“കോഹ്ലി പുറത്താവാൻ കാരണം ആ പിഴവാണ് “, ചേതേശ്വർ പൂജാര പറയുന്നു.

ഓസ്ട്രേലിയൻ മണ്ണിലെ ഇന്ത്യയുടെ ആദ്യ മത്സരത്തിലും വളരെ മോശം ബാറ്റിംഗ് പ്രകടനമാണ് വിരാട് കോഹ്ലി കാഴ്ചവെച്ചത്. മത്സരത്തിന്റെ ആദ്യ ഇന്നിങ്സിൽ ബാറ്റിംഗിനിറങ്ങിയ കോഹ്ലിയ്ക്ക് കേവലം 5 റൺസ് മാത്രമാണ് നേടാൻ സാധിച്ചത്. ഇതോടെ കോഹ്ലിയുടെ ഫോമിനെ സംബന്ധിച്ചുള്ള ഇന്ത്യൻ ടീം മാനേജ്മെന്റിന്റെ ആശങ്ക വർധിച്ചിട്ടുണ്ട്.

ഓസ്ട്രേലിയൻ മണ്ണിൽ ഒരുപാട് മികച്ച റെക്കോർഡുകളുള്ള താരമായിട്ടും വളരെ മോശം രീതിയിലാണ് കോഹ്ലി ആദ്യ ഇന്നിങ്സിൽ പുറത്തായത്. ജോഷ് ഹേസൽവുഡിന്റെ, ബൗൺസ് ചെയ്തു വന്ന പന്ത് കോഹ്ലിയുടെ ബാറ്റിന്റെ എഡ്ജിൽ കൊണ്ട് സ്ലിപ്പിലുണ്ടായിരുന്ന ഉസ്മാൻ ഖവാജയുടെ കൈകളിലേക്ക് എത്തുകയായിരുന്നു.

മത്സരത്തിൽ 12 പന്തുകളിലാണ് കോഹ്ലി 5 റൺസ് സ്വന്തമാക്കിയത്. ഇതിന് ശേഷം വളരെ നിരാശനായി കോഹ്ലി ഡ്രസ്സിംഗ് റൂമിലേക്ക് മടങ്ങുകയുണ്ടായി. ഇന്നിംഗ്സിൽ കോഹ്ലി പുറത്താവാനുള്ള പ്രധാന കാരണം ചൂണ്ടിക്കാട്ടി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യൻ താരം ചേതേശ്വർ പൂജാര. ഒരു ടെസ്റ്റ് മത്സരമായിരുന്നിട്ട് പോലും ക്രീസിന്റെ പുറത്തു നിന്നാണ് കോഹ്ലി കളിച്ചത് എന്ന് പൂജാര പറയുകയുണ്ടായി. ഇതാണ് കോഹ്ലിയെ മത്സരത്തിൽ പിന്നോട്ടടിച്ചത് എന്നാണ് പൂജാരയുടെ പക്ഷം. അത്തരത്തിൽ ക്രീസിന് പുറത്തിറങ്ങി പന്തുകളെ നേരിടേണ്ട ആവശ്യം കോഹ്ലിയ്ക്ക് ഉണ്ടായിരുന്നില്ല എന്നാണ് പൂജാര പറയുന്നത്.

“വിരാട് ക്രീസിന് പുറത്തേക്കിറങ്ങുന്നതിന് പകരം ക്രീസിനുള്ളിൽ തന്നെ നിൽക്കാനായിരുന്നു ശ്രമിക്കേണ്ടത്. ഇത്തരത്തിലായിരുന്നുവെങ്കിൽ കാര്യങ്ങൾ കുറച്ചുകൂടി അനായാസമായേനെ. ഇത്തരത്തിൽ ബൗൺസ് ചെയ്തു വരുന്ന പന്തിനെതിരെ കളിക്കാനുള്ള അവസരം വിരാട്ടിന് ലഭിച്ചില്ല. കാരണം ക്രീസിന് പുറത്ത് നിന്നതിനാൽ തന്നെ അവന്, പന്തിന് അനുസൃതമായ രീതിയിൽ തന്റെ ശൈലി മാറ്റാൻ സാധിച്ചില്ല. ഏത് തരത്തിലാണ് കോഹ്ലി ബാറ്റ് ചെയ്യാൻ നിൽക്കുന്നത് എന്ന് ഹേസൽവുഡ് കൃത്യമായി മനസ്സിലാക്കിയിരുന്നു. അതിനനുസരിച്ചാണ് മത്സരത്തിൽ താരം പന്തറിഞ്ഞത്. മാത്രമല്ല പിച്ചിൽ നിന്ന് കൃത്യമായി ബൗൺസ് ലഭിക്കുന്നുണ്ട് എന്നും ഹേസൽവുഡിന് അറിയാമായിരുന്നു. അത് അവൻ മുതലാക്കുകയാണ് ചെയ്തത്.”- പൂജാര പറയുകയുണ്ടായി.

“ഒരുപക്ഷേ മത്സരത്തിൽ വിരാട് കോഹ്ലി ക്രീസിനുള്ളിൽ തന്നെ നിന്ന് കളിച്ചിരുന്നുവെങ്കിൽ അത്തരമൊരു പന്തിൽ വിക്കറ്റ് നഷ്ടമാവുമായിരുന്നില്ല. അത്തരത്തിൽ ബൗൺസ് ചെയ്ത വരുന്ന പന്തുകളെ അനായാസം അവന് കൈകാര്യം ചെയ്യാനും സാധിക്കുമായിരുന്നു. എന്നാൽ ഈ അവസരത്തിൽ കൃത്യമായി കോഹ്ലിയ്ക്ക് ടൈമിംഗ് പോലും ലഭിച്ചില്ല.”- ചേതേശ്വർ പൂജാര കൂട്ടിച്ചേർത്തു. മുൻപ് ന്യൂസിലാൻഡിനെതിരായ ടെസ്റ്റ് പരമ്പരയിലും മോശം പ്രകടനമായിരുന്നു വിരാട് കോഹ്ലി കാഴ്ചവെച്ചത്. പരമ്പരയിൽ 6 ഇന്നിങ്സുകളിൽ നിന്ന് 93 റൺസ് മാത്രമായിരുന്നു കോഹ്ലി സ്വന്തമാക്കിയത്.

Previous articleസ്മിത്ത് ഗോള്‍ഡന്‍ ഡക്ക്. ഇതിനു മുന്‍പ് സംഭവിച്ചത് ഒരു തവണ മാത്രം.