2024 ട്വന്റി20 ലോകകപ്പിലെ ഫൈനൽ മത്സരത്തിൽ 7 റൺസിന്റെ ആവേശ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ വിരാട് കോഹ്ലിയുടെയും അക്ഷർ പട്ടേലിന്റെയും മികവിൽ 176 റൺസാണ് സ്വന്തമാക്കിയത്. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ദക്ഷിണാഫ്രിക്ക മത്സരത്തിന്റെ പല സമയത്തും ഇന്ത്യയുടെ മുൻപിലായിരുന്നു.
അവസാന 4 ഓവറുകളിൽ 26 മാത്രമായിരുന്നു ദക്ഷിണാഫ്രിക്കയ്ക്ക് വിജയിക്കാൻ വേണ്ടിയിരുന്നത്. എന്നാൽ അവിടെ നിന്ന് ഇന്ത്യയുടെ ബോളർമാർ ശക്തമായ പ്രകടനം കാഴ്ചവച്ച് മത്സരത്തിൽ തിരിച്ചുവരവ് നടത്തുകയുണ്ടായി. ഇന്ത്യയുടെ വിജയത്തിൽ പ്രധാന പങ്കുവഹിച്ചത് ഹർദിക് പാണ്ഡ്യയുടെ അവസാന ഓവറുകൾ ആയിരുന്നു.
മത്സരത്തിന്റെ പതിനേഴാം ഓവർ എറിഞ്ഞ പാണ്ഡ്യ ക്ലാസനെ പുറത്താക്കുകയും ഇന്ത്യയ്ക്ക് ആവശ്യമായ രീതിയിൽ ഓവർ എറിയുകയും ചെയ്തു. പിന്നീട് അവസാന ഓവറിലും മികവ് പുലർത്താൻ ഹർദിക്കിന് സാധിച്ചു. മത്സരത്തിലെ തന്റെ പ്രകടനത്തെപ്പറ്റി ഹർദിക് പാണ്ഡ്യ സംസാരിക്കുകയുണ്ടായി.
ഈ വിജയം തന്നെ സംബന്ധിച്ച് വളരെ വൈകാരിക പരമാണ് എന്ന് ഹർദിക് പാണ്ഡ്യ പറഞ്ഞു. “ഈ വിജയം എനിക്ക് ഒരുപാട് ആഹ്ലാദം സമ്മാനിക്കുന്നു. ഞാൻ ഒരുപാട് വികാരം കൊള്ളുന്നു. കഴിഞ്ഞ കുറച്ച് നാളുകളായി ഞങ്ങൾ നന്നായി തന്നെ കഠിനപ്രയത്നങ്ങൾ നടത്തുന്നുണ്ട്. എന്നാൽ പലപ്പോഴും ചില കാര്യങ്ങൾ ക്ലിക്ക് ആവാറില്ല. പക്ഷേ ഇന്ന് രാജ്യം മുഴുവൻ ഞങ്ങളുടെ വിജയത്തിനായി ആഗ്രഹിച്ചു.”- ഹാർദിക് പാണ്ഡെ പറഞ്ഞു.
“എന്നെ സംബന്ധിച്ച് ഈ വിജയം വളരെ സ്പെഷ്യലാണ്. കഴിഞ്ഞ 6 മാസമായി ഒരുപാട് വലിയ പ്രശ്നങ്ങളിലൂടെ ഞാൻ കടന്നുപോയി. ഇതിനെയൊന്നും സംബന്ധിച്ച് ഞാൻ ഒരു വാക്കുപോലും പറഞ്ഞിരുന്നില്ല. കഠിനമായ പ്രയത്നത്തിൽ ഏർപ്പെട്ടാൽ ഒരു ദിവസം എല്ലാത്തിൽ നിന്ന് തിരിച്ചു വന്ന മികവ് പുലർത്താൻ സാധിക്കുമെന്ന് വിശ്വസിച്ചു. ശേഷമാണ് ഇത്തരമൊരു അവസരം ലഭിക്കുകയും അത് കൂടുതൽ സ്പെഷ്യലാക്കി മാറ്റാൻ സാധിക്കുകയും ചെയ്തത്. ഞങ്ങൾ എല്ലായിപ്പോഴും വിജയം സ്വന്തമാക്കാൻ സാധിക്കും എന്ന് വിശ്വസിച്ചിരുന്നു. കൃത്യമായി തന്ത്രങ്ങൾ പ്രാവർത്തികമാക്കുകയും ശാന്തത തുടരുകയും സമ്മർദ്ദം അവരിലേക്ക് ഏൽപ്പിക്കുകയുമായിരുന്നു ഞങ്ങൾക്ക് ചെയ്യേണ്ടിയിരുന്നത്.”- പാണ്ഡ്യ കൂട്ടിച്ചേർത്തു
“അവസാന 5 ഓവറുകളിലെ മികച്ച പ്രകടനത്തിന്റെ ക്രെഡിറ്റ് ഞാൻ നൽകുന്നത് ബുമ്രയ്ക്കും മറ്റു ബോളർമാർക്കുമാണ്. ഒരുപക്ഷേ ഞാൻ ശാന്തനായില്ലായിരുന്നുവെങ്കിൽ എനിക്ക് മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ അവസാന ഓവറുകളിൽ സാധിക്കുമായിരുന്നില്ല. ഞാൻ എറിഞ്ഞ എല്ലാ പന്തിലും 100% പ്രയത്നം ഞാൻ നൽകുകയുണ്ടായി. സമ്മർദ്ദം വളരെ നന്നായി ആസ്വദിക്കാനും എനിക്ക് സാധിച്ചു. ദ്രാവിഡിന്റെ കാര്യത്തിലും ഞാൻ വളരെ സന്തോഷവാനാണ്. അദ്ദേഹത്തിന് ഒപ്പം പ്രവർത്തിക്കാൻ സാധിച്ചത് എനിക്ക് വലിയ ആഹ്ലാദം നൽകിയിരുന്നു. ഇത്തരത്തിൽ അദ്ദേഹത്തിന് ഒരു യാത്രയയപ്പ് കൊടുക്കാൻ സാധിച്ചതിലും സന്തോഷമുണ്ട്”- പാണ്ഡ്യ പറഞ്ഞുവെക്കുന്നു.