രോഹിത് ശര്മക്ക് ശേഷം ഇന്ത്യയുടെ 3 ഫോർമാറ്റുകളിലെയും നായകനായി കെ എൽ രാഹുൽ വരും എന്നായിരുന്നു വളരെ കുറച്ച് നാളുകൾക്ക് മുൻപ് വരെ എല്ലാവരും പ്രതീക്ഷിച്ചിരുന്നത്. എന്നാൽ വളരെ പെട്ടെന്നാണ് സാഹചര്യങ്ങൾ മാറിമറിഞ്ഞത്. താരത്തിന്റെ മോശം ഫോം ഇപ്പോൾ നായകസ്ഥാനം പോയിട്ട് ടീമിൽ ഒരു സ്ഥാനം ഉണ്ടാകുമോ എന്ന കാര്യത്തിൽ യാതൊരുവിധ ഉറപ്പുമില്ല. ടെസ്റ്റിലെയും 20-20ലെയും ടീമിലെ സ്ഥാനം ഏറെക്കുറെയും താരത്തിന് നഷ്ടമായിട്ടുണ്ട്.
ഏകദിനത്തിലെയും ടെസ്റ്റ് ക്രിക്കറ്റിലെയും വൈസ് ക്യാപ്റ്റൻ സ്ഥാനത്തു നിന്നും താരത്തെ പുറത്താക്കി. ഏകദിനം മാത്രമാണ് താരത്തിന് ഇപ്പോൾ ഏക പ്രതീക്ഷയുള്ള ഫോർമാറ്റ്. ഭേദപ്പെട്ട പ്രകടനമാണ് ഏകദിനത്തിൽ താരം പുറത്തെടുത്തുകൊണ്ടിരിക്കുന്നത്. ഇപ്പോൾ ഏകദിനത്തിലെ വിക്കറ്റ് കീപ്പർ സ്ഥാനം കൈകാര്യം ചെയ്യുന്ന താരത്തിന് ഒരു പക്ഷേ പരിക്കിൽ നിന്നും മോചിതനായി ഋഷബ് പന്ത് തിരിച്ചുവന്നാൽ ആ സ്ഥാനവും നഷ്ടമായേക്കാം.
ഈ സമ്മർദ്ദങ്ങൾ കൂടാതെ ബി.സി.സി.ഐയിൽ നിന്നും മറ്റൊരു പ്രഹരം കൂടി ഏറ്റിരിക്കുകയാണ് താരത്തിന്. ബി.സി.സി.ഐയുടെ മുഖ്യ കരാറിൽ നിന്നും താരത്തിനെ ഒഴിവാക്കിയിരിക്കുകയാണ്. പുതിയ കരാറിൽ നേരത്തെ എ ഗ്രേഡിൽ ഉണ്ടായിരുന്ന താരം ഇപ്പോൾ ഉള്ളത് ബി ഗ്രേഡിലാണ്. ബി.സി.സി.ഐയുടെ ഭാഗത്തു നിന്നും കരിയറിലെ മോശം അവസ്ഥയിലൂടെ കടന്നു പോകുന്ന രാഹുലിന് ഇത്തരം പ്രഹരം ലഭിച്ചതോടെ ആരാധകരും നിരാശയിലാണ്.
പലരും ഇതേക്കുറിച്ച് സാമൂഹ്യമാധ്യമങ്ങളിൽ പ്രതികരിക്കുകയും ചെയ്തിട്ടുണ്ട്. കരിയറിൽ പല തിരിച്ചടികളാണ് കഴിഞ്ഞ അഞ്ചുമാസത്തിനിടയിൽ രാഹുൽ നേരിട്ടത്. എല്ലാ കാര്യങ്ങളും അദ്ദേഹത്തിന് എതിരായിരിക്കുകയാണ് എന്നാണ് ആരാധകർ പറയുന്നത്. ഈ മോശം കാലഘട്ടത്തിൽ നിന്നും ശക്തമായി തിരിച്ചുവന്ന് ആ പഴയ രാഹുലിനെ തങ്ങൾക്ക് തിരികെ തരണമെന്നാണ് ആരാധകരുടെ ആവശ്യം.