2024 ട്വന്റി20 ലോകകപ്പ് ആരംഭിക്കാൻ കേവലം ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. ലോകകപ്പിനുള്ള ഇന്ത്യയുടെ പ്ലെയിങ് ഇലവനെ തെരഞ്ഞെടുത്തുകൊണ്ട് രംഗത്തെത്തുകയാണ് നിലവിൽ മുൻ താരങ്ങളൊക്കെയും. വിരാട് കോഹ്ലിയെയും രോഹിത് ശർമയെയും ടീമിന്റെ മുൻനിരയിൽ ഉൾപ്പെടുത്തിയാണ് പല താരങ്ങളും തങ്ങളുടെ പ്ലെയിങ് ഇലവൻ തിരഞ്ഞെടുത്തിരിക്കുന്നത്.
രോഹിത്തും ജയസ്വാളും ഇന്ത്യയ്ക്കായി ഓപ്പണിങ് ഇറങ്ങണമെന്നും കോഹ്ലി മൂന്നാം നമ്പരിൽ എത്തണമെന്നുമാണ് മുൻ താരങ്ങളുടെ അഭിപ്രായം. എന്നാൽ ഇതിൽ നിന്ന് വ്യത്യസ്തമായ അഭിപ്രായവുമായാണ് ഇപ്പോൾ മുൻ ഓസ്ട്രേലിയൻ താരം മാത്യു ഹെയ്ഡൻ രംഗത്ത് വന്നിരിക്കുന്നത്. ഇന്ത്യക്കായി രോഹിത് ശർമ ലോകകപ്പിൽ നാലാം നമ്പറിൽ കളിക്കണമെന്ന പുതിയ ആശയമാണ് ഹെയ്ഡൻ മുൻപിലേക്ക് വെച്ചിരിക്കുന്നത്.
പവർപ്ലേ ഓവറുകളിൽ പൂർണ്ണമായും ഇന്ത്യക്കായി വെടിക്കെട്ട് തീർക്കാൻ സാധിക്കുന്ന താരമാണ് വിരാട് കോഹ്ലി എന്ന് ഹെയ്ഡൻ വിശ്വസിക്കുന്നു. അതിനാൽ കോഹ്ലി ജയസ്വാളിനൊപ്പം ഓപ്പണിങ് ഇറങ്ങണമെന്നാണ് ഹെയ്ഡൻ പറയുന്നത്. ശേഷം മൂന്നാം നമ്പരിൽ ഇന്ത്യയുടെ വെടിക്കെട്ട് താരമായ സൂര്യകുമാർ യാദവ് ക്രീസിലെത്തണമെന്ന് ഹെയ്ഡൻ കരുതുന്നു. ഇവർക്ക് ശേഷം നാലാം നമ്പറിലാവണം രോഹിത് ഇന്ത്യക്കായി ഇറങ്ങേണ്ടത് എന്നാണ് ഹെയ്ഡൻ പറയുന്നത്.
നാലാം നമ്പറിലെ രോഹിത്തിന്റെ റെക്കോർഡുകൾ ഏറ്റവും മികച്ചത് തന്നെയാണ് എന്ന് ഹെയ്ഡൻ ആവർത്തിക്കുകയുണ്ടായി. പക്ഷേ ഹെയ്ഡന്റെ ഈ പരാമർശത്തെ വിമർശിച്ചു കൊണ്ടും പല മുൻ താരങ്ങളും രംഗത്ത് വരികയുണ്ടായി.
“നിലവിലുള്ള കോമ്പിനേഷനുകളിൽ വലിയൊരു ചേഞ്ച് ഉണ്ടാക്കാൻ ശ്രമിക്കുന്നുണ്ടെങ്കിൽ, ഞാൻ അതിൽ വലിയ സന്തോഷവാനായിരിക്കും. എന്നെ സംബന്ധിച്ച് ജയസ്വാളിനൊപ്പം വിരാട് കോഹ്ലി തന്നെയാണ് ഇന്ത്യക്കായി ഓപ്പണിങ് ഇറങ്ങേണ്ടത്. അങ്ങനെയൊരു ഓപ്ഷൻ മുന്നിലേക്ക് വന്നാൽ ഞാൻ ഉറപ്പായും അത് ശരി വയ്ക്കും. ശേഷം മൂന്നാം നമ്പരിൽ സൂര്യകുമാർ യാദവ് ക്രീസിലെത്തണം എന്നാണ് ഞാൻ കരുതുന്നത്.”
”അങ്ങനെയെങ്കിൽ രോഹിത് നാലാം നമ്പറിൽ ഇറങ്ങണം. ഇതായിരിക്കണം ഇന്ത്യയുടെ ലോകകപ്പിലെ ആദ്യ 4. ഇതാണ് കൃത്യമായ കോമ്പിനേഷൻ. ആദ്യ 6 ഓവറുകളിൽ ഇന്ത്യയുടെ മാസ്റ്ററാണ് വിരാട് കോഹ്ലി. അതിനാലാണ് കോഹ്ലിയെ ഓപ്പണിങ് ഇറക്കണം എന്ന് ഞാൻ പറയുന്നത്. മാത്രമല്ല പവർ ഹിറ്റിങ്ങിലേക്ക് എത്തുമ്പോൾ ഇന്ത്യയ്ക്ക് രോഹിത് ശർമ അടക്കമുള്ള ബാറ്റർമാരുമുണ്ട്. നാലാം നമ്പറിൽ രോഹിത് ശർമ വെടിക്കെട്ട് പ്രകടനങ്ങളാണ് പുറത്തെടുത്തിട്ടുള്ളത്. ഓപ്പണിങ് ഇറങ്ങുമ്പോഴുള്ള രോഹിത്തിന്റെ റെക്കോർഡിനേക്കാൾ ഒരുപാട് മികച്ചതാണ് നാലാം നമ്പറിലെ പ്രകടനം.”- ഹെയ്ഡൻ പറയുന്നു.
ഇതുവരെ ഇന്ത്യക്കായി ട്വന്റി20 ക്രിക്കറ്റിൽ 151 മത്സരങ്ങൾ രോഹിത് ശർമ കളിച്ചിട്ടുണ്ട്. ഇതിൽ നിന്ന് 3974 റൺസാണ് രോഹിത് നേടിയിട്ടുള്ളത്. ഓപ്പണിംഗ് പൊസിഷനിൽ നിന്ന് മാറി 27 ഇന്നിംഗ്സുകളിൽ രോഹിത് ബാറ്റ് ചെയ്തിട്ടുണ്ട്. ഇതിൽ നിന്ന് 5 അർത്ഥ സെഞ്ചുറികൾ അടക്കം 481 റൺസ് സ്വന്തമാക്കാൻ രോഹിത്തിന് സാധിച്ചിട്ടുണ്ട്. ഇതുവരെ ഇന്ത്യക്കായി നാലാം നമ്പറിൽ 8 ഇന്നിങ്സുകളിലാണ് രോഹിത് ബാറ്റ് ചെയ്തിട്ടുള്ളത്. നാലാം നമ്പറിൽ 188 റൺസ് ആണ് രോഹിത്തിന്റെ സമ്പാദ്യം. എന്നാൽ ഈ ലോകകപ്പിൽ ഇന്ത്യ ഇത്തരമൊരു പരീക്ഷണത്തിന് മുതിരാനുള്ള സാധ്യത വളരെ കുറവാണ്.