പഞ്ചാബ് കിങ്സിനെ അവസാന ബോളിൽ കെട്ടുകെട്ടിച്ച് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. അവസാന ബോൾ വരെ ആവേശം നീണ്ട മത്സരത്തിൽ 5 വിക്കറ്റുകളുടെ വിജയമാണ് കൊൽക്കത്ത നേടിയത്. ആൻഡ്രെ റസലിന്റെയും റിങ്കൂ സിങ്ങിന്റെയും അവസാന ഓവറുകളിലെ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനമാണ് മത്സരത്തെ കൊൽക്കത്തയെ വിജയത്തിലെത്തിച്ചത്. ഈ വിജയത്തോടെ കൊൽക്കത്തയുടെ പ്ലെയോഫ് സാധ്യതകൾ വർദ്ധിച്ചിട്ടുണ്ട്. നിലവിൽ 2023 ഇന്ത്യൻ പ്രീമിയർ ലീഗിൽ 11 മത്സരങ്ങൾ കളിച്ച കൊൽക്കത്ത 5 വിജയങ്ങളും 6 പരാജയങ്ങളുമായി 10 പോയിന്റുകൾ നേടിയിട്ടുണ്ട്.
ഈഡൻ ഗാർഡൻസിൽ ടോസ് നേടിയ പഞ്ചാബ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. പഞ്ചാബിനായി നായകൻ ശിഖർ ധവാൻ ആദ്യ ഓവറുകൾ മുതൽ ക്രീസിലുറച്ചു. മറുവശത്ത് വിക്കറ്റുകൾ വീണുകൊണ്ടിരുന്നപ്പോഴും ശിഖർ ധവാൻ കുലുങ്ങിയില്ല. മത്സരത്തിൽ 47 പന്തുകളിൽ 57 റൺസായിരുന്നു ധവാന്റെ സമ്പാദ്യം. ഇന്നിംഗ്സിൽ 9 ബൗണ്ടറികളും ഒരു സിക്സറും ഉൾപ്പെട്ടു. ശേഷം ക്രീസിലെത്തിയ മധ്യനിര ബാറ്റർമാരും അവസാന ഓവറുകളിൽ അടിച്ചുതകർത്തതോടെ പഞ്ചാബ് ഭേദപ്പെട്ട സ്കോറിൽ എത്തുകയായിരുന്നു. പഞ്ചാബിനായി മധ്യനിരയിൽ ഋഷി ധവാൻ 11 പന്തുകളിൽ 19 റൺസും, ഷാരൂഖാൻ 8 പന്തുകളിൽ 21 റൺസും, ഹർപ്രിറ്റ് ബ്രാർ 9 പന്തുകളിൽ 17 റൺസും നേടി. ഇതിന്റെ ബലത്തിൽ നിശ്ചിത 20 ഓവറുകളിൽ 179 റൺസ് പഞ്ചാബ് നേടുകയുണ്ടായി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ കൊൽക്കത്തക്ക് കാര്യങ്ങൾ അത്ര എളുപ്പമായിരുന്നില്ല. എന്നിരുന്നാലും പതിവുപോലെ ജെയ്സൺ റോയി പവർപ്ലെയിൽ കൊൽക്കത്തയുടെ രക്ഷകനായി മാറി. റോയ് മത്സരത്തിൽ 24 പന്തുകളിൽ 38 റൺസാണ് നേടിയത്. ഒപ്പം ക്യാപ്റ്റൻ നിതീഷ് റാണയും കൊൽക്കത്തയ്ക്കായി ക്രീസിൽ ഉറച്ചു. റാണ 38 പന്തുകളിൽ 51 റൺസ് നേടി. ആറു ബൗണ്ടറികളും ഒരു സിക്സറും ഉൾപ്പെട്ടു. പക്ഷേ ഇരുവരും പുറത്തായശേഷം കൊൽക്കത്തക്ക് തുടർച്ചയായി വിക്കറ്റുകൾ നഷ്ടമായത് തിരിച്ചടി സൃഷ്ടിക്കുകയുണ്ടായി. ശേഷം കൊൽക്കത്തക്ക് വിജയത്തിനായി മധ്യനിര ബാറ്റർമാരുടെ കയ്യിൽ നിന്ന് ഒരു വമ്പൻ പ്രകടനം തന്നെ ആവശ്യമായി വന്നു.
അവസാന മൂന്ന് ഓവറുകളിൽ 36 റൺസ് ആയിരുന്നു കൊൽക്കത്തയ്ക്ക് വിജയിക്കാൻ വേണ്ടിയിരുന്നത്. മത്സരം പൂർണമായും റസലിന്റെയും റിങ്കൂ സിങ്ങിന്റെയും കയ്യിൽ തന്നെയായിരുന്നു. ഇരുവരും അവസാന ഓവറുകളിൽ അടിച്ചു തകർക്കുകയായിരുന്നു. 19 ആം ഓവറിൽ സാം കരനെതിരെ റസൽ മൂന്ന് സിക്സറുകൾ നേടി. ഇതോടെ മത്സരം കൊൽക്കത്തയുടെ കൈയിലായി. അവസാന ഓവറിൽ 7 റൺസായിരുന്നു കൊൽക്കത്തക്ക് വേണ്ടിയിരുന്നത്. പക്ഷേ അർഷദീപ് സിംഗ് കൃത്യത കാട്ടിയതോടെ അവസാന ബോൾ വരെ മത്സരം നീളുകയായിരുന്നു. അവസാന പന്തിൽ രണ്ട് റൺസ് വേണമെന്നിരിക്കെ റിങ്കു ഒരു ബൗണ്ടറി നേടി മത്സരം ഫിനിഷ് ചെയ്തു. മത്സരത്തിൽ റസൽ 23 പന്തുകളിൽ 44 റൺസ് നേടിയപ്പോൾ, റിങ്കു സിംഗ് 10 പന്തുകളിൽ 21 റൺസാണ് നേടിയത്.