രണ്ടുതവണ ജീവൻ തിരിച്ചു ലഭിച്ചിട്ടും ആവശ്യമായ രീതിയിൽ വിനിയോഗിക്കാതെ കെ എൽ രാഹുലിന്റെ മറ്റൊരു സ്ലോ ഇന്നിംഗ്സ്. രാജസ്ഥാനെതിരായ ലക്നൗ സൂപ്പർ ജയന്റ്സിന്റെ മത്സരത്തിൽ വളരെ പതിഞ്ഞ ഇന്നിംഗ്സാണ് രാഹുൽ കാഴ്ച വെച്ചത്. മത്സരത്തിൽ ടോസ് നേടിയ രാജസ്ഥാൻ ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാൽ ആദ്യ ഓവർ മുതൽ കെഎൽ രാഹുൽ ഇഴഞ്ഞു നീങ്ങുന്നതാണ് കാണാൻ സാധിച്ചത്. മത്സരത്തിൽ ട്രെൻഡ് ബോൾട്ട് എറിഞ്ഞ ആദ്യ ഓവറിൽ ഒരു റൺ പോലും നേടാൻ കെഎൽ രാഹുലിന് സാധിച്ചില്ല. രാഹുലിന്റെ മനോഭാവത്തിലുള്ള പ്രശ്നങ്ങളും ഒപ്പം രാജസ്ഥാൻ നായകൻ സഞ്ജു സാംസന്റെ തന്ത്രപരമായ നീക്കങ്ങളുമാണ് രാഹുലിനെ പിടിച്ചു കെട്ടിയത്.
മത്സരത്തിന്റെ രണ്ടാം ഓവറിൽ സന്ദീപ് ശർമ്മയ്ക്കെതിരെ രാഹുൽ ഒരു ബൗണ്ടറി നേടുകയുണ്ടായിm അവിടെവച്ച് രാഹുൽ തന്റെ വീര്യം ആരംഭിക്കുമെന്ന് എല്ലാവരും കരുതി. എന്നാൽ പിന്നീടും രാഹുൽ തണുപ്പൻ മട്ടിൽ തന്നെയാണ് കളിച്ചത്. നാലാം ഓവറിലെ ആദ്യ പന്തിൽ ജെയിംസ്വാളിനാണ് ആദ്യം രാഹുൽ ക്യാച്ച് നൽകിയത്. എന്നാൽ അത് കൈപ്പിടിയിൽ ഒതുക്കാൻ ജയിസ്വാളിന് സാധിച്ചില്ല. പക്ഷേ തിരിച്ചുകിട്ടിയ ജീവൻ രാഹുൽ യാതൊരു തരത്തിലും മുതലാക്കുന്നതും മത്സരത്തിൽ കാണാൻ സാധിച്ചില്ല.
പിന്നീട് അഞ്ചാം ഓവറിലെ അവസാന പന്തിലും രാഹുൽ ഒരു മിസ്ടൈം ഷോട്ട് കളിക്കുകയുണ്ടായി. ബോൾ ഉയർത്തിയടിക്കാൻ ശ്രമിച്ച രാഹുലിന് ഒരു ക്യാച്ച് വഴങ്ങേണ്ടിവന്നു. പക്ഷേ ജയ്സൺ ഹോൾഡർ പുറകിലേക്ക് ഓടിയെങ്കിലും പന്ത് കൈപിടിയിൽ ഒതുക്കുന്നതിൽ പരാജയപ്പെടുകയായിരുന്നു. ഇങ്ങനെ രണ്ടു തവണ രാഹുലിന് ജീവൻ തിരിച്ചു ലഭിക്കുകയുണ്ടായി. പക്ഷേ മത്സരത്തിൽ അത് മുതലാക്കാൻ രാഹുലിന് സാധിച്ചില്ല. മത്സരത്തിൽ 32 പന്തുകൾ നേരിട്ട രാഹുൽ 39 റൺസ് മാത്രമാണ് നേടിയത്. ഇന്നിംഗ്സിൽ നാല് ബൗണ്ടറികളും ഒരു സിക്സറും ഉൾപ്പെട്ടു.
ഇതാദ്യമായല്ല രാഹുൽ ഇത്തരം ഇന്നിങ്സുകൾ കാഴ്ചവയ്ക്കുന്നത്. പല മത്സരങ്ങളിലും റൺസ് നേടാൻ ശ്രമിക്കുന്നുണ്ടെങ്കിലും രാഹുലിന്റെ സ്ട്രൈക്ക് റേറ്റ് ഒരു പ്രധാന പ്രശ്നം തന്നെയാണ്. ഇത് പല മത്സരങ്ങളിലും ലക്നൗ സൂപ്പർ ജെയൻസിനെ ബാധിക്കുന്നുണ്ട് എന്നതും പ്രധാന കാര്യമാണ്. പ്രത്യേകിച്ച് പല ബാറ്റിംഗ് വിക്കറ്റുകളിലും മറ്റു ടീമുകൾ ആദ്യബോള്‍ മുതൽ അടിച്ചു തകർക്കാൻ നോക്കുമ്പോൾ രാഹുലിന്റെ ഇത്തരത്തിലുള്ള ഇന്നിംഗ്സുകൾ കല്ലുകടിയാകുന്നു. രാഹുലിനെ പുറത്താക്കാനത് രാജസ്ഥാന്‍റെ തന്ത്രമെന്നാണ് തമാശ രൂപേണേ ആരാധകര്‍ പറയുന്നത്.