“ഫൈനലിൽ കോഹ്ലിയുടെ ഫോം ഇന്ത്യയെ ബാധിക്കില്ല “. കോഹ്ലി രാജാവാണെന്ന് ശ്രീകാന്ത്

2024 ട്വന്റി20 ലോകകപ്പിൽ അപരാജിതമായ കുതിപ്പാണ് ഇന്ത്യ തുടരുന്നത്. ഇതുവരെ പരാജയം അറിയാതെയാണ് ഇന്ത്യ ലോകകപ്പിന്റെ ഫൈനലിൽ ഇടം പിടിച്ചിട്ടുള്ളത്. എന്നാൽ ഫൈനൽ മത്സരത്തിലും ഇന്ത്യയെ അലട്ടുന്ന ഒന്നാണ് ഓപ്പണർ വിരാട് കോഹ്ലിയുടെ മോശം ഫോം.

ഇതുവരെയുള്ള ലോകകപ്പുകളിലൊക്കെയും മികവാർന്ന പ്രകടനങ്ങളായിരുന്നു കോഹ്ലി കാഴ്ച വെച്ചിട്ടുള്ളത്. മാത്രമല്ല ഇന്ത്യൻ പ്രീമിയർ ലീഗിൽ മികച്ച പ്രകടനങ്ങൾക്ക് ശേഷമാണ് കോഹ്ലി ലോകകപ്പിലേക്ക് എത്തിയത്. എന്നാൽ ലോകകപ്പിൽ കോഹ്ലി തീർത്തും പരാജയപ്പെടുന്നതാണ് കാണാൻ സാധിച്ചത്. പക്ഷേ കോഹ്ലിയുടെ ഈ മോശം ഫോം ഇന്ത്യയെ യാതൊരു തരത്തിലും ഫൈനലിൽ മത്സരത്തിൽ ബാധിക്കില്ല എന്നാണ് മുൻ ഇന്ത്യൻ താരം ക്രിസ് ശ്രീകാന്ത് പറഞ്ഞിരിക്കുന്നത്.

ഇതുവരെ ഈ ലോകകപ്പിൽ 7 ഇന്നിങ്സുകളിൽ നിന്ന് കേവലം 75 റൺസ് മാത്രമാണ് വിരാട് കോഹ്ലിക്ക് നേടാൻ സാധിച്ചത്. 10.71 എന്ന ശരാശരിയിലാണ് കോഹ്ലി മുൻപോട്ട് പോകുന്നത്. മാത്രമല്ല 100 എന്ന മോശം സ്ട്രൈക്ക് റേറ്റാണ് കോഹ്ലിയ്ക്ക് ഉള്ളത്. ബംഗ്ലാദേശിനെതിരായ മത്സരത്തിൽ 28 പന്തുകളിൽ 37 റൺസ് നേടിയ ഇന്നിങ്സ് മാത്രമാണ് കോഹ്ലിക്ക് ഈ ലോകകപ്പിൽ എടുത്തു പറയാനുള്ളത്.

അഫ്ഗാനിസ്ഥാനെതിരെ 24 റൺസ് സ്വന്തമാക്കാനും കോഹ്ലിക്ക് സാധിച്ചിരുന്നു. എന്നാൽ ഇത് ഒഴിച്ച് നിർത്തിയാൽ വളരെ മോശം ഇന്നിംഗ്സുകളാണ് കോഹ്ലി കാഴ്ചവച്ചത്. 1, 4, 0, 0, 9 എന്നിങ്ങനെയാണ് കോഹ്ലി ബാക്കിയുള്ള ഇന്നിംഗ്സുകളിൽ നേടിയിട്ടുള്ളത്.

എന്നാൽ ഈ മോശം ഫോം തുടരുമ്പോഴും കോഹ്ലിയുടെ ഫോം ഇന്ത്യയ്ക്ക് ആശങ്ക ഉണ്ടാക്കുന്നില്ല എന്നാണ് ശ്രീകാന്ത് പറഞ്ഞിരിക്കുന്നത്. കാരണം കോഹ്ലി രാജാക്കന്മാരുടെ രാജാവാണ് എന്ന് ശ്രീകാന്ത് പറയുന്നു. ഇത് ആദ്യമായാണ് കോഹ്ലി ട്വന്റി20 ലോകകപ്പിൽ ഇന്നീങ്‌സ് ഓപ്പൺ ചെയ്യുന്നത്. എന്നാൽ പുതിയ റോളിനനുസരിച്ച് മാറാൻ കോഹ്ലിക്ക് ഇതുവരെ സാധിച്ചിട്ടില്ല. ഇന്ത്യ മധ്യനിരയിൽ ശിവം ദുബെയെ നിയോഗിച്ചതിന് ശേഷമായിരുന്നു കോഹ്ലിയ്ക്ക് മുൻനിരയിലേക്ക് പ്രമോഷൻ നൽകിയത്. “കോഹ്ലി വലിയ സ്കോറുകൾ കണ്ടെത്താത്തത് ഇന്ത്യയെ സംബന്ധിച്ച് യാതൊരു തരത്തിലും ഒരു പ്രശ്നമല്ല. കാരണം അവൻ രാജാക്കന്മാരുടെ രാജാവാണ്. “- ശ്രീകാന്ത് സ്റ്റാർ സ്പോർട്സിൽ പറഞ്ഞു.

ശക്തമായ ഒരു ഫൈനൽ പോരാട്ടം തന്നെയാണ് ഇന്ന് നടക്കാൻ പോകുന്നത്. ഇതുവരെ പരാജയം അറിയാതെയാണ് ഇന്ത്യയും ദക്ഷിണാഫ്രിക്കയും ഫൈനൽ മത്സരത്തിന് ഇറങ്ങിയിട്ടുള്ളത്. അതുകൊണ്ടു തന്നെ മത്സരത്തിൽ ആര് വിജയം സ്വന്തമാക്കുമെന്ന രീതിയിലുള്ള പ്രവചനങ്ങൾ അർത്ഥമുള്ളതല്ല. ബാർബഡോസിലെ പിച്ചിന്റെ സാഹചര്യങ്ങൾ മനസ്സിലാക്കി തങ്ങളുടെ മത്സരം പുറത്തെടുക്കുന്ന ടീം മാത്രമാവും വിജയം സ്വന്തമാക്കുക. എന്തായാലും വലിയ ആത്മവിശ്വാസത്തിൽ തന്നെയാണ് ഇന്ത്യ.

Previous article“റിവേഴ്സ് സ്വിങിനെപറ്റി രോഹിത് ഞങ്ങളെ പഠിപ്പിക്കേണ്ട “. വീണ്ടും ഇൻസമാം രോഹിതിനെതിരെ രംഗത്ത്.
Next article“2011 ലോകകപ്പിൽ ധോണിയും ഫോമിലായിരുന്നില്ല. പക്ഷേ ഫൈനലിൽ. ” – കോഹ്ലിയ്ക്ക് ഉപദേശവുമായി കൈഫ്‌.