ബംഗ്ലാദേശിനെതിരായ സൂപ്പർ 8 മത്സരത്തിൽ 50 റൺസിന്റെ വിജയം സ്വന്തമാക്കിയതോടെ ഇന്ത്യ സെമിഫൈനൽ സാധ്യതകൾ ഏറെക്കുറെ ഉറപ്പിച്ചിട്ടുണ്ട്. അവസാന മത്സരത്തിൽ ഓസ്ട്രേലിയക്കെതിരെ വിജയം സ്വന്തമാക്കി സെമിഫൈനലിലേക്ക് കടക്കാനാവും ഇന്ത്യ ഇപ്പോൾ ശ്രമിക്കുക.
ബംഗ്ലാദേശിനെതിരായ മത്സരത്തിനിടെ ഒരു തകർപ്പൻ റെക്കോർഡ് സ്വന്തമാക്കിയാണ് വിരാട് കോഹ്ലി മികവ് പുലർത്തിയത്. മത്സരത്തിൽ ടോസ് നേടിയ ബംഗ്ലാദേശ് ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ശേഷം ഇന്ത്യക്കായി പക്വതയാർന്ന ബാറ്റിംഗ് പ്രകടനമാണ് വിരാട് കോഹ്ലി കാഴ്ചവെച്ചത്. 28 പന്തുകൾ മത്സരത്തിൽ നേരിട്ട കോഹ്ലി 37 റൺസ് സ്വന്തമാക്കുകയുണ്ടായി. ഇതിനിടെയാണ് കോഹ്ലി ഒരു തകർപ്പൻ റെക്കോർഡ് സ്വന്തമാക്കിയത്.
ലോകകപ്പുകളിൽ 3000 റൺസ് പൂർത്തീകരിക്കുന്ന ആദ്യ താരം എന്ന റെക്കോർഡാണ് കോഹ്ലി തന്റെ പേരിൽ ചേർത്തത്. ഇതോടെ ലോകകപ്പിന്റെ ചരിത്രമായി മാറാനും കോഹ്ലിയ്ക്ക് സാധിച്ചിട്ടുണ്ട്. ട്വന്റി20 ലോകകപ്പിലും ഏകദിന ലോകകപ്പിലും മികച്ച പ്രകടനങ്ങൾ പുറത്തെടുത്താണ് കോഹ്ലി ഈ നേട്ടം കൈവരിച്ചത്.
ഇതുവരെ ട്വന്റി20 ലോകകപ്പ് മത്സരങ്ങളിൽ 30 ഇന്നിംഗ്സുകളിൽ നിന്ന് 1207 റൺസ് സ്വന്തമാക്കാൻ കോഹ്ലിയ്ക്ക് സാധിച്ചിട്ടുണ്ട്. ഇതുവരെ 37 ഏകദിന ലോകകപ്പ് മത്സരങ്ങൾ കളിച്ചിട്ടുള്ള കോഹ്ലി 1795 റൺസും സ്വന്തമാക്കിയിട്ടുണ്ട്. ഇതോടെയാണ് കോഹ്ലി ലോകകപ്പ് ചരിത്രത്തിൽ 3000 റൺസ് പിന്നിട്ടത്.
ലോകകപ്പുകളിൽ ഏറ്റവുമധികം റൺസ് സ്വന്തമാക്കിയിട്ടുള്ള താരങ്ങളുടെ ലിസ്റ്റിൽ രോഹിത് ശർമയാണ് വിരാട് കോഹ്ലിക്ക് പിന്നിലുള്ളത്. ഇതുവരെ ഏകദിന ലോകകപ്പിലും ട്വന്റി20 ലോകകപ്പിലുമായി 2637 റൺസാണ് രോഹിത് ശർമ സ്വന്തമാക്കിയിട്ടുള്ളത്.
ഇരു ലോകകപ്പുകളിലും 68 ഇന്നിങ്സുകളിൽ നിന്ന് 2502 റൺസ് സ്വന്തമാക്കിയ ഓസ്ട്രേലിയൻ താരം ഡേവിഡ് വാർണറാണ് ഈ ലിസ്റ്റിൽ മൂന്നാം സ്ഥാനത്ത്. ഇന്ത്യൻ ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കർ ലോകകപ്പുകളിൽ 2278 റൺസ് സ്വന്തമാക്കി നാലാം സ്ഥാനത്ത് നിൽക്കുന്നു. ശ്രീലങ്കൻ ഇതിഹാസം സംഘക്കാര ലോകകപ്പുകളിൽ 2193 റൺസുമായി അഞ്ചാം സ്ഥാനത്ത് നിൽക്കുന്നുണ്ട്.
ബംഗ്ലാദേശിനെതിരായ മത്സരത്തിൽ കൃത്യമായി ബാറ്റിങ്ങിലും ബോളിങ്ങിലും ആധിപത്യം സ്ഥാപിച്ചായിരുന്നു ഇന്ത്യ വിജയം സ്വന്തമാക്കിയത്. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ ഹർദിക് പാണ്ട്യയുടെ അർദ്ധ സെഞ്ച്വറിയുടെയും മറ്റു ബാറ്റർമാരുടെ മികച്ച പ്രകടനത്തിന്റെയും ബലത്തിൽ 196 റൺസിൽ എത്തുകയായിരുന്നു.
മറുപടി ബാറ്റിംഗിൽ ബംഗ്ലാദേശിനെ എറിഞ്ഞിടാൻ കുൽദീപ് യാദവിന് സാധിച്ചു. മത്സരത്തിൽ 3 വിക്കറ്റുകളുമായി കുൽദീപ് തിളങ്ങിയപ്പോൾ ഇന്ത്യ 50 റൺസിന്റെ വമ്പൻ വിജയം സ്വന്തമാക്കുകയായിരുന്നു. ഇതോടെ ഇന്ത്യയുടെ സെമിഫൈനൽ സാധ്യതകൾ വർദ്ധിച്ചിട്ടുണ്ട്.