12 കോടിയിലധികം നൽകാം, കോച്ചാവാമോ. ദ്രാവിഡിനെ സമീപിച്ച് കൊൽക്കത്ത നൈറ്റ് റൈഡഴ്സ്.

384355

2024 ഇന്ത്യൻ പ്രീമിയർ ലീഗിൽ ഒരു അവിസ്മരണീയമായ തിരിച്ചുവരമായിരുന്നു കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീം നടത്തിയത്. മുൻപത്തെ 2 സീസണുകളിലും ഏഴാം നമ്പർ പൊസിഷനിലായിരുന്നു കൊൽക്കത്ത ഫിനിഷ് ചെയ്തത്. എന്നാൽ 2024 സീസണിൽ കൊൽക്കത്ത തങ്ങളുടെ മെന്ററായി ഗൗതം ഗംഭീറിനെ നിയോഗിക്കുകയുണ്ടായി.

ശേഷം ശക്തമായ തിരിച്ചുവരവ് നടത്തി സീസണിൽ കിരീടം സ്വന്തമാക്കാൻ കൊൽക്കത്തക്ക് സാധിച്ചു. എന്നാൽ ഇപ്പോൾ ഇന്ത്യൻ ടീമിന്റെ പരിശീലകനായി ഗംഭീർ മാറിയിരിക്കുകയാണ്. അതിനാൽ തന്നെ ഐപിഎല്ലിൽ കൊൽക്കത്ത ടീമിനെ പരിശീലിപ്പിക്കാൻ ഗംഭീറിന് സാധിക്കില്ല. ഈ സാഹചര്യത്തിൽ തങ്ങളുടെ പുതിയ പരിശീലകനെ അന്വേഷിച്ച് ഇറങ്ങിയിരിക്കുകയാണ് കൊൽക്കത്ത. ഇന്ത്യയുടെ മുൻ പരിശീലകനായ രാഹുൽ ദ്രാവിഡിനെ കൊൽക്കത്തയുടെ കോച്ചാവാൻ ഫ്രാഞ്ചൈസി ക്ഷണിച്ചിട്ടുണ്ട് എന്ന റിപ്പോർട്ടാണ് ഇപ്പോൾ പുറത്തു വരുന്നത്.

2024 ട്വന്റി20 ലോകകപ്പ് രാഹുൽ ദ്രാവിഡിനെ സംബന്ധിച്ച് വളരെ നിർണായകമായ ഒരു ടൂർണമെന്റ് ആയിരുന്നു. മത്സരത്തിൽ എല്ലാത്തരത്തിലും ഇന്ത്യൻ ടീമിനെ അണിയിച്ചൊരുക്കി കിരീടം സ്വന്തമാക്കാൻ ദ്രാവിഡിന് സാധിച്ചു. ശേഷം ജൂൺ 29ന് തന്നെ ദ്രാവിഡ് ഇന്ത്യൻ ടീമിന്റെ പരിശീലകസ്ഥാനം രാജിവെക്കുകയുണ്ടായി. 2024 ലോകകപ്പ് സ്വന്തമാക്കിയതിന് ശേഷം രാഹുൽ ദ്രാവിഡ് മൈതാനത്ത് പറഞ്ഞ ഒരു തമാശ വളരെയധികം ചർച്ചയായിരുന്നു. എന്റെ ജോലി നഷ്ടപ്പെട്ടു എന്നായിരുന്നു ദ്രാവിഡ് തമാശ പറഞ്ഞത്. ഇതിന് പിന്നാലെയാണ് വ്യത്യസ്തമായ ഐപിഎൽ ഫ്രാഞ്ചൈസികൾ രാഹുൽ ദ്രാവിഡിനെ സമീപിച്ചു എന്ന വാർത്ത ന്യൂസ് 18 പുറത്തുവിട്ടത്.

Read Also -  "അതെന്റെ തെറ്റ്, പിച്ച് കൃത്യമായി ജഡ്ജ് ചെയ്യാൻ സാധിച്ചില്ല". രോഹിത്

കൊൽക്കത്ത നൈറ്റ്‌ റൈഡേഴ്‌സാണ് ദ്രാവിഡിനായി അധിക സമ്മർദം ചെലുത്തുന്നത് എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഗംഭീറിന് പകരക്കാരനായി ദ്രാവിഡിനെ കോച്ചായോ മെന്ററായോ തങ്ങളുടെ ടീമിൽ ഉൾപ്പെടുത്താനാണ് കൊൽക്കത്ത ശ്രമിക്കുന്നത്. ഇന്ത്യൻ ടീമിൽ കോച്ചായി തുടരുമ്പോൾ ദ്രാവിഡിന് ലഭിക്കുന്ന പ്രതിഫലത്തേക്കാൾ കൂടുതൽ കൊൽക്കത്ത വാഗ്ദാനം ചെയ്തിട്ടുണ്ട് എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇന്ത്യൻ കോച്ച് ആയിരുന്ന സമയത്ത് ദ്രാവിഡിന്റെ പ്രതിഫലം 12 കോടി രൂപയായിരുന്നു. ഇതിലധികം തുക തങ്ങൾ നൽകാൻ തയ്യാറാണ് എന്ന് കൊൽക്കത്ത ഇതിനോടകം അറിയിച്ചു കഴിഞ്ഞു.

2012ൽ തന്റെ വിരമിക്കൽ പ്രഖ്യാപിച്ചതിന് ശേഷം ദ്രാവിഡ് ഇന്ത്യൻ ക്രിക്കറ്റിന്റെ പരിശീലക രംഗത്ത് വളരെ സജീവമാണ്. 2014- 2015 സീസണുകളിൽ രാജസ്ഥാൻ റോയൽസ് ടീമിന്റെ മെന്ററായി ദ്രാവിഡ് പ്രവർത്തിച്ചിരുന്നു. ശേഷം 2014ൽ ഇന്ത്യൻ ടീമിന്റെ മെന്ററായും ദ്രാവിഡ് എത്തി.

പിന്നീട് ഇന്ത്യയുടെ അണ്ടർ 19 ടീമിന്റെ പരിശീലകനായും ദ്രാവിഡിനെ നിയമിച്ചിരുന്നു. 2018ലെ ടൂർണമെന്റിൽ ഇന്ത്യയുടെ അണ്ടർ 19 ടീമിനെ വിജയത്തിൽ എത്തിക്കാനും ദ്രാവിഡിന് സാധിച്ചിരുന്നു. ശേഷമാണ് ഇന്ത്യ തങ്ങളുടെ ടീമിലേക്ക് ദ്രാവിഡിനെ ക്ഷണിച്ചത്. എന്തായാലും ഐപിഎൽ ഫ്രാഞ്ചൈസികൾ ലോകകപ്പ് വിജയ കോച്ചിനെ വളഞ്ഞിരിക്കുകയാണ്.

Scroll to Top