കോഹ്ലി ഫൈനലിൽ മാൻ ഓഫ് ദ് മാച്ച് അർഹിച്ചിരുന്നില്ല. ഇന്ത്യയെ പ്രതിസന്ധിയിലാക്കി എന്ന് മഞ്ജരേക്കർ.

2024 ട്വന്റി20 ലോകകപ്പിന്റെ ഫൈനൽ മത്സരത്തിൽ ഒരു ആവേശകരമായ വിജയമായിരുന്നു ഇന്ത്യ സ്വന്തമാക്കിയത്. മത്സരത്തിൽ വിരാട് കോഹ്ലിയുടെ അർദ്ധ സെഞ്ചുറിയുടെ ബലത്തിലായിരുന്നു ഇന്ത്യ 176 എന്ന സ്കോർ സ്വന്തമാക്കിയത്. മത്സരത്തിൽ ഇന്ത്യയ്ക്ക് ആദ്യ 3 വിക്കറ്റുകൾ നഷ്ടമായ ശേഷം വളരെ പതിഞ്ഞ താളത്തിലാണ് കോഹ്ലി കളിച്ചത്.

പിന്നീട് അവസാന ഓവറുകളിൽ കോഹ്ലി തന്റെ പ്രതാപകാല ഫോമിലേക്ക് തിരികെ എത്തുകയായിരുന്നു. മത്സരത്തിൽ 59 പന്തുകളിൽ 76 റൺസാണ് വിരാട് കോഹ്ലി സ്വന്തമാക്കിയത്. 6 ബൗണ്ടറികളും 2 സിക്സറുകളും കോഹ്ലിയുടെ ഇന്നിംഗ്സിൽ ഉൾപ്പെട്ടു. മത്സരത്തിലെ താരമായി തിരഞ്ഞെടുത്തതും കോഹ്ലിയെ തന്നെയായിരുന്നു. എന്നാൽ കോഹ്ലിയുടെ ഫൈനലിലെ ഇന്നിങ്സിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം സഞ്ജയ് മഞ്ജരേക്കർ.

ലോകകപ്പിന്റെ ഫൈനൽ മത്സരത്തിൽ വിരാട് കോഹ്ലി മത്സരത്തിലെ താരം എന്ന ബഹുമതി അർഹിച്ചിരുന്നില്ല എന്നാണ് മഞ്ജരേക്കർ പറയുന്നത്. കോഹ്ലിയുടെ ഇന്നിംഗ്സ് മത്സരത്തിൽ ഇന്ത്യയ്ക്ക് ബാധ്യതയുണ്ടാക്കി എന്നും മഞ്ജരേക്കർ കൂട്ടിച്ചേർക്കുകയുണ്ടായി. “ഇന്ത്യയുടെ ബാറ്റിംഗ് പ്രകടനം നന്നായിരുന്നു എന്ന് തന്നെയാണ് ഞാൻ കരുതുന്നത്. പക്ഷേ ഇന്ത്യയെ കൂടുതൽ കടുത്ത പ്രതിസന്ധിയിൽ എത്തിക്കുന്ന ഇന്നിംഗ്സാണ് മത്സരത്തിൽ വിരാട് കോഹ്ലി കളിച്ചത് എന്ന് എനിക്ക് തോന്നുന്നു. കാരണം ബാറ്റിംഗിൽ അത്ര മികച്ച രീതിയിൽ വിരാട് മുൻപിലേക്ക് പോയില്ല. അവസാന നിമിഷം ബോളർമാർ മികവ് പുലർത്തിയത് കൊണ്ടാണ് ഇന്ത്യ മത്സരത്തിൽ വിജയത്തിലെത്തിയത്.”- മഞ്ജരേക്കർ പറഞ്ഞു.

“മത്സരത്തിലെ താരമായി ഞാൻ ഒരാളെ തിരഞ്ഞെടുക്കുകയാണെങ്കിൽ അതൊരു ബോളറെ ആയിരിക്കും. കാരണം അവരാണ് മത്സരത്തിൽ ഇന്ത്യയെ മുൻപിലേക്ക് കൊണ്ടുവന്നത്. പരാജയത്തിന് മുൻപിൽ നിന്നാണ് ഇന്ത്യയെ ബോളർമാർ വിജയത്തിലേക്ക് എത്തിച്ചത്.”- മഞ്ജരേക്കർ കൂട്ടിച്ചേർക്കുകയുണ്ടായി. എന്നാൽ സിംബാബ്വെയുടെ മുൻതാരം ആന്റി ഫ്ലവർ മഞ്ജരേക്കരുടെ ഈ അഭിപ്രായത്തോട് വിയോജിപ്പാണ് രേഖപ്പെടുത്തിയത്. മത്സരത്തിൽ 176 റൺസ് എന്നത് മികച്ച സ്കോർ തന്നെയായിരുന്നു എന്ന് ഫ്ലവർ പറയുകയുണ്ടായി. എന്നിരുന്നാലും മത്സരത്തിൽ ഇന്ത്യ പരാജയം അറിഞ്ഞിരുന്നുവെങ്കിൽ കോഹ്ലിയ്ക്ക് മേൽ ഒരുപാട് വിമർശനങ്ങൾ ഉണ്ടായേനെ എന്ന് ഫ്ലവർ കൂട്ടിച്ചേർത്തു.

എന്നിരുന്നാലും മത്സരത്തിൽ വളരെ ത്രില്ലിംഗായ ഒരു വിജയം തന്നെയാണ് ഇന്ത്യ നേടിയെടുത്തത്. 11 വർഷങ്ങൾക്ക് ശേഷമാണ് ഇന്ത്യ ഒരു ഐസിസി കിരീടം സ്വന്തമാക്കുന്നത്. മാത്രമല്ല 2007 ന് ശേഷം ട്വന്റി20 ലോകകപ്പ് കിരീടം സ്വന്തമാക്കാനും ഇന്ത്യയ്ക്ക് സാധിച്ചിരുന്നില്ല. ഇപ്പോൾ രോഹിത് ശർമയുടെ നേതൃത്വത്തിൽ ഈ കടമ്പ ഇന്ത്യ പിന്നിട്ടിരിക്കുകയാണ്.

ഇനി 2025 ചാമ്പ്യൻസ് ട്രോഫിയാണ് ഇന്ത്യയുടെ മുൻപിലുള്ള അടുത്ത ലക്ഷ്യം. മാത്രമല്ല ഈ ലോകകപ്പോടുകൂടി ട്വന്റി20 മത്സരങ്ങളിൽ നിന്ന് വിരാട് കോഹ്ലിയും രോഹിത് ശർമയും രവീന്ദ്ര ജഡേജയും തങ്ങളുടെ വിരമിക്കൽ പ്രഖ്യാപനം നടത്തുകയുണ്ടായി. യുവതാരങ്ങൾക്ക് വരും വർഷങ്ങളിൽ കൂടുതൽ അവസരം ഇന്ത്യൻ ടീമിൽ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

Previous article“ഈ ലോകകപ്പ് ഞങ്ങൾ അർഹിച്ചതാണ്, എളുപ്പം സംഭവിക്കുന്നതല്ല”- സഞ്ജുവിന്റെ ആദ്യ പ്രതികരണം.
Next article“ഇന്ത്യ ജയിക്കുന്നത് ഞങ്ങൾ പാകിസ്ഥാൻകാർക്ക് ഇഷ്ടമല്ല. അതുകൊണ്ടാണ് വിമർശനം” – സൽമാൻ ബട്ട്.