2023 ഇന്ത്യൻ പ്രീമിയർ ലീഗിനിടെ പരിക്കേറ്റ ഇന്ത്യയുടെ പ്രധാന താരം കെ എൽ രാഹുൽ ടീമിലേക്ക് തിരിച്ചുവരാൻ ഒരുങ്ങുന്നു. തിരിച്ചുവരവിന് മുന്നോടിയായി ബാംഗ്ലൂർ ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ കെ എൽ രാഹുൽ പരിശീലനം ആരംഭിച്ചിട്ടുണ്ട്. രാഹുൽ തന്നെയാണ് തന്റെ സാമൂഹ്യ മാധ്യമ അക്കൗണ്ടിലൂടെ ഇതിന്റെ ചിത്രങ്ങൾ പുറത്തുവിട്ടത്. എന്നിരുന്നാലും ഇന്ത്യയുടെ വരാനിരിക്കുന്ന പര്യടനത്തിൽ രാഹുൽ കളിക്കുമോ എന്ന കാര്യം വ്യക്തമല്ല. പക്ഷേ സെപ്റ്റംബറിൽ നടക്കുന്ന പ്രധാന ടൂർണ്ണമെന്റായ ഏഷ്യാകപ്പിൽ രാഹുൽ തിരിച്ചെത്തുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.
2023 ഐപിഎല്ലിൽ വളരെ അവിചാരിതമായ രീതിയിലായിരുന്നു രാഹുലിന് പരിക്കേറ്റത്. ടൂർണമെന്റിൽ ലക്നൗ സൂപ്പർ ജയന്റ്സിന്റെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ മത്സരത്തിനിടെയാണ് രാഹുൽ തുടയ്ക്ക് പരിക്കേറ്റ് മടങ്ങിയത്. ലക്നൗ ക്യാപ്റ്റനായിരുന്ന രാഹുൽ പിന്നീട് സീസണിലെ മത്സരങ്ങളിൽ ഒന്നും തന്നെ കളിച്ചിട്ടില്ല. പരിക്കിനെ തുടർന്ന് രാഹുലിനെ ശസ്ത്രക്രിയയ്ക്ക് ലണ്ടനിലേക്ക് മാറ്റുകയായിരുന്നു. അതിനാൽ തന്നെ രാഹുലിന്റെ തിരിച്ചുവരവ് ഇന്ത്യയെ സംബന്ധിച്ച് വലിയ ആശ്വാസം നൽകുന്നതാണ്.
പരിക്കിനെ തുടർന്ന് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ നിന്ന് രാഹുൽ പിന്മാറിയിരുന്നു. ഇത് ഇന്ത്യയ്ക്ക് വലിയ രീതിയിലുള്ള പ്രശ്നങ്ങൾ സൃഷ്ടിക്കുകയും ചെയ്തു. രാഹുലിന് പകരം ശുഭമാൻ ഗില്ലായിരുന്നു ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ ഓപ്പണറായി രോഹിത്തിനൊപ്പം ഇറങ്ങിയത്. മത്സരത്തിൽ ഓസ്ട്രേലിയയോട് വലിയ തോൽവി തന്നെ ഇന്ത്യയ്ക്ക് നേരിടേണ്ടിവന്നു. അതുകൊണ്ടുതന്നെ വരാനിരിക്കുന്ന ഏഷ്യാകപ്പും ഏകദിന ലോകകപ്പുമൊക്കെ ഇന്ത്യക്ക് മുൻപിലുള്ള വെല്ലുവിളിയായി നിൽക്കുകയാണ്. നിലവിൽ ഏകദിന ടീമിലും ടെസ്റ്റ് ടീമിലും ഒരുപോലെ ബാറ്റിംഗ് പ്രകടനം കാഴ്ചവയ്ക്കാൻ പ്രാപ്തിയുള്ള ക്രിക്കറ്റർ തന്നെയാണ് രാഹുൽ. വരാനിരിക്കുന്ന മത്സരങ്ങളിലൊക്കെയും രാഹുൽ കളിക്കുമെന്നാണ് കരുതുന്നത്.
എന്നിരുന്നാലും ഇന്ത്യയുടെ അടുത്ത പര്യടനത്തിൽ രാഹുൽ കളിക്കില്ല എന്ന കാര്യം ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. ജൂലൈയിൽ വിൻഡിസിനെതിരെയും പിന്നീട് അയർലണ്ടിനെതിരെയും നടത്തുന്ന പരമ്പരകളിലാണ് രാഹുൽ മാറിനിൽക്കുക. ശേഷം ഓസ്ട്രേലിയക്കെതിരെ നടക്കാനിരിക്കുന്ന പരമ്പരയിൽ രാഹുൽ കളിച്ചേക്കും. എന്തായാലും എത്രയും വേഗം രാഹുൽ ടീമിലേക്ക് തിരിച്ചെത്തുമെന്ന് പ്രതീക്ഷയിൽ തന്നെയാണ് ക്രിക്കറ്റ് ആരാധകർ. ലോകകപ്പിന് മുമ്പേ രാഹുൽ തിരിച്ചെത്തി ഫോം കണ്ടെത്തേണ്ടത് ഇന്ത്യയുടെ ലോകകപ്പ് പ്രതീക്ഷകളെ വളരെയധികം സ്വാധീനിക്കുന്നുണ്ട്.