ഓസ്ട്രേലിയ എ ടീമിനെതിരായ ഇന്ത്യ എയുടെ രണ്ടാം അനൗദ്യോഗിക ടെസ്റ്റ് മത്സരത്തിന്റെ രണ്ടാം ഇന്നിങ്സിൽ അവിചാരിതമായ രീതിയിൽ പുറത്തായി കെഎൽ രാഹുൽ. മത്സരത്തിന്റെ രണ്ടാം ഇന്നിങ്സിൽ ഇന്ത്യക്കായി കേവലം 10 റൺസ് മാത്രമായിരുന്നു രാഹുലിന് നേടാൻ സാധിച്ചത്. ഇതിന് ശേഷമാണ് എല്ലാവരെയും ചിരിപ്പിക്കുന്ന രീതിയിൽ രാഹുൽ ബോൾഡായി മടങ്ങിയത്.
ഓസ്ട്രേലിയ എടീമിന്റെ സ്പിന്നറായ കോറി റോക്കിസിയോളിയുടെ പന്തിനെ ജഡ്ജ് ചെയ്യുന്നതിൽ രാഹുലിനുണ്ടായ വലിയ പിഴവാണ് മത്സരത്തിൽ വിനയായത്. കോറി എറിഞ്ഞ പന്ത് രാഹുലിന്റെ ലെഗ് സൈഡിലേക്ക് പോവുകയായിരുന്നു. എന്നാൽ കൃത്യമായി പന്തിന്റെ ദിശ നിർണയിക്കുന്നതിൽ രാഹുൽ പരാജയപ്പെട്ടു.
KL Rahul's unusual dismissal Vs Australia A. 🥹💔pic.twitter.com/Ox6R2OGj9w
— Mufaddal Vohra (@mufaddal_vohra) November 8, 2024
പന്തിന്റെ ലൈനിൽ നിന്ന് തന്റെ ഇടത് കാൽ മാറ്റിവയ്ക്കാനും രാഹുൽ തയ്യാറായില്ല. ഇതോടെ പന്ത് നേരെ രാഹുലിന്റെ പാഡിൽ കൊള്ളുകയും സ്റ്റമ്പിലേക്ക് പതിക്കുകയും ചെയ്തു. അനായാസം ലീവ് ചെയ്യാൻ സാധിക്കുന്ന ഒരു പന്തിലാണ് ഇത്തരത്തിൽ അലസമായ ഫുട് മൂവ്മെന്റ് മൂലം രാഹുലിന് വിക്കറ്റ് നഷ്ടമായത്. മത്സരത്തിന്റെ ആദ്യ ഇന്നിംഗ്സിലും വളരെ മോശം ബാറ്റിംഗ് പ്രകടനമായിരുന്നു രാഹുൽ പുറത്തെടുത്തത്. ആദ്യ ഇന്നിംഗ്സിൽ സ്കോട്ട് ബോളണ്ടിന്റെ ഒരു മികച്ച പന്തിൽ രാഹുലിന് തന്റെ വിക്കറ്റ് നഷ്ടമാവുകയായിരുന്നു.ഇന്നിംഗ്സിൽ 4 റൺസ് മാത്രമാണ് രാഹുലിന് നേടാൻ സാധിച്ചത്.
കഴിഞ്ഞ മത്സരങ്ങളിലൊക്കെയും അസ്ഥിരതയാർന്ന ബാറ്റിംഗ് പ്രകടനമായിരുന്നു രാഹുൽ ഇന്ത്യക്കായി കാഴ്ച വെച്ചിരുന്നത്. ബംഗ്ലാദേശിനെതരായ ടെസ്റ്റ് പരമ്പരയിൽ 38, 68 എന്നീ രീതിയിൽ റൺസ് സ്വന്തമാക്കാൻ രാഹുലിന് സാധിച്ചിരുന്നു. എന്നാൽ ശേഷം ന്യൂസിലാൻഡിനെതിരായ പരമ്പരയിൽ രാഹുൽ പരാജയപ്പെടുകയായിരുന്നു. ശേഷമാണ് ഇന്ത്യ രാഹുലിനെ നേരത്തെ തന്നെ ഓസ്ട്രേലിയയിലേക്ക് അയച്ചത്. ഓസ്ട്രേലിയൻ സാഹചര്യങ്ങളിൽ കൂടുതൽ പരിശീലനങ്ങൾ ലഭിക്കുന്നതിനായാണ് രാഹുലിനെ നേരത്തെ തന്നെ അയച്ചത്. പക്ഷേ അനൗദ്യോഗിക ടെസ്റ്റ് മത്സരത്തിലും രാഹുൽ പരാജയപ്പെടുന്നതാണ് കണ്ടത്.
മത്സരത്തിലേക്ക് കടന്നു വന്നാൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ എ 161 റൺസ് മാത്രമാണ് തങ്ങളുടെ ആദ്യ ഇന്നിംഗ്സിൽ നേടിയത്. 80 റൺസ് സ്വന്തമാക്കിയ ധ്രുവ് ജൂറൽ മാത്രമായിരുന്നു ആദ്യ ഇന്നിംഗ്സിൽ ഇന്ത്യൻ ബാറ്റിംഗ് നിരയുടെ നട്ടെല്ലായി മാറിയത്. മറുപടി ബാറ്റിംഗിൽ ഓസ്ട്രേലിയ എ ടീം താരതമ്യേന മികച്ച പ്രകടനം തന്നെയാണ് കാഴ്ചവെച്ചത്. ഓപ്പണർ മാർകസ് ഹാരിസ് അർദ്ധ സെഞ്ച്വറി സ്വന്തമാക്കിയതോടെ ഓസ്ട്രേലിയ 223 എന്ന സ്കോറിൽ എത്തുകയായിരുന്നു. ഇതോടെ ആദ്യ ഇന്നിങ്സിൽ 62 റൺസിന്റെ ലീഡ് സ്വന്തമാക്കാനും ഓസ്ട്രേലിയക്ക് സാധിച്ചു. ശേഷം രണ്ടാം ഇന്നിങ്സിലും ഇന്ത്യ എ ടീം പതറുന്നതാണ് കാണുന്നത്.
Summary – KL Rahul’s unusual dismissal Vs Australia A.