴിതാ ഇന്നത്തെ മത്സരത്തിൽ പന്ത് എടുത്ത തീരുമാനമാണ് സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്. പന്തിൻ്റെ ക്യാപ്റ്റൻസിക്കും തന്ത്രങ്ങൾക്കും എതിരെ മുൻ ഇതിഹാസ താരങ്ങളും രംഗത്തെത്തിയിട്ടുണ്ട്. മികച്ച ഫോമിൽ കളിക്കുന്ന ദിനേശ് കാർത്തികിന് മുൻപ് ഓൾറൗണ്ടർ അക്സർ പട്ടേലിനെ ഇറക്കിയതാണ് എല്ലാവരെയും ചൊടിപ്പിച്ചത്. 13 ഓവറിൽ 90-4 എന്ന നിലയിൽ നിൽക്കുമ്പോൾ ഇന്നിങ്സ് പൂർത്തിയാക്കാൻ 7 ഓവറുകൾ അവശേഷികുമ്പോൾ ആണ് പന്ത് ഇങ്ങനെയൊരു തീരുമാനം എടുത്തത്.
നിർണായക ഘട്ടത്തിൽ കാർത്തിക്കിനെ നേരത്തെ ബാറ്റിനിങ്ങിന് ഇറക്കാത്ത തീരുമാനത്തിനെതിരെ മുൻ ഇന്ത്യൻ നായകൻ സുനിൽ ഗവാസ്കറും മുൻ ദക്ഷിണാഫ്രിക്കൻ നായകൻ ഗ്രയിം സ്മിത്തും കടുത്ത ഭാഷയിലാണ് രംഗത്തെത്തിയത്.
“ഫിനിഷർ എന്ന ലേബൽ ആണ് ചിലപ്പോഴൊക്കെ പ്രശ്നമാകുന്നത്. എല്ലാവരുടെയും വിചാരം 15 ഓവർ പിന്നിട്ട ശേഷം മാത്രമാണ് ആണ് ഈ കളിക്കാർ ബാറ്റ് ചെയ്യാൻ ഇറങ്ങേണ്ടത് എന്നും, 12-13 ഓവറുകളിൽ ഇറങ്ങില്ലെന്നും ആണ് പലരും കരുതുന്നത്. ഐപിഎല്ലിൽ പോലും പവർ ഹിറ്റ് ബാറ്റ്സ്മാൻമാരെ അവസാന ഓവറുകളിൽ ഇറക്കാൻ വേണ്ടി മാറ്റിനിർത്തുന്നത് കണ്ടിട്ടുണ്ട്. നേരത്തെ ബാറ്റിംഗിന് ഇറങ്ങിയാലും ആദ്യ പന്ത് മുതൽ അവർ സിക്സ് അടിക്കണമെന്നില്ല. മെല്ലെ തുടങ്ങി ഇറങ്ങി വിക്കറ്റിൻ്റെ സ്വഭാവം മനസ്സിലാക്കിയാൽ അവർക്ക് തകർത്തടിക്കാൻ കഴിയും.”-സുനിൽ ഗവാസ്കർ പറഞ്ഞു.
ഇക്കാര്യത്തെക്കുറിച്ച് സ്മിത്തിൻ്റെ വാക്കുകൾ വായിക്കാം..
“ഇന്ത്യയിലെതന്നെ ഏറ്റവും പരിചയസമ്പന്നനായ ക്രിക്കറ്റ് താരങ്ങളിൽ ഒരാളായ ദിനേഷ് കാർത്തിക്കിനെ ഇങ്ങനെ ചെയ്തത് എനിക്ക് മനസ്സിലാകുന്നില്ല. ഐപിഎൽ ഒഴിവാക്കിയാൽ തന്നെ ഇന്ത്യക്കുവേണ്ടി എത്ര മത്സരങ്ങൾ കളിച്ചിട്ടുള്ള താരമാണ് ദിനേശ് കാർത്തിക്. കാർത്തിക്കിന് മുൻപ് അക്സറിന് ഇറക്കിയത് ശുദ്ധ അസംബന്ധമാണ്.”- സ്മിത്ത് പറഞ്ഞു.