2023 ലോകകപ്പ് കിരീടം കിട്ടിയിരുന്നേൽ കോഹ്ലിയും രോഹിതും അന്ന് വിരമിച്ചേനെ : സേവാഗ്

ശക്തമായ പ്രകടനങ്ങളുടെ ബലത്തിലാണ് ഇന്ത്യ 2024 ട്വന്റി20 ലോകകപ്പിന്റെ ഫൈനലിൽ ഇടംപിടിച്ചത്. ടൂർണമെന്റിന്റെ തുടക്കം മുതൽ സ്ഥിരതയാർന്ന പ്രകടനങ്ങൾ കാഴ്ചവെച്ച് എതിർ ടീമുകളെ പരാജയപ്പെടുത്താൻ രോഹിത് ശർമയുടെ നേതൃത്വത്തിൽ ഇന്ത്യൻ ടീമിന് സാധിച്ചിട്ടുണ്ട്. ലോകകപ്പിന്റെ ഫൈനലിൽ ദക്ഷിണാഫ്രിക്കയാണ് ഇന്ത്യയുടെ എതിരാളികൾ.

ദക്ഷിണാഫ്രിക്കയും ഇതേവരെ ഈ ടൂർണമെന്റിൽ പരാജയം അറിഞ്ഞിട്ടില്ല. ഫൈനൽ മത്സരത്തിൽ എല്ലാവരും ഉറ്റു നോക്കുന്നത് ഇന്ത്യയുടെ സീനിയർ താരങ്ങളുടെ ബാറ്റിംഗ് തന്നെയാണ്. രോഹിത് ശർമ കഴിഞ്ഞ മത്സരങ്ങളിലൊക്കെയും തകർപ്പൻ പ്രകടനങ്ങളുമായി കളം നിറയുകയുണ്ടായി. എന്നാൽ വിരാട് കോഹ്ലിയ്ക്ക് അത്ര മികച്ച ലോകകപ്പ് ആയിരുന്നില്ല 2024ലേത്. മാത്രമല്ല ഈ ലോകകപ്പോടുകൂടി ഈ സീനിയർ താരങ്ങൾ വിരമിക്കുമെന്ന സൂചനയും ഇതിനോടകം തന്നെ ലഭിക്കുകയുണ്ടായി. ഇതേ സംബന്ധിച്ചാണ് മുൻ ഇന്ത്യൻ താരം വീരേന്ദർ സേവാഗ് പറയുന്നത്.

2023 ഏകദിന ലോകകപ്പിൽ ഇന്ത്യ വിജയം സ്വന്തമാക്കുകയായിരുന്നുവെങ്കിൽ ഇന്ത്യയുടെ സീനിയർ താരങ്ങളായ വിരാട് കോഹ്ലി, രോഹിത് ശർമ എന്നിവർ ഒരുപക്ഷേ തങ്ങളുടെ വിരമിക്കൽ പ്രഖ്യാപിച്ചേനെ എന്നാണ് സേവാഗിന്റെ വിലയിരുത്തൽ. അങ്ങനെയെങ്കിൽ അവർ 2024 ട്വന്റി20 ലോകകപ്പ് കളിക്കാൻ തയ്യാറാകുമായിരുന്നില്ല എന്നും സേവാഗ് പറയുന്നു.

പക്ഷേ ഏകദിന ലോകകപ്പിൽ ഇന്ത്യ ഫൈനലിൽ പരാജയപ്പെട്ടതോടെ മറ്റൊരു ലോകകപ്പ് സ്വന്തമാക്കി തങ്ങളുടെ കരിയർ അവസാനിപ്പിക്കണം എന്ന് രോഹിത്തിനും കോഹ്ലിയ്ക്കും തോന്നിയിട്ടുണ്ടാവാം എന്നാണ് സേവാഗിന്റെ വിലയിരുത്തൽ. ക്രിക്ബസിനോടാണ് സേവാഗ് ഇക്കാര്യം തുറന്നു പറഞ്ഞിരിക്കുന്നത്.

“ടീമിനൊപ്പമുള്ള സീനിയർ താരങ്ങൾക്കൊക്കെയും ഇത് തങ്ങളുടെ അവസാന ലോകകപ്പാണ് എന്ന ചിന്ത മനസിലുണ്ട്. അതിനാൽ വിജയത്തോടെ തങ്ങളുടെ കരിയർ അവസാനിപ്പിക്കാനാവും സീനിയർ താരങ്ങൾ ശ്രമിക്കുക. കഴിഞ്ഞ ഏകദിന ലോകകപ്പിന്റെ ഫൈനൽ മത്സരത്തിൽ വിജയം സ്വന്തമാക്കാൻ സാധിച്ചിരുന്നുവെങ്കിൽ ഒരുപക്ഷേ ഈ 2 സീനിയർ താരങ്ങളിൽ ഒരാൾ ഈ ട്വന്റി20 ലോകകപ്പ് ടൂർണമെന്റിൽ കളിക്കുമായിരുന്നില്ല. പക്ഷേ ഏകദിന ലോകകപ്പിന്റെ ഫൈനലിൽ ഇന്ത്യ പരാജയപ്പെട്ടു. അതിനാൽ ടീമിനായി മറ്റൊരു കിരീടം സ്വന്തമാക്കുക എന്ന ലക്ഷ്യം അവരിൽ ഉണ്ടായി”- സേവാഗ് പറയുന്നു.

“വിരാടിനെയും കോഹ്ലിയേയും സംബന്ധിച്ച് ഈ ട്വന്റി20 ലോകകപ്പാണ് ഏറ്റവും വലുത്. ഇതിൽ വിജയിക്കാൻ ഇന്ത്യയ്ക്ക് സാധിക്കും. അതിന് ശേഷം ഒരുപക്ഷേ ഇരു താരങ്ങളും മറ്റൊരു നിശ്ചിത ഓവർ ലോകകപ്പ് കളിക്കാൻ സാധ്യതയുമില്ല. പക്ഷേ ഇരുവരും തങ്ങളുടെ ഫിറ്റ്നസ് പുലർത്തുകയും മികച്ച പ്രകടനങ്ങൾ പുറത്തെടുക്കുകയും ചെയ്താൽ, ഇനിയും അവർക്ക് കളിക്കാം. അങ്ങനെയെങ്കിൽ മറ്റൊരു ഐസിസി ടൂർണ്ണമെന്റ് കൂടി കളിക്കാൻ അവർക്ക് സാധിക്കുമെന്ന കാര്യം എനിക്ക് ഉറപ്പുണ്ട്.”- സേവാഗ് കൂട്ടിച്ചേർക്കുന്നു.

Previous articleരോഹിത് ഉഗ്രൻ നായകൻ, അവന് കീഴിൽ ഇന്ത്യ കിരീടം നേടും. പ്രതീക്ഷകൾ പങ്കുവയ്ച്ച് സൗരവ് ഗാംഗുലി.
Next article“റിവേഴ്സ് സ്വിങിനെപറ്റി രോഹിത് ഞങ്ങളെ പഠിപ്പിക്കേണ്ട “. വീണ്ടും ഇൻസമാം രോഹിതിനെതിരെ രംഗത്ത്.