ബംഗ്ലാദേശിനെതിരായ സൂപ്പർ 8 മത്സരത്തിൽ ആക്രമണപരമായ മനോഭാവമാണ് ഇന്ത്യയുടെ ഓപ്പണർമാരായ വിരാട് കോഹ്ലിയും രോഹിത് ശർമയും പുറത്തെടുത്തത്. കോഹ്ലിയുടെയും രോഹിത്തിന്റെയും ഈ സമീപനത്തെ പ്രശംസിച്ചു കൊണ്ടാണ് ഇന്ത്യയുടെ ബോളിംഗ് കോച്ച് പരസ് മാമ്പ്രെ ഇപ്പോൾ രംഗത്ത് വന്നിരിക്കുന്നത്.
മത്സരത്തിൽ ആദ്യ വിക്കറ്റിൽ 22 പന്തുകളിൽ 39 റൺസ് കൂട്ടിച്ചേർക്കാൻ ഈ താരങ്ങൾക്ക് സാധിച്ചിരുന്നു. രോഹിത് ശർമ 11 പന്തുകളിൽ 23 റൺസാണ് ബംഗ്ലാദേശിനെതിരെ നേടിയത്. 3 ബൗണ്ടറികളും ഒരു സിക്സറും രോഹിത്തിന്റെ ഇന്നിംഗ്സിൽ ഉൾപ്പെട്ടു. കോഹ്ലി 28 പന്തുകളിൽ 37 റൺസും നേടുകയുണ്ടായി. ഇതിന് ശേഷമാണ് ഇരുവരെയും അഭിനന്ദിച്ചുകൊണ്ട് ബോളിങ് കോച്ച് രംഗത്ത് എത്തിയിരിക്കുന്നത്.
ഇരു താരങ്ങളുടെയും ഫോമിനെ സംബന്ധിച്ച് ഇനിയും സംശയങ്ങൾ വയ്ക്കേണ്ട ആവശ്യമില്ല എന്നാണ് മാമ്പ്രെ പറഞ്ഞിരിക്കുന്നത്. 2023 ഏകദിന ലോകകപ്പ് മുതൽ രോഹിത് തുടരുന്ന തന്റെ സ്വാഭാവിക മത്സരം തന്നെയാണ് 2024 ട്വന്റി20 ലോകകപ്പിലും കാണാൻ സാധിക്കുന്നത് എന്ന് മാമ്പ്ര കരുതുന്നു.
“ഇന്ത്യൻ പ്രീമിയർ ലീഗിൽ തന്നെ വിരാട് കോഹ്ലിയുടെ ഇത്തരം പ്രകടനങ്ങൾ നമ്മൾ കണ്ടതാണ്. 2023 ലോകകപ്പിന് ശേഷം രോഹിത്തും ഇതേ ശൈലിയിൽ തന്നെയാണ് കളിക്കുന്നത്. രണ്ടു താരങ്ങളും ഇപ്പോൾ മികച്ച ഫോമിലാണുള്ളത് എന്നാണ് ഞാൻ കരുതുന്നത്. എല്ലാ മത്സരങ്ങളിലും കൃത്യമായ തന്ത്രങ്ങളുമായാണ് നമ്മൾ മൈതാനത്ത് എത്തേണ്ടത്. ചില സമയത്ത് ചില താരങ്ങൾ കൃത്യമായി റിസ്ക് എടുക്കാൻ തയ്യാറാവണം. എതിർ ക്രീസിലുള്ള താരം കുറച്ചുകൂടി പ്രതിരോധ സമീപനം സ്വീകരിക്കുകയും വേണം. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള കൂട്ടുകെട്ടുകൾ സംഭവിച്ചിരിക്കും. രോഹിത് നിലവിൽ തന്നെ സ്വാഭാവിക രീതിയിൽ തന്നെയാണ് കളിക്കുന്നത്.”- മാമ്പ്രെ പറഞ്ഞു.
“മത്സരത്തിൽ വിരാട് കോഹ്ലി പുറത്തെടുത്ത മനോഭാവം വളരെയധികം സന്തോഷം നൽകുന്നതാണ്. അത്തരത്തിലുള്ള മനോഭാവമാണ് വരും മത്സരങ്ങളിലും നമ്മൾ വച്ചുപുലർത്തേണ്ടത്. ഇത്തരം നിർണായകമായ മത്സരങ്ങളിൽ വമ്പൻ താരങ്ങളൊക്കെയും 40ഓ 50ഓ റൺസ് എടുക്കുക എന്നത് പ്രാധാന്യമുള്ളതാണ്. അതേസമയം തന്നെ ഇത്തരം മനോഭാവവും മൈതാനത്ത് പുലർത്താൻ സാധിക്കണം. ഇത് ഒരുപാട് പോസിറ്റീവ്നെസ് നൽകുന്നതാണ്. ഒരു ബാറ്റിംഗ് യൂണിറ്റിന് ഇത്തരം മനോഭാവമാണ് ആവശ്യമെന്ന് ഞാൻ കരുതുന്നു. കഴിഞ്ഞ ലോകകപ്പുകളിലെല്ലാം നമ്മൾ ഇതിനെപ്പറ്റി സംസാരിക്കുകയും ചെയ്തതാണ്.”- മാമ്പ്രെ കൂട്ടിച്ചേർക്കുന്നു.
എന്നിരുന്നാലും ഇതുവരെ ട്വന്റി20 ലോകകപ്പിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ വിരാട് കോഹ്ലിയ്ക്ക് സാധിച്ചിട്ടില്ല. തന്റെ പ്രതിഭയ്ക്കോത്ത് ഉയരുന്നതിൽ കോഹ്ലി ഈ ലോകകപ്പിൽ ഇതുവരെ പരാജയപ്പെടുകയാണ് ചെയ്തത്. 5 ഇന്നിംഗ്സുകൾ ഇതുവരെ കളിച്ച കോഹ്ലി 66 റൺസ് മാത്രമാണ് നേടിയത്. 13.20 എന്ന ആവറേജിലാണ് കോഹ്ലിയുടെ പ്രകടനം. ലോകകപ്പിലെ ആദ്യ 3 മത്സരങ്ങളിൽ 5 റൺസ് മാത്രമാണ് കോഹ്ലിയ്ക്ക് നേടാൻ സാധിച്ചത്. ശേഷം അഫ്ഗാനിസ്ഥാനെതിരെ 24 റൺസും ബംഗ്ലാദേശിനെതിരെ 38 റൺസും കോഹ്ലി നേടുകയുണ്ടായി. എന്നിരുന്നാലും വരും മത്സരങ്ങളിൽ കോഹ്ലി മികച്ച പ്രകടനം പുറത്തെടുക്കുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ.