ഓസ്ട്രേലിയക്കെതിരായ ഇന്ത്യയുടെ ആദ്യ ഏകദിന ലോകകപ്പ് മത്സരത്തിൽ നട്ടെല്ലായി മാറിയത് വിരാട് കോഹ്ലിയും കെഎൽ രാഹുലും ആയിരുന്നു. ഇരുവരുടെയും മികച്ച കൂട്ടുകെട്ടിന്റെ ബലത്തിലാണ് മത്സരത്തിൽ ഇന്ത്യ വിജയം നേടിയത്. ഇതിനുശേഷം വിരാട് കോഹ്ലിയെ പ്രശംസിച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ.
സമ്മർദ്ദമേറിയ സാഹചര്യങ്ങൾ എങ്ങനെ നേരിടണമെന്ന് ഇന്ത്യയിലെ യുവതാരങ്ങൾ വിരാട് കോഹ്ലിയെ കണ്ടുപഠിക്കണം എന്നാണ് ഗൗതം ഗംഭീർ ഇപ്പോൾ പറയുന്നത്. കൃത്യമായി മത്സരത്തിന്റെ ദിശ മനസ്സിലാക്കാനുള്ള കഴിവ് വിരാട് കോഹ്ലിയ്ക്കുണ്ട് എന്ന ഗംഭീർ പറയുകയുണ്ടായി. മുൻപ് പല അവസരങ്ങളിലും വിരാട് കോഹ്ലിയെ വിമർശിച്ചിട്ടുള്ള ഗൗതം ഗംഭീറിന്റെ ഈ പ്രസ്താവന സാമൂഹ്യ മാധ്യമങ്ങളിൽ അടക്കം വലിയ ചർച്ചയായിട്ടുണ്ട്.
ഏകദിന ക്രിക്കറ്റും ട്വന്റി20 ക്രിക്കറ്റും തമ്മിലുള്ള വ്യത്യാസം വരച്ചുകാട്ടിയാണ് ഗംഭീർ സംസാരിച്ചത്. ഏകദിന ക്രിക്കറ്റിൽ പലപ്പോഴും വമ്പൻ ഷോട്ടുകൾ അടിച്ചുകൂട്ടുക എന്നതിലുപരി വിക്കറ്റിനിടയിലൂള്ള ഓട്ടത്തിനാണ് പ്രാധാന്യം എന്ന ഗംഭീർ പറയുന്നു. ഇത്തരത്തിൽ കൃത്യമായി സ്ട്രൈക്ക് മാറാൻ സാധിച്ചാൽ എതിർ ടീമിന്മേൽ സമ്മർദ്ദം ഉണ്ടാക്കാൻ സാധിക്കുമെന്നാണ് ഗംഭീറിന്റെ അഭിപ്രായം. അത്തരത്തിൽ ഇന്നിങ്സ് കെട്ടിപ്പടുക്കാൻ വിരാട് കോഹ്ലിക്ക് സാധിക്കുന്നുണ്ട് എന്ന് ഗംഭീർ പറഞ്ഞു.
“മത്സരത്തിൽ പരമാവധി റിസ്ക് ഒഴിവാക്കി ഓസ്ട്രേലിയൻ ബോളർമാരെ നേരിടാനാണ് കോഹ്ലി ശ്രമിച്ചത്. മത്സരത്തിൽ കോഹ്ലി നേടിയത് കേവലം ആറു ബൗണ്ടറികൾ മാത്രമായിരുന്നു. സ്പിന്നിനെതിരെ സ്ട്രൈക് റൊട്ടേറ്റ് ചെയ്ത് കളിക്കാനുള്ള കോഹ്ലിയുടെ കഴിവാണ് ഇത് സൂചിപ്പിച്ചത്.”- ഗംഭീർ പറയുന്നു.
ഏകദിന മത്സരങ്ങളിലെ നിർണായകമായ കാര്യങ്ങളിലൊന്ന് സ്ട്രൈക് റൊട്ടേറ്റ് ചെയ്യുന്നതാണ് എന്നാണ് ഗംഭീറിന്റെ അഭിപ്രായം. കോഹ്ലി എല്ലായിപ്പോഴും ഇക്കാര്യത്തിൽ കൃത്യത പുലർത്താറുണ്ടെന്നും ഗംഭീർ ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യത്തിൽ ഇന്ത്യൻ നിരയിലുള്ള പല യുവതാരങ്ങളും വിരാട് കോഹ്ലിയെ മാതൃകയാക്കണമെന്നാണ് ഗംഭീർ പറയുന്നത്.
ഫിറ്റ്നസിന്റെ കാര്യത്തിലായാലും ടീമിലെ പ്രകടനത്തിന്റെ കാര്യത്തിലായാലും യുവതാരങ്ങൾക്ക് മാതൃകയാക്കാൻ സാധിക്കുന്ന ഒരു താരമാണ് കോഹ്ലി എന്ന് ഗംഭീർ വിലയിരുത്തി. ട്വന്റി20 ക്രിക്കറ്റിന്റെ കടന്നുവരയോടെ പല യുവതാരങ്ങളും തുടക്കം മുതൽ വമ്പൻ ഷോട്ടുകൾക്കാണ് ശ്രമിക്കാറുള്ളതെന്നും, എന്നാൽ ഏകദിനത്തിൽ ഇത് മികച്ച ഒരു മാതൃകയല്ലയെന്നും ഗംഭീർ ചൂണ്ടിക്കാട്ടുന്നു. ഏകദിന ക്രിക്കറ്റിൽ കൃത്യമായി സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്യാൻ സാധിക്കുന്ന ബാറ്റർമാരെയാണ് ആവശ്യമെന്നും ഗംഭീർ പറഞ്ഞു.
“മത്സരത്തിൽ രണ്ട് റൺസ് സ്വന്തമാക്കുന്നതിനിടെ ഇന്ത്യക്ക് നഷ്ടമായത് മൂന്ന് വിക്കറ്റുകളാണ്. ആ സമയത്ത് മൈതാനത്തിറങ്ങി വലിയ ഷോട്ടുകൾ കളിക്കുക എന്നത് ബുദ്ധിശൂന്യതയാണ്. പക്ഷേ നമുക്ക് ആ സമ്മർദ്ദം മറികടക്കേണ്ടതുണ്ടായിരുന്നു. ഇങ്ങനെയുള്ള സാഹചര്യങ്ങളിലാണ് സ്ട്രൈക്ക് റൊട്ടേറ്റിംഗ് എന്നത് വലിയൊരു കാര്യമായി മാറുന്നത്. അതുമാത്രമാണ് സമ്മർദ്ദം ഒഴിവാക്കാനുള്ള ആ സമയത്തെ മാർഗ്ഗം. അതാണ് വിരാട് കോഹ്ലി ചെയ്തത്. ഇതുകൊണ്ടു തന്നെയാണ് യുവതാരങ്ങളോക്കെയും വിരാട് കോഹ്ലിയിൽ നിന്ന് ഒരുപാട് പാഠങ്ങൾ പഠിക്കാനുണ്ട് എന്ന് ഞാൻ പറയുന്നത്.”- ഗംഭീർ പറഞ്ഞു വയ്ക്കുന്നു.