കോഹ്ലി ഈ തലമുറയിലെ ഇതിഹാസം, ബാബറിനെ കോഹ്ലിയുമായി താരതമ്യം ചെയ്യരുത്.

ട്വന്റി20 ലോകകപ്പിന്റെ ഫൈനൽ മത്സരത്തിലെ തകർപ്പൻ ബാറ്റിംഗ് പ്രകടനത്തിന് ശേഷം ഇന്ത്യൻ സൂപ്പർ താരം വിരാട് കോഹ്ലിയെ പ്രശംസിച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് മുൻ പാക്കിസ്ഥാൻ താരം അഹമ്മദ് ഷഹസാദ്. വിരാട് കോഹ്ലി നിലവിൽ ക്രിക്കറ്റിലെ ഒരു ഇതിഹാസ താരമാണ് എന്ന് ഷഹസാദ് പറയുകയുണ്ടായി.

അതിനാൽ തന്നെ വിരാട് കോഹ്ലിയുമായി യാതൊരു കാരണവശാലും പാക്കിസ്ഥാൻ നായകൻ ബാബർ ആസമിനെ താരതമ്യം ചെയ്യാൻ പാടില്ല എന്നും ഷഹസാദ് കൂട്ടിച്ചേർത്തു. ലോകകപ്പിന്റെ ഫൈനൽ മത്സരത്തിലെ താരമായി തിരഞ്ഞെടുത്തത് വിരാട് കോഹ്ലിയെ ആയിരുന്നു. പാക്കിസ്ഥാൻ നായകൻ ബാബർ ആസമിന്റെ പല റെക്കോർഡുകളും മറികടന്നാണ് കോഹ്ലി ഫൈനലിൽ മികച്ച പ്രകടനം പുറത്തെടുത്തത്. ഇതിന് പിന്നാലെയാണ് പ്രശംസകളുമായി ഷഹസാദ് രംഗത്ത് എത്തിയിരിക്കുന്നത്.

വിരാട് കോഹ്ലിയുടെ മികച്ച ബാറ്റിംഗ് പ്രകടനം ഇല്ലായിരുന്നുവെങ്കിൽ ഇന്ത്യ ഈ ലോകകപ്പിൽ കിരീടം സ്വന്തമാക്കുമായിരുന്നില്ല എന്നാണ് ഷഹസാദ് പറഞ്ഞത്. ബാറ്റിംഗിൽ പലപ്പോഴും റൺസ് കണ്ടെത്താൻ സാധിക്കുന്നില്ലെങ്കിലും ടീമിനൊപ്പം കരുത്തായി മൈതാനത്ത് തുടരാൻ കോഹ്ലിയ്ക്ക് സാധിക്കുന്നുണ്ട് എന്ന് ഷഹസാദ് ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യൻ ക്രിക്കറ്റിനെ സംബന്ധിച്ച് വിരാട് കോഹ്ലിയുടെ വിടവ് നികത്തുക എന്നത് ശ്രമകരമാണെന്ന് ഷഹസാദ് പറഞ്ഞുവെക്കുന്നുണ്ട്. “ഈ ജനറേഷനിലെ ഒരു ലെജൻഡാണ് വിരാട് കോഹ്ലി. എപ്പോഴൊക്കെ അവൻ മൈതാനത്ത് എത്തിയാലും ഒരേ മനോഭാവത്തോടെ മത്സരം കളിക്കുന്നത് നമുക്ക് കാണാനും സാധിക്കും.”- ഷഹസാദ് പറഞ്ഞു.

“അവസാന ട്വന്റി20 മത്സരത്തിലായാലും വിരാട് കോഹ്ലി ലോങ് ഓണിലും ലോങ് ഓഫിലും നിന്ന്, ഓരോ വിക്കറ്റ് പോകുമ്പോഴും ആഘോഷിക്കുന്നത് നമുക്ക് കാണാൻ സാധിക്കുമായിരുന്നു. ഈ ലോകകപ്പിൽ ഉടനീളം റൺസ് കണ്ടെത്താൻ വിരാട് കോഹ്ലിക്ക് സാധിച്ചിരുന്നില്ല. പക്ഷേ ചില സമയത്ത് വിധി ഇങ്ങനെയൊക്കെയായി മാറും. ഫൈനലിൽ മറ്റൊരു ഇന്ത്യൻ ബാറ്റർമാരും റൺസ് കണ്ടെത്താതെ വന്ന സാഹചര്യത്തിൽ വിരാട് കോഹ്ലി മുൻപിലേക്ക് വന്ന മികവ് പുലർത്തുകയുണ്ടായി. ഒരു പക്ഷേ ട്വന്റി20 ലോകകപ്പിന്റെ ഫൈനൽ മത്സരത്തിൽ വിരാട് കോഹ്ലി റൺസ് കണ്ടെത്തിയില്ലായിരുന്നുവെങ്കിൽ ഇന്ത്യയ്ക്ക് കിരീടം ലഭിക്കുമായിരുന്നില്ല.”- ഷഹസാദ് പറഞ്ഞു.

“ട്വന്റി 20യിൽ വലിയൊരു കരിയർ ഉണ്ടാക്കിയ ശേഷമാണ് വിരാട് കോഹ്ലി കളമൊഴിയുന്നത്. അവന്റെ വിടവ് നികത്തുക എന്നത് ഇന്ത്യയെ സംബന്ധിച്ച് ശ്രമകരമായ ദൗത്യമാണ്. അതിനായി ഇന്ത്യൻ ടീമിന് എല്ലാവിധ ഭാഗ്യവും ഉണ്ടാവട്ടെ. മാത്രമല്ല ബാബർ ആസമിനെയൊ മറ്റു ക്രിക്കറ്റർമാരെയോ യാതൊരു കാരണവശാലും വിരാട് കോഹ്ലിയുമായി താരതമ്യം ചെയ്യാൻ പാടില്ല.”- അഹമ്മദ് കൂട്ടിച്ചേർത്തു. ലോകകപ്പിന്റെ ആദ്യ മത്സരങ്ങളിൽ മികച്ച ബാറ്റിംഗ് പ്രകടനം പുറത്തെടുക്കാൻ സാധിക്കാതെ വന്നതിന്റെ പേരിൽ വിരാട് കോഹ്ലിയ്ക്കെതിരെ വലിയ വിമർശനങ്ങൾ ഉയരുകയുണ്ടായി. എന്നാൽ ഫൈനൽ മത്സരത്തിലെ തകർപ്പൻ ഇന്നിങ്സോടുകൂടി ഈ വിമർശനങ്ങളെ കോഹ്ലി മറികടന്നിരിക്കുകയാണ്.

Previous articleവീണ്ടും സഞ്ജുവിന് നിർഭാഗ്യം. സിംബാബ്വെയ്ക്കെതിരായ മത്സരങ്ങൾ കളിക്കില്ല.
Next articleഉറങ്ങിപ്പോയത് കൊണ്ട് ഇന്ത്യയ്‌ക്കെതിരെ കളിക്കാൻ സാധിച്ചില്ല. ക്ഷമ ചോദിച്ച് ബംഗ്ലാ ഉപനായകൻ ടസ്കിൻ.