ഇന്ത്യൻ പ്രീമിയർ ലീഗ് പതിനഞ്ചാം സീസണിൽ ആദ്യത്തെ വിജയത്തിനായി ഇനിയും രോഹിത് ശർമ്മ നായകനായ മുംബൈ ഇന്ത്യൻസ് ടീമിന് കാത്തിരിക്കണം. ഇന്നലെ നടന്ന ലക്ക്നൗവിന് എതിരായ മത്സരത്തിലും തോൽവി വഴങ്ങിയ മുംബൈ ഇന്ത്യൻസ് സീസണിൽ ഇതുവരെ കളിച്ച എട്ടിൽ എട്ടും തോറ്റു. ഇനിയുള്ള ശേഷിക്കുന്ന ആറ് കളികൾ ജയിച്ചാലും മുംബൈ ഇന്ത്യൻസ് പ്ലേഓഫിലേക്ക് യോഗ്യത നേടില്ലെന്ന് ഇന്നലത്തെ തോൽവിയോടെ ഉറപ്പായി.
5 തവണ ഐപിൽ ചാമ്പ്യൻമാരായ മുംബൈ ഇന്ത്യൻസിന്റെ ഈ ഒരു പതനം ഒരുവേള ആരാധകർക്ക് പോലും വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല. ഇന്നലെ അത്യന്തം നാടകീയ നിമിഷങ്ങൾ പിറന്ന മത്സരത്തിൽ മറുപടി ബാറ്റിങ്ങിൽ കൃത്യമായ ഇടവേളകൾ മുംബൈയുടെ വിക്കറ്റുകൾ വീഴ്ത്തിയാണ് ലക്ക്നൗ ടീം ജയവും കയ്യടികളും സ്വന്തമാക്കിയത്.
അവസാന ഓവറുകളിൽ കിറോൺ പൊള്ളാർഡ് ക്രീസിൽ നിൽക്കേ ഒരുവേള മുംബൈ ഇന്ത്യൻസ് ജയം സ്വപ്നം കണ്ടെങ്കിലും പൊള്ളാർഡിനെ വമ്പൻ ഷോട്ടുകൾക്ക് സമ്മതിക്കാതെ ലക്ക്നൗ ജയം പിടിച്ചെടുക്കുകയായിരുന്നു. അവസാന ഓവറിൽ പൊള്ളാർഡിന്‍റെ വിക്കെറ്റ് വീഴ്ത്തിയത് മുൻ മുംബൈ താരമായ കൃനാൾ പാണ്ട്യ.
മത്സരത്തിൽ മനോഹരമായി ബൗൾ ചെയ്ത കൃനാൾ പാണ്ട്യ തന്റെ മുൻ ടീമിനെതിരെ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി. നാല് ഓവറിൽ വെറും 19 റൺസ് വഴങ്ങി മൂന്ന് വിക്കറ്റുകൾ എറിഞ്ഞിട്ട താരം പൊള്ളാർഡിന്‍റെ വിക്കെറ്റ് വീഴ്ത്തിയ ശേഷം താരത്തെ തലയിൽ മുത്തം വെച്ചത് വ്യത്യസ്ത കാഴ്ചയായി മാറി. ഡ്രസ്സിംഗ് റൂമിലേക്ക് മടങ്ങിയ പൊള്ളാർഡ് തലയിലാണ് കൃനാൾ പാണ്ട്യ ചുംബിച്ചത്. നേരത്തെ ലക്നൗ ആദ്യം ബാറ്റ് ചെയ്തപ്പോള്‍ കൃണാലിനെ പുറത്താക്കിയത് പൊള്ളാര്‍ഡ് ആയിരുന്നു.