കഴിഞ്ഞ കുറച്ചു വർഷത്തെ മോശം ഫോമിന് ശേഷം കളിക്കളത്തിലേക്ക് ശക്തമായ തിരിച്ചുവരികയാണ് കുൽദീപ് യാദവ്. വളരെ മികച്ച പ്രകടനം ആണ് ഇത്തവണ താരം കാഴ്ചവയ്ക്കുന്നത്. ഇന്നലെ നടന്ന ഡൽഹി കൊൽക്കത്ത പോരാട്ടത്തിൽ ഡൽഹിക്കു വേണ്ടി നാലു വിക്കറ്റുകളാണ് താരം നേടിയത്.
ഈ സീസണിൽ ഇത് രണ്ടാം തവണയാണ് ഒരു മത്സരത്തിൽ താരം 4 വിക്കറ്റുകൾ നേടുന്നത്. ഈ സീസണിൽ ഡൽഹി ആകെ നാല് മത്സരങ്ങളാണ് വിജയിച്ചിട്ടുള്ളത്. ആ നാല് മത്സരങ്ങളിലും കുൽദീപ് യാദവ് തന്നെയായിരുന്നു മാൻ ഓഫ് ദി മാച്ച്. ഇപ്പോഴിതാ തൻ്റെ സുഹൃത്ത് ചഹലിനെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് കുൽദീപ് യാദവ്.
പർപ്പിൾ ക്യാപ്പ് മത്സരത്തിൽ ഒന്നാം സ്ഥാനത്താണ് ചഹൽ. 18 വിക്കറ്റുകളാണ് താരം ഇതുവരെ സ്വന്തമാക്കിയിട്ടുള്ളത്. രണ്ടാം സ്ഥാനത്ത് കുൽദീപ് യാദവാണ്. താരം സ്വന്തമാക്കിയിട്ടുള്ളത് 17 വിക്കറ്റുകളാണ്. ഇപ്പോഴിതാ പർപ്പിൾ ക്യാപ്പ് ചഹൽ സ്വന്തമാക്കാൻ ആണ് താൻ ആഗ്രഹികുന്നത് എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് കുൽദീപ് യാദവ്.
“ഞങ്ങൾ തമ്മിൽ ഒരു മത്സരം ഇല്ല. അവൻ എനിക്ക് സഹോദരനെപ്പോലെയാണ്. എൻ്റെ കഷ്ടകാലത്ത് കൂടെ നിന്നവൻ ആണ് അവൻ. പർപ്പിൾ ക്യാപ്പ് അവൻ നേടണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. കാരണം കഴിഞ്ഞ നാലു വർഷങ്ങളിൽ അവൻ മികച്ച രീതിയിൽ പന്തെറിയുന്നുണ്ട്. ഞാനൊരു മികച്ച ബൗളറായി മാറിയേക്കാം.
ഞാനിപ്പോൾ മുമ്പത്തേക്കാളും മാനസികമായി ശക്തനാണ്. നമ്മൾ ജീവിതത്തിൽ വീണുപോയാൽ നമ്മൾ എവിടെയാണോ മെച്ചപ്പെടുത്തേണ്ടതുണ്ട് അവിടെ നമ്മൾ മെച്ചപ്പെടണം. ഇപ്പോൾ തോൽക്കുന്നത് എനിക്ക് ഭയമില്ല.”-കുൽദീപ് പറഞ്ഞു.