നിലവിൽ ഇന്ത്യൻ ബാറ്റിംഗ് നിരയുടെ നട്ടെല്ലാണ് വിരാട് കോഹ്ലി. യുവ താരങ്ങൾക്കൊപ്പം മുൻനിരയിൽ അടിച്ചു തകർക്കാൻ കോഹ്ലിയ്ക്ക് സാധിക്കാറുണ്ട്. ഇപ്പോൾ കോഹ്ലിയെയും അവന്റെ ഫിറ്റ്നസിനെയും അങ്ങേയറ്റം പുകഴ്ത്തി രംഗത്ത് എത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ഹർഭജൻ സിംഗ്.
ഒപ്പം രോഹിത് ശർമയുടെയും കോഹ്ലിയുടെയും ഇന്ത്യൻ ക്രിക്കറ്റിലെ ഭാവിയെപ്പറ്റിയും യുവതാരങ്ങളുടെ കടന്നുവരവിനെ പറ്റിയും ഹർഭജൻ സിംഗ് സംസാരിക്കുകയുണ്ടായി. ഫിറ്റ്നസിൽ അങ്ങേയറ്റം മുകളിലാണ് വിരാട് കോഹ്ലി എന്ന് ഹർഭജൻ സിംഗ് പറഞ്ഞു. അതിനാൽ തന്നെ കുറഞ്ഞത് 5 വർഷങ്ങൾ കൂടിയെങ്കിലും കോഹ്ലിയ്ക്ക് ഇന്ത്യൻ ടീമിൽ കളിക്കാൻ സാധിക്കും എന്നാണ് ഹർഭജൻ സിംഗ് വിശ്വസിക്കുന്നത്.
മറുവശത്ത് രോഹിത് ശർമയുടെ ഫിറ്റ്നസിനെ സംബന്ധിച്ചും ഹർഭജൻ സന്തോഷവാനാണ്. വരുന്ന 2 വർഷങ്ങളിൽ ഇന്ത്യയ്ക്കായി ഉറപ്പായും രോഹിത്തിനും കളിക്കാൻ സാധിക്കുമെന്ന് ഹർഭജൻ കരുതുന്നു. പിടിഐ ന്യൂസിന് കൊടുത്ത അഭിമുഖത്തിലാണ് ഹർഭജൻ ഇക്കാര്യം പറഞ്ഞത്.
“രോഹിത് ശർമയ്ക്ക് അനായാസം അടുത്ത 2 വർഷങ്ങളിൽ ഇന്ത്യയ്ക്കായി കളിക്കാൻ സാധിക്കും. വിരാട് കോഹ്ലിയുടെ ഫിറ്റ്നസിനെ സംബന്ധിച്ച് പറയേണ്ട കാര്യമില്ല. ഉറപ്പായും അടുത്ത 5 വർഷങ്ങളിൽ കോഹ്ലി മത്സര രംഗത്ത് ഉണ്ടായിരിക്കും. നിലവിൽ ഇന്ത്യൻ ടീമിലെ ഏറ്റവും ഫിറ്റായ താരം വിരാട് കോഹ്ലിയാണ്.”- ഹർഭജൻ പറഞ്ഞു.
“നിങ്ങൾ 19 വയസ്സുകാരനായ ഏതെങ്കിലും ഒരു താരത്തെ വിരാട് കോഹ്ലിയുമായി മത്സരിപ്പിക്കുക. വിരാട് എന്തായാലും ആ താരത്തെ പരാജയപ്പെടുത്തും. കാരണം അത്രമാത്രം ഫിറ്റാണ് വിരാട് കോഹ്ലിയുടെ ശരീരം. ഇപ്പോഴും ഇന്ത്യൻ ടീമിൽ രോഹിത് ശർമയ്ക്കും വിരാട് കോഹ്ലിക്കും ഒരുപാട് ക്രിക്കറ്റ് ബാക്കിയുണ്ട് എന്നാണ് ഞാൻ വിശ്വസിക്കുന്നത്. ഇത് പൂർണ്ണമായും അവർക്ക് മാത്രം പറയാൻ സാധിക്കുന്ന കാര്യമാണ്. എന്നിരുന്നാലും അവർ ഇത്തരത്തിൽ ഫിറ്റ്നസ് കാത്തുസൂക്ഷിക്കുകയും, മികച്ച പ്രകടനങ്ങൾ ടീമിനായി പുറത്തെടുക്കുകയും, ടീം വിജയം സ്വന്തമാക്കുകയും ചെയ്യുകയാണെങ്കിൽ അവർക്ക് ഇനിയും ടീമിൽ കളിക്കുന്നത് തുടരാം.”- ഹർഭജൻ സിംഗ് കൂട്ടിച്ചേർത്തു.
എന്നിരുന്നാലും കഴിഞ്ഞ മത്സരങ്ങളിലെ വിരാട് കോഹ്ലിയുടെ പ്രകടനം ഇന്ത്യയെ സംബന്ധിച്ച് വലിയ ബാധ്യതയാകുന്നുണ്ട്. 2024 ട്വന്റി20 ലോകകപ്പിലും ശരാശരിയ്ക്ക് താഴെയുള്ള പ്രകടനമായിരുന്നു കോഹ്ലി കാഴ്ചവെച്ചത്. ശേഷം ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയിലും കോഹ്ലി മോശം പ്രകടനം തുടർന്നു.
ട്വന്റി20 ലോകകപ്പിൽ 8 ഇന്നിങ്സുകളിൽ നിന്ന് 151 റൺസ് മാത്രമാണ് കോഹ്ലിയ്ക്ക് നേടാൻ സാധിച്ചത്. 18 റൺസ് ശരാശരിയിലായിരുന്നു കോഹ്ലിയുടെ ലോകകപ്പിലെ പ്രകടനം. എന്നാൽ ഫൈനൽ മത്സരത്തിൽ ഇന്ത്യയ്ക്കായി തരക്കേടില്ലാത്ത പ്രകടനം തന്നെ താരം കാഴ്ചവച്ചു.