കോഹ്ലി ഇക്കാര്യം ചെയ്യണം. നിര്‍ദ്ദേശവുമായി ദിനേശ് കാർത്തിക്ക്.

ടെസ്റ്റ് ക്രിക്കറ്റിൽ 2020ന് ശേഷം വളരെ മോശം പ്രകടനമാണ് ഇന്ത്യയുടെ സൂപ്പർ താരം വിരാട് കോഹ്ലി കാഴ്ചവെച്ചിട്ടുള്ളത്. 2012 മുതൽ 2019 വരെ തന്റെ കരിയറിൽ മികച്ച പ്രകടനങ്ങളുമായി ഇന്ത്യൻ ടീമിന്റെ സൂപ്പര്‍ താരാമായി മാറാൻ കോഹ്ലിയ്ക്ക് സാധിച്ചിരുന്നു.

പക്ഷേ അതിന് ശേഷം കോഹ്ലി തന്റെ ബാറ്റിംഗിൽ അല്പം പിന്നിലേക്ക് പോകുന്നതാണ് കാണുന്നത്. അവസാന 4 വർഷങ്ങളിലെ കോഹ്ലിയുടെ ടെസ്റ്റ് പ്രകടനങ്ങൾ എടുത്ത് പരിശോധിച്ചാൽ കേവലം 2 സെഞ്ചുറികൾ മാത്രമാണ് സ്വന്തമാക്കാൻ സാധിച്ചത്. ഈ 2 സെഞ്ച്വറികളും പിറന്നത് 2023ലാണ്. ഇതല്ലാതെ എടുത്തു പറയാൻ സാധിക്കുന്ന ഒരു ഇന്നിങ്സ് പോലും കോഹ്ലി കഴിഞ്ഞ വർഷങ്ങളിൽ ടെസ്റ്റ് ക്രിക്കറ്റിൽ കളിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ കോഹ്ലി എന്താണ് ചെയ്യേണ്ടത് എന്ന് ബോധിപ്പിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ദിനേശ് കാർത്തിക്.

“വിരാട് കോഹ്ലിയ്ക്ക് കാര്യങ്ങൾ അത്ര അനായാസമല്ല. ഈ പരമ്പര അദ്ദേഹത്തിന് അത്ര മികച്ചത് ആയിരുന്നില്ല. പരമ്പരയിൽ കളിച്ച 4 ഇന്നിങ്സുകളിൽ മൂന്നെണ്ണത്തിലും കോഹ്ലി നിരാശപ്പെടുത്തുകയുണ്ടായി. എല്ലാ ഇന്നിംഗ്സുകളിലും സ്പിന്നർമാരാണ് കോഹ്ലിയെ സമ്മർദ്ദത്തിലാക്കിയത്. എന്റെ അഭിപ്രായത്തിൽ കോഹ്ലി കൃത്യമായി തന്റെ ബലഹീനത മനസ്സിലാക്കുകയും, പിന്നീട് ശക്തമായി തിരിച്ചുവരുകയും ചെയ്യണം. അവൻ എല്ലായിപ്പോഴും ഉത്തരങ്ങൾ തേടുന്ന താരമാണ്. ഈ ലെവലിൽ ഒരു സൂപ്പർസ്റ്റാറായി നിൽക്കുമ്പോൾ ഇത്തരം വെല്ലുവിളികൾ ഉണ്ടാവാം. അതിനെ അതിജീവിക്കാനും കോഹ്ലിയ്ക്ക് സാധിക്കും. വരും മത്സരങ്ങളിലും സ്പിന്നിന് അനുകൂലമായ പിച്ചുകളിലാണ് ഇന്ത്യ കളിക്കാൻ ഒരുങ്ങുന്നത്.”- കാർത്തിക് പറയുന്നു.

“കോഹ്ലിയ്ക്ക് എത്ര മികച്ച പ്രകടനം കാഴ്ചവെക്കാൻ സാധിക്കുമെന്ന് നമുക്ക് അറിയാം. പക്ഷേ ഈ പരമ്പരയിൽ അതൊന്നും തന്നെ കാണാൻ സാധിച്ചില്ല. ആരാധകർ പറയുന്നതുപോലെ ഒരുപാട് നാൾ ഇത്തരം ഒരു മോശം ഫോമിൽ വിരാട് കോഹ്ലി തുടരില്ല. കോഹ്ലിയുടെ മോശം ഫോമിനെ ഒരിക്കലും ലഘൂകരിക്കാനും നമുക്ക് സാധിക്കില്ല. കഴിഞ്ഞ 2-3 വർഷങ്ങളിൽ അത്ര മികച്ച പ്രകടനങ്ങളല്ല അവൻ കാഴ്ചവച്ചത്. സ്പിന്നർമാർക്കെതിരെയാണ് പ്രധാനമായിട്ടും കോഹ്ലിയ്ക്ക് പ്രശ്നങ്ങൾ ഉണ്ടാകുന്നത്. ഇപ്പോൾ കോഹ്ലി ചെയ്യേണ്ടത് തിരികെ ആഭ്യന്തര ക്രിക്കറ്റിലേക്ക് പോവുക എന്നതാണ്. അവിടെ ചെന്ന് കൃത്യമായി തന്നെ കാര്യങ്ങൾ മനസ്സിലാക്കണം. ഇടങ്കയ്യൻ സ്പിന്നർമാരാണ് കോഹ്ലിയ്ക്ക് വലിയ ഭീഷണി സൃഷ്ടിച്ചത്. ഇതിനെതിരെ പരിഹാരം കണ്ടെത്തണം.”- കാർത്തിക് കൂട്ടിച്ചേർക്കുന്നു.

ന്യൂസിലാൻഡിനെതിരെ നടക്കുന്ന പരമ്പരയിൽ കോഹ്ലിക്ക് 4 ഇന്നിംഗ്സുകളിൽ നിന്ന് കേവലം 88 റൺസ് മാത്രമാണ് നേടാൻ സാധിച്ചത്. ഇതിൽ 70 റൺസ് പിറന്നതും ആദ്യ ടെസ്റ്റ് മത്സരത്തിലാണ്. ബാക്കി 3 ഇന്നിംഗ്സുകളിലും കോഹ്ലി അമ്പേ പരാജയപ്പെട്ടു.

എന്നാൽ കിവികൾക്കെതിരായ അവസാന ടെസ്റ്റ് മത്സരത്തിൽ ശക്തമായ ഒരു തിരിച്ചുവരവിന് തന്നെയാണ് കോഹ്ലി ശ്രമിക്കുന്നത്. ഇതിന് ശേഷം ഇന്ത്യയ്ക്ക് വരാനിരിക്കുന്നത് ഓസ്ട്രേലിയക്കെതിരായ ബോർഡർ- ഗവാസ്കർ ട്രോഫിയാണ്. നിലവിൽ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിലെത്താൻ ഈ പരമ്പരയിൽ ഒരു വലിയ വിജയം ഇന്ത്യയ്ക്ക് ആവശ്യമാണ്.

Previous articleഞാൻ നേരിട്ട ഏറ്റവും മികച്ച ബോളർ അവനാണ്. ഇന്ത്യൻ പേസറുടെ പേര് പറഞ്ഞ് ഗ്ലേന്‍ മാക്സ്വൽ.
Next article“ഇന്ത്യൻ താരങ്ങൾ പേപ്പറിലെ പുലികൾ, സ്കൂൾ കുട്ടികളുടെ നിലവാരം”, പരിഹാസവുമായി പാക് താരം.