ഐപിഎൽ പതിനഞ്ചാം സീസണിൽ ഡൽഹി ക്യാപിറ്റൽസിനുവേണ്ടി മികച്ച പ്രകടനമാണ് കുൽദീപ് യാദവ് ഇതുവരെ കാഴ്ചവയ്ക്കുന്നത്. ഈ സീസണിലെ വിക്കറ്റ് വേട്ടക്കാരിൽ മൂന്നാം സ്ഥാനത്താണ് താരം. ഏഴു മത്സരങ്ങളിൽ നിന്ന് 13 വിക്കറ്റ് ആണ് താരം നേടിയിരിക്കുന്നത്.
ഇപ്പോഴിതാ തൻറെ ഈ വിജയത്തിൻ്റെ ക്രെഡിറ്റ് മുഴുവൻ ഡൽഹി ക്യാപിറ്റൽസ് ക്യാപ്റ്റൻ പന്തിന് നൽകിയിരിക്കുകയാണ് താരം. ധോണി ചെയ്തതുപോലെ വിക്കറ്റിന് പിന്നിൽ തനിക്ക് ശരിയായ നിർദ്ദേശങ്ങൾ പന്ത് നൽകുന്നുണ്ടെന്നാണ് യാദവ് തുറന്നുപറഞ്ഞത്.
“സ്റ്റമ്പിന് പുറകിൽ എം എസ് ധോണിയുടെ സ്വഭാവസവിശേഷതകൾ അവൻ കാണിക്കുന്നതായി എനിക്ക് തോന്നുന്നു. അവൻ ശരിയായ നിർദ്ദേശങ്ങൾ നൽകി എന്നെ നന്നായി നയിക്കുന്നു. മൈതാനത്ത് അവൻ വളരെ ശാന്തനാണ്. സ്പിന്നർമാരുടെ വിജയത്തിൽ വിക്കറ്റ് കീപ്പർമാർക്ക് വലിയ പങ്കുണ്ട്. ഈ ഐ പി എല്ലിലെ എൻ്റെ പ്രകടനത്തിൻ്റെ ക്രെഡിറ്റ് റിഷഭ് പന്തിനും അവകാശപെട്ടതാണ്.
ഞങ്ങൾ തമ്മിൽ നല്ല ധാരണയുണ്ട്. കഴിവ് സ്വയം പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യം ലഭിച്ചാൽ പിന്നെ നിങ്ങളുടെ കളി നന്നായി ആസ്വദിക്കുവാൻ കഴിയും. ആദ്യ പരിശീലന സെഷനിൽ റിക്കി പോണ്ടിങുമായി സംസാരിച്ചപ്പോൾ ഞാൻ നന്നായി കളിക്കുന്നുവെന്നും എല്ലാ മത്സരങ്ങളിലും എന്നെ കളിപ്പിക്കാൻ അഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം എന്നോട് പറഞ്ഞു. അദ്ദേഹവുമായുള്ള സംഭാഷണം എന്നെ വളരെയധികം പ്രചോദിപ്പിച്ചു.
ഷെയ്ൻ വാട്സനും എന്നെ ഏറെ സഹായിച്ചു. അദ്ദേഹത്തിനൊപ്പം നാലോളം സെഷനുകളിൽ പ്രവർത്തിക്കാൻ എനിക്ക് സാധിച്ചു. കളിയുടെ മാനസിക വശങ്ങളിൽ അദ്ദേഹം എന്നെ ഏറെ സഹായിച്ചു. ഈ ടീമിൽ ചേരുന്നതിന് മുൻപ് ഞാൻ അനുഭവിച്ച കാര്യങ്ങളെ കുറിച്ച് അദ്ദേഹവുമായി പങ്കുവെച്ചു.”- കുൽദീപ് യാദവ് പറഞ്ഞു.