കോഹ്ലിയും ജയസ്വാളും ലോകകപ്പിൽ ഓപ്പൺ ചെയ്യണം. രോഹിത് നാലാം നമ്പറിൽ ഇറങ്ങണം – വസീം ജാഫർ.

2024 ട്വന്റി20 ലോകകപ്പ് ഇന്ത്യ വളരെ പ്രതീക്ഷയോടെ തന്നെ കാണുന്ന ഒന്നാണ്. 2023 ഏകദിന ലോകകപ്പിന്റെ ഫൈനൽ മത്സരത്തിൽ ഓസ്ട്രേലിയക്കെതിരെയാണ് ഇന്ത്യ പരാജയമറിഞ്ഞത്. എന്നാൽ ഇത്തവണ ഫൈനലിലും വിജയം നേടി ഈ ലോകകപ്പ് സ്വന്തമാക്കുക എന്നതാണ് ഇന്ത്യയുടെ ലക്ഷ്യം.

ഇതിനായി ശക്തമായ ഒരു 15 അംഗ സ്ക്വാഡാണ് ഇന്ത്യ തിരഞ്ഞെടുത്തിരിക്കുന്നത്. എന്നിരുന്നാലും പ്രതിഭകളുടെ ധാരാളിത്വം ഇന്ത്യൻ ടീമിനെ ബാധിക്കുന്നുണ്ട്. ഇന്ത്യയ്ക്കായി ലോകകപ്പിൽ ആരൊക്കെ ഓപ്പണറായി ഇറങ്ങണം എന്നതിനെ സംബന്ധിച്ചും വലിയ ചർച്ചകൾ പുരോഗമിക്കുന്നു. ഈ സമയത്ത് ഇന്ത്യൻ ടീമിന്റെ ഓപ്പണിങ് നിരയെ നിർദ്ദേശിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം വസീം ജാഫർ.

ഇന്ത്യക്കായി വിരാട് കോഹ്ലിയും യശസ്വി ജയസ്വാളും ഓപ്പണർമാരായി എത്തണം എന്നാണ് വസീം ജാഫർ പറയുന്നത്. വളരെയധികം പരിചയസമ്പത്തുള്ള രോഹിത് ശർമ മൂന്നാം നമ്പറിലോ നാലാം നമ്പറിലോ ഇറങ്ങിയാൽ മതിയാവുമെന്നും ജാഫർ പറയുകയുണ്ടായി.

നിലവിൽ സ്പിൻ ബോളർമാർക്കെതിരെ വളരെ മികച്ച റെക്കോർഡുകളുള്ള താരമാണ് രോഹിത് ശർമ എന്ന ജാഫർ ഓർമ്മിപ്പിക്കുന്നു. അതിനാൽ തന്നെ മധ്യനിരയിൽ കളിക്കാൻ രോഹിത് എന്തുകൊണ്ടും ശക്തനാണ് എന്ന് ജാഫർ കരുതുന്നു. മൂന്നും നാലും നമ്പരുകളിൽ ഇതുവരെ വളരെ മികച്ച റെക്കോർഡാണ് രോഹിതിനുള്ളത്. മധ്യനിരയിൽ 40 റൺസ് ശരാശരിയിലാണ് രോഹിത് ഇതുവരെ കളിച്ചിട്ടുള്ളത്.

മറുവശത്ത് വിരാട് കോഹ്ലി ഓപ്പണർ എന്ന നിലയിൽ ഇതുവരെ വമ്പൻ പ്രകടനങ്ങളാണ് പുറത്തെടുത്തിട്ടുള്ളത്. 57 റൺസ് ശരാശരിയിൽ 400 റൺസ് ഓപ്പണറായി നേടാൻ കോഹ്ലിയ്ക്ക് ഇതുവരെ സാധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കോഹ്ലിയും ജയസ്വാളും ഇന്ത്യക്കായി ലോകകപ്പിൽ ഓപ്പണർമാരായി എത്തണമെന്ന് ജാഫർ ആവശ്യപ്പെടുന്നത്.

“കോഹ്ലിയും ജയസ്വാളുമായിരിക്കണം ലോകകപ്പിൽ ഇന്ത്യയ്ക്കായി ഇന്നിംഗ്സ് ഓപ്പൺ ചെയ്യേണ്ടത്. രോഹിത് ശർമയും സൂര്യകുമാർ യാദവും മൂന്നും നാലും നമ്പറുകളിൽ കളിക്കണം. രോഹിത് സ്പിന്നർമാർക്കെതിരെ വളരെ മികച്ച രീതിയിൽ ബാറ്റ് ചെയ്യുന്ന താരമാണ്. അതിനാൽ നാലാം നമ്പറിൽ കളിച്ചാലും വലിയ പ്രശ്നമല്ല.”- വസീം ജാഫർ പറയുന്നു.

ജൂൺ ഒന്നിനാണ് 2024 ട്വന്റി20 ലോകകപ്പ് ആരംഭിക്കുന്നത്. ജൂൺ അഞ്ചിന് അയർലൻഡ് ടീമിനെതിരെയാണ് ടൂർണമെന്റിലെ ഇന്ത്യയുടെ ആദ്യ മത്സരം നടക്കുന്നത്. ശേഷം ബദ്ധവൈരികളായ പാക്കിസ്ഥാനെ ഇന്ത്യ നേരിടും. ആദ്യ മത്സരങ്ങളിൽ വിജയം സ്വന്തമാക്കി ആത്മവിശ്വാസം നേടിയെടുക്കാനാണ് ഇന്ത്യയുടെ ശ്രമം.

ഇത്തവണ യുവത്വവും അനുഭവസമ്പത്തും ഒത്തുചേർന്ന ഒരു മികച്ച സ്ക്വാഡിനെ തന്നെയാണ് ഇന്ത്യ ലോകകപ്പിനായി അണിനിരത്തുന്നത്. ഇതിനോടകം തന്നെ പല മുൻ താരങ്ങളും ഇന്ത്യയെ ലോകകപ്പിന്റെ ഫേവറേറ്റുകളായി പ്രഖ്യാപിക്കുകയുണ്ടായി.

Previous articleരോഹിത് ഭയ്യാ ഐപിഎല്ലിനിടെ എന്നോട് ഒരു കാര്യം മാത്രം ആവശ്യപ്പെട്ടു. റിങ്കു സിംഗ് തുറന്നുപറയുന്നു.
Next article“ഞാൻ ഇന്ത്യയ്ക്കായി കളിക്കും, അതാണെന്റെ ഏറ്റവും വലിയ ലക്ഷ്യം “- ആത്മവിശ്വാസം കാട്ടി റിയാൻ പരാഗ്.