ഹൈദരാബാദിൽ പേരുകേട്ട പാക്കിസ്ഥാൻ ബോളിംഗ് നിരയെ അടിച്ചു തുരത്തി കുശാൽ മെൻഡിസ്. ശ്രീലങ്കയുടെ പാക്കിസ്ഥാനെതിരായ ഏകദിന ലോകകപ്പിലെ മത്സരത്തിലാണ് തകർപ്പൻ ഇന്നിംഗ്സുമായി കുശാൽ മെൻഡിസ് കളം നിറഞ്ഞത്. മത്സരത്തിൽ ഒരു തട്ടുപൊളിപ്പൻ സെഞ്ചുറിയാണ് കുശാൽ മെൻഡിസ് സ്വന്തമാക്കിയത്. വെറും 65 പന്തുകളിൽ നിന്നായിരുന്നു മത്സരത്തിൽ കുശാൽ മെൻഡിസ് തന്റെ സെഞ്ച്വറി പൂർത്തീകരിച്ചത്. പൂർണ്ണമായും പാകിസ്ഥാൻ ബോളർമാർക്കുമേൽ ആധിപത്യം സ്ഥാപിച്ചായിരുന്നു മെൻഡിസിന്റെ ഈ തകർപ്പൻ ഇന്നിംഗ്സ്. തങ്ങളുടെ ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കെതിരെയും കുശൽ മെൻഡിസ് ഇത്തരത്തിൽ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനം കാഴ്ചവച്ചിരുന്നു.
മത്സരത്തിൽ ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച ശ്രീലങ്കയ്ക്ക് വേണ്ടി മൂന്നാമതായാണ് മെൻഡിസ് ക്രീസിലെത്തിയത്. നേരിട്ട ആദ്യ പന്ത് മുതൽ പാക്കിസ്ഥാനുമേൽ ഡോമിനേഷന് തന്നെയാണ് മെൻഡിസ് ശ്രമിച്ചത്. ഹൈദരാബാദിലെ ബാറ്റിംഗിന് അനുകൂലമായ വിക്കറ്റിൽ മുഴുവൻ പാക്കിസ്ഥാൻ ബോളർമാർക്കെതിരെയും മെൻഡിസ് അടിച്ചു തകർക്കുകയുണ്ടായി. പാകിസ്താന്റെ സൂപ്പർ ബോളർമാരായ ഹസൻ അലിയും ഷാഹിൻ അഫ്രീദിയും അടക്കമുള്ളവർ മെഡിസിന്റെ ബാറ്റിന്റെ ചൂടറിഞ്ഞു.
മത്സരത്തിൽ 65 പന്തുകളിൽ നിന്ന് തന്റെ സെഞ്ച്വറി പൂർത്തീകരിക്കാൻ കുശാൽ മെഡിസിന് സാധിച്ചു. ഒരു ശ്രീലങ്കൻ താരത്തിന്റെ ഏകദിന ലോകകപ്പിലെ ഏറ്റവും വേഗമേറിയ സെഞ്ച്വറിയാണ് മെൻഡിസ് മത്സരത്തിൽ നേടിയത്. ഇതിനു ശേഷവും മത്സരത്തിൽ മെൻഡീസ് പാക്കിസ്ഥാൻ ബോളർമാരെ അടിച്ചു തകർക്കുകയുണ്ടായി. എന്നാൽ ഒടുവിൽ ഹസൻ അലിയുടെ പന്തിൽ ഇമാം ഉൾ ഹക്കിന് ക്യാച്ച് നൽകി മെൻഡിസ് കൂടാരം കയറുകയായിരുന്നു. മത്സരത്തിൽ 77 പന്തുകളിൽ 122 റൺസാണ് കുശാൽ മെൻഡിസ് നേടിയത്. 14 ബൗണ്ടറികളും 6 സിക്ക്സറുകളും ഈ തട്ടുപൊളിപ്പൻ ഇന്നിങ്സിൽ ഉൾപ്പെട്ടു.
മത്സരത്തിൽ ശ്രീലങ്കയെ ശക്തമായ ഒരു നിലയിലെത്തിച്ച ശേഷമാണ് മെൻഡീസ് മടങ്ങിയത്. മെൻഡിസ് പുറത്താവുമ്പോൾ ശ്രീലങ്ക 28.5 ഓവറുകളിൽ 218ന് 3 എന്ന നിലയിൽ ആയിരുന്നു. എന്തായാലും ഒരു ശക്തമായ ബാറ്റിംഗ് പ്രകടനം തന്നെയാണ് ശ്രീലങ്ക പാക്കിസ്ഥാന്റെ മുൻപിലേക്ക് വച്ചിരിക്കുന്നത്. എന്നിരുന്നാലും ബാറ്റിംഗിന് അനുകൂലമായ ഹൈദരാബാദ് പിച്ചിൽ എത്ര റൺസ് നേടിയാൽ ശ്രീലങ്കയ്ക്ക് പാക്കിസ്ഥാനെ സമ്മർദ്ദത്തിലാക്കാൻ സാധിക്കും എന്നത് ഒരു ചോദ്യമാണ്. ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കക്കെതിരെ കൂറ്റൻ പരാജയം ഏറ്റുവാങ്ങേണ്ടി വന്ന ശ്രീലങ്കയുടെ ഉയർത്തെഴുന്നേൽപ്പ് മത്സരമാവും ഇത് എന്നാണ് ആരാധകരുടെ പ്രതീക്ഷ.