2024 ഐപിഎല്ലിലെ ആദ്യ ക്വാളിഫയർ മത്സരത്തിൽ ഹൈദരാബാദിനെ തല്ലി തകർത്തു കൊൽക്കത്ത. 8 വിക്കറ്റുകൾക്കാണ് മത്സരത്തിൽ കൊൽക്കത്ത വിജയം സ്വന്തമാക്കിയത്. ഇതോടെ കൊൽക്കത്ത ഫൈനലിലേക്ക് യോഗ്യത നേടിയിട്ടുണ്ട്. കൊൽക്കത്തയ്ക്കായി ബോളിങ്ങിൽ 3 വിക്കറ്റുകളുമായി സ്റ്റാർക്ക് തിളങ്ങിയപ്പോൾ ബാറ്റിംഗിൽ വെങ്കിടേഷ് അയ്യരും ശ്രേയസ് അയ്യരും നെടുംതൂണായി മാറുകയായിരുന്നു. മറുവശത്ത് നിരാശാജനകമായ പരാജയമാണ് ഹൈദരാബാദിന് നേരിട്ടിരിക്കുന്നത്. രാജസ്ഥാനും ബാംഗ്ലൂരും തമ്മിലുള്ള എലിമിനേറ്റർ മത്സരത്തിലെ വിജയികളെ ആവും രണ്ടാം ക്വാളിഫയറിൽ ഹൈദരാബാദ് ഇനി നേരിടേണ്ടത്.
മത്സരത്തിൽ ടോസ് നേടിയ ഹൈദരാബാദ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഹൈദരാബാദിന്റെ ഈ തീരുമാനമാണ് മത്സരത്തിൽ വലിയ പിഴവ് ഉണ്ടാക്കിയത്. വലിയ പ്രതീക്ഷയായിരുന്ന ട്രാവിസ് ഹെഡിന്റെ(0) വിക്കറ്റ് രണ്ടാം പന്തിൽ തന്നെ ഹൈദരാബാദിന് നഷ്ടമായി. ഒപ്പം വെടിക്കെട്ട് ഓപ്പണറായ അഭിഷേക് ശർമയും(3) കൂടാരം കയറിയതോടെ ഹൈദരാബാദ് തകർന്നു. പിന്നീട് നിതീഷ് റെഡിയും(9) ഷഹബാസ് അഹമ്മദും(0) പെട്ടെന്ന് തന്നെ കൂടാരം കയറിയപ്പോൾ 4 വിക്കറ്റ് നഷ്ടത്തിൽ 39 എന്ന നിലയിൽ ഹൈദരാബാദ് തകരുകയായിരുന്നു. പിന്നീടാണ് ത്രിപാതിയും ക്ലാസനും ചേർന്ന് ഭേദപ്പെട്ട ഒരു കൂട്ടുകെട്ട് ഹൈദരാബാദിനായി കെട്ടിപ്പടുത്തത്. ത്രിപാതി മത്സരത്തിൽ 35 പന്തുകളിൽ 55 റൺസാണ് നേടിയത്.
ക്ലാസൻ 21 പന്തുകളിൽ 32 റൺസ് നേടി. എന്നാൽ ഇരുവരും പുറത്തായ ശേഷം ഹൈദരാബാദ് ബാറ്റിംഗ് നിര വീണ്ടും തകർന്നുവീണു. അവസാന ഓവറുകളിൽ ആവശ്യമായ വിക്കറ്റുകൾ കയ്യിലില്ലാതിരുന്നത് ഹൈദരാബാദിനെ ബാധിച്ചു. നായകൻ കമ്മിൻസ് മാത്രമാണ് ഹൈദരാബാദിനായി വാലറ്റത്ത് അല്പമെങ്കിലും പിടിച്ചുനിന്നത്. 24 പന്തുകൾ നേരിട്ട കമ്മിൻസ് 30 റൺസ് മത്സരത്തിൽ നേടി. ഇങ്ങനെയാണ് മത്സരത്തിൽ ഹൈദരാബാദ് ഭേദപ്പെട്ട ഒരു സ്കോറിൽ എത്തിയത്. മത്സരത്തിൽ 159 റൺസാണ് ഹൈദരാബാദ് നേടിയത്. മറുവശത്ത് കൊൽക്കത്തയ്ക്കായി 3 വിക്കറ്റുകൾ സ്റ്റാർക്ക് സ്വന്തമാക്കുകയുണ്ടായി. മറുപടി ബാറ്റിംഗ് ആരംഭിച്ച കൊൽക്കത്ത രണ്ടും കൽപ്പിച്ചാണ് തുടങ്ങിയത്. പവർപ്ലെയിൽ തന്നെ ഹൈദരാബാദിന് മേൽ സമ്മർദം ചെലുത്താൻ കൊൽക്കത്തയ്ക്ക് സാധിച്ചു. ഗുർബാസ് 14 പന്തുകളിൽ 23 റൺസ് നേടിയപ്പോൾ, നരെയൻ 16 പന്തുകളിൽ 21 റൺസാണ് നേടിയത്.
ഇരുവർക്കും ശേഷം ക്രീസിലെത്തിയ വെങ്കിടേഷ് അയ്യരും കൊൽക്കത്തയ്ക്കായി അടിച്ചു തകർത്തു. നായകൻ ശ്രേയസും ക്രീസിലെത്തിയത് മുതൽ വെടിക്കെട്ട് തീർക്കുന്നതാണ് കണ്ടത്. ഇതോടെ മത്സരത്തിൽ അനായാസം കൊൽക്കത്ത വിജയത്തിലേക്ക് നീങ്ങി. മത്സരത്തിൽ വെങ്കിടേഷ് അയ്യർ 28 പന്തുകളിൽ 51 റൺസാണ് നേടിയത്. 5 ബൗണ്ടറികളും 4 സിക്സറുകളും അയ്യറുടെ ഇന്നിംഗ്സിൽ ഉൾപ്പെട്ടു. നായകൻ ശ്രേയസ് അയ്യർ 22 പന്തുകളിൽ 5 ബൗണ്ടറികളും 4 സിക്സറുകളുമടക്കം 58 റൺസും നേടുകയുണ്ടായി. മത്സരത്തിൽ എട്ടു വിക്കറ്റിന്റെ വിജയമാണ് കൊൽക്കത്ത സ്വന്തമാക്കിയത്.