സിംബാബ്വെയ്ക്കെതിരായ ട്വന്റി20 പരമ്പരയ്ക്ക് ശേഷം ഇന്ത്യയുടെ മുൻപിലുള്ള അടുത്ത ലക്ഷ്യം ശ്രീലങ്കൻ പര്യടനമാണ്. 3 ഏകദിന മത്സരങ്ങളും 3 ട്വന്റി20 മത്സരങ്ങളും അടങ്ങിയ പര്യടനമാണ് ഇന്ത്യ ശ്രീലങ്കയിൽ നടത്തുന്നത്. എന്നാൽ ഏകദിന പരമ്പരയിൽ നിന്ന് ഇന്ത്യയുടെ സീനിയർ താരങ്ങളായ രോഹിത് ശർമ, വിരാട് കോഹ്ലി എന്നിവർക്ക് വിശ്രമം നൽകുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ.
ലോകകപ്പിന് ശേഷമെത്തിയ ഇരുതാരങ്ങൾക്കും കൂടുതൽ വിശ്രമം നൽകാൻ ഒരുങ്ങുകയാണ് ബിസിസിഐ. ഈ സാഹചര്യത്തിൽ ഹർദിക് പാണ്ഡ്യയോ കെഎൽ രാഹുലോ ഇന്ത്യയെ പരമ്പരയിൽ നയിക്കും എന്നാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്.
ഐപിഎൽ ആരംഭിച്ചതിന് ശേഷം തുടർച്ചയായി 3 മാസങ്ങളിൽ ഇന്ത്യയുടെ സീനിയർ താരങ്ങൾക്ക് മൈതാനത്ത് ഇറങ്ങേണ്ടി വന്നിരുന്നു. ശേഷം 2024 ട്വന്റി20 ലോകകപ്പ് സ്വന്തമാക്കാനും ഇന്ത്യക്ക് സാധിച്ചു. ഈ സാഹചര്യത്തിലാണ് സീനിയർ താരങ്ങൾക്ക് കൂടുതൽ ഇടവേളകൾ നൽകാൻ ബിസിസിഐ തീരുമാനിച്ചിരിക്കുന്നത്. 37കാരനായ രോഹിത് ശർമ 6 മാസങ്ങൾക്കു മുൻപ് മാത്രമായിരുന്നു ഇന്ത്യൻ ടീമിൽ നിന്ന് ഇടവേള എടുത്തത്.
2023ലെ ഇന്ത്യയുടെ ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പര മുതൽ എല്ലാ മത്സരങ്ങളിലും രോഹിത് കളിച്ചിരുന്നു. അഫ്ഗാനിസ്ഥാനെതിരായ ട്വന്റി20 പരമ്പര, ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര, ഐപിഎൽ, ലോകകപ്പ് എന്നീ വലിയ ഇവന്റുകളിൽ തുടർച്ചയായി കളിച്ചതിന് ശേഷമാണ് രോഹിത്തിന് ഇപ്പോൾ വിശ്രമം അനുവദിക്കുന്നത്.
“ബിസിസിഐയെ സംബന്ധിച്ച് രോഹിത് ശർമയും കോഹ്ലിയും ഏകദിനത്തിൽ ഒരു ഓട്ടോമാറ്റിക് ചോയ്സാണ്. 2025 ചാമ്പ്യൻസ് ട്രോഫിയ്ക്ക് മുൻപ് ഇംഗ്ലണ്ടിനെതിരെ 50 ഓവർ മത്സരങ്ങൾ ഇന്ത്യ കളിക്കുന്നുണ്ട്. ഇരുവർക്കും പരിശീലനം നടത്താൻ ആ പരമ്പര ധാരാളമാണ്. അതിനാൽ തന്നെ അടുത്ത കുറച്ചു മാസങ്ങളിൽ അവർ കൂടുതൽ ടെസ്റ്റ് മത്സരങ്ങളിലേക്ക് ശ്രദ്ധിക്കാൻ തയ്യാറായിരിക്കുകയാണ്. സെപ്റ്റംബർ മുതൽ ജനുവരി വരെ 10 ടെസ്റ്റ് മത്സരങ്ങൾ ഇന്ത്യ കളിക്കുന്നുണ്ട്.”- ഒരു ബിസിസിഐ ഉറവിടം പിടിഐ ന്യൂസിനോട് പറയുകയുണ്ടായി.
ബംഗ്ലാദേശിനെതിരെ 2 ടെസ്റ്റ് മത്സരങ്ങളാണ് ഇന്ത്യ കളിക്കാൻ പോകുന്നത്. ശേഷം ന്യൂസിലാൻഡിനെതിരെ 3 ടെസ്റ്റ് മത്സരങ്ങൾ ഇന്ത്യ കളിക്കും. പിന്നീട് ബോർഡർ- ഗവാസ്കർ ട്രോഫി ആരംഭിക്കും. ഓസ്ട്രേലിയക്കെതിരെ 5 ടെസ്റ്റ് മത്സരങ്ങളാണ് ബോർഡർ – ഗവാസ്കർ ട്രോഫിയിൽ ഇന്ത്യ കളിക്കുക. ഈ മത്സരങ്ങളിലൊക്കെയും വിരാട്ടും രോഹിത്തും കളിക്കും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
“2025 ഫെബ്രുവരിയിലാണ് ചാമ്പ്യൻസ് ട്രോഫി ആരംഭിക്കുന്നത്. അതുകൊണ്ടുതന്നെ ഒരാഴ്ച മാത്രം നടക്കുന്ന ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയിൽ കോഹ്ലിയും രോഹിത്തും കളിക്കില്ല. അവർ കളിക്കണമെന്ന ആവശ്യം മുൻപിലേക്ക് വയ്ക്കുകയാണെങ്കിൽ ഞങ്ങൾ അവരെ സ്വാഗതം ചെയ്യും. പക്ഷേ അവർ വിശ്രമം എടുക്കുമെന്ന് ഞങ്ങൾ കരുതുന്നു.”- ബിസിസിഐ വൃത്തം വ്യക്തമാക്കി.