2024 ഇന്ത്യൻ പ്രീമിയർ ലീഗിലെ മികച്ച പ്രകടനങ്ങൾക്ക് ശേഷമായിരുന്നു വിരാട് കോഹ്ലി ലോകകപ്പിലേക്ക് എത്തിയത്. എന്നാൽ ലോകകപ്പിൽ കോഹ്ലി തുടരെ പരാജയപ്പെടുന്നതാണ് പിന്നീട് കണ്ടത്. കഴിഞ്ഞ 3 മത്സരങ്ങളിലും ഇന്ത്യക്കായി മികച്ച പ്രകടനം പുറത്തെടുക്കാൻ കോഹ്ലിയ്ക്ക് സാധിച്ചില്ല.
അമേരിക്കയ്ക്ക് എതിരായ മത്സരത്തിൽ ഗോൾഡൻ ഡക്കായാണ് കോഹ്ലി പുറത്തായത്. ഇതിന് ശേഷം കോഹ്ലിയുടെ ബാറ്റിംഗ് പൊസിഷൻ സംബന്ധിച്ച് വലിയ രീതിയിലുള്ള ചർച്ചകളും വരികയുണ്ടായി. എന്നാൽ കോഹ്ലി ഉടൻതന്നെ തന്റെ ഫോമിലേക്ക് തിരികെ എത്തുമെന്നാണ് ഇന്ത്യൻ താരം ശിവം ദുബെ പറയുന്നത്. ഒരു സെഞ്ച്വറിയുമായി കോഹ്ലി മടങ്ങി വരുമെന്നാണ് ദുബെ കരുതുന്നത്.
2024 ഐപിഎല്ലിൽ 15 ഇന്നിങ്സുകളിൽ നിന്ന് 741 റൺസാണ് വിരാട് കോഹ്ലി സ്വന്തമാക്കിയത്. പക്ഷേ ലോകകപ്പിലെ ആദ്യ മത്സരത്തിൽ അയർലണ്ടിനെതിരെ ഒരു റൺ മാത്രമാണ് കോഹ്ലിക്ക് നേടാൻ സാധിച്ചത്. ശേഷം പാകിസ്ഥാനെതിരെ നടന്ന മത്സരത്തിൽ 4 റൺസ് കോഹ്ലി സ്വന്തമാക്കി. പിന്നീടാണ് ഗോൾഡൻ ഡക്കായി കോഹ്ലി പുറത്തായത്.
ഇതിന് ശേഷമാണ് ദുബെ ഇപ്പോൾ തന്റെ അഭിപ്രായം പ്രകടിപ്പിച്ച് രംഗത്ത് എത്തിയിരിക്കുന്നത്. ഏത് പ്രതിസന്ധി ഘട്ടങ്ങളിൽ നിന്നും വളരെ ശക്തമായി തിരിച്ചുവരാൻ സാധിക്കുന്ന താരമാണ് വിരാട് കോഹ്ലി എന്ന ദുബെ പറയുകയുണ്ടായി. അതിനാൽ വരും മത്സരങ്ങളിൽ കോഹ്ലിയിൽ നിന്ന് സെഞ്ച്വറി പോലും താൻ പ്രതീക്ഷിക്കുന്നു എന്നാണ് ദുബെ പറഞ്ഞത്.
“വിരാട് കോഹ്ലിയെ പറ്റി ഒന്നുംതന്നെ പറയാൻ ഞാൻ ഇപ്പോൾ ആഗ്രഹിക്കുന്നില്ല. കാരണം അദ്ദേഹം ഒരു ലോകനിലവാരമുള്ള കളിക്കാരനാണ്. ഇപ്പോൾ കോഹ്ലി തന്റെ പ്രകടനത്തിൽ അല്പം പിന്നിലേക്ക് പോകുന്നുണ്ട് എന്നത് യാഥാർത്ഥ്യമാണ്. പക്ഷേ വളരെ ശക്തമായി തന്നെ തിരിച്ചു വരാൻ കോഹ്ലിയ്ക്ക് സാധിക്കുമെന്ന് ഞാൻ കരുതുന്നു. വരും മത്സരങ്ങളിൽ കോഹ്ലി ഒരു സെഞ്ച്വറിയോടെ തന്നെ തിരിച്ചു വരും എന്നാണ് ഞാൻ കരുതുന്നത്. എത്ര മികച്ച രീതിയിലാണ് അദ്ദേഹം ബാറ്റ് ചെയ്യുന്നത് എന്ന് നമുക്കറിയാം.”- ദുബെ പറയുന്നു.
ട്വന്റി20 ലോകകപ്പിൽ വളരെ മികച്ച റെക്കോർഡുകളുള്ള താരമാണ് വിരാട് കോഹ്ലി. ഇതുവരെ ലോകകപ്പിൽ 28 മത്സരങ്ങൾ കളിച്ച കോഹ്ലി 1146 റൺസ് സ്വന്തമാക്കിയിട്ടുണ്ട്. 67.41 എന്ന ശരാശരിയിലാണ് കോഹ്ലിയുടെ പ്രകടനം. മാത്രമല്ല 2014 ലോകകപ്പിലും 2016 ലോകകപ്പിലും ടൂർണമെന്റിലെ താരമായി മാറിയതും വിരാട് കോഹ്ലി തന്നെയായിരുന്നു. അതിനാൽ വിരാട് കോഹ്ലി ടീമിൽ മികച്ച ഫോം വീണ്ടെടുക്കേണ്ടത് ഇന്ത്യയുടെ ആവശ്യമാണ്. സൂപ്പർ എട്ടിൽ വമ്പന്മാർക്കെതിരെയാണ് ഇന്ത്യയ്ക്ക് പോരാട്ടം നയിക്കാനുള്ളത്. ഈ സാഹചര്യത്തിൽ കോഹ്ലിയുടെ സാന്നിധ്യം ഇന്ത്യയ്ക്ക് നിർണായകമാണ്.