രാഹുലിന് ഈ സീസണ്‍ നഷ്ടം. പകരം ഇന്ത്യൻ താരം ലക്നൗവിലേക്ക്.

2023 ഇന്ത്യൻ പ്രീമിയർ ലീഗിൽ ലക്നൗവിനേറ്റ ഏറ്റവും വലിയ തിരിച്ചടിയായിരുന്നു കെ എൽ രാഹുലിന്റെ പരിക്ക്. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ മത്സരത്തിനിടെ കാലിന് പരിക്കേറ്റ രാഹുൽ 2023 ഇന്ത്യൻ പ്രീമിയർ ലീഗിലെ ഇനിയുള്ള മത്സരങ്ങൾ കളിക്കില്ല എന്ന് ഉറപ്പായിട്ടുണ്ട്. മാത്രമല്ല ജൂണിൽ നടക്കുന്ന ലോക ടെസ്റ്റ്‌ ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ നിന്നും രാഹുൽ പുറത്തായിരിക്കുകയാണ്. ഈ സാഹചര്യത്തിൽ കെഎൽ രാഹുലിന് പകരക്കാരനെ കണ്ടെത്തിയിരിക്കുകയാണ് ലക്നൗ സൂപ്പർ ജയന്റ്സ്. ബാംഗ്ലൂരിന്റെ മുൻ താരം കരുൺ നായരാണ് രാഹുലിന് പകരം ലക്നൗ ടീമിലേക്ക് എത്തുന്നത്.

കരുണിന്റെ മുൻ വർഷത്തെ ട്വീറ്റ് പുറത്തുവിട്ടാണ് ലക്നൗ ഇക്കാര്യം സ്ഥിരീകരിച്ചത്. ഇന്ത്യക്കായി ടെസ്റ്റ് ക്രിക്കറ്റിൽ രണ്ടാം ത്രിപിൾ സെഞ്ച്വറി നേടിയ ക്രിക്കറ്റർ ആയിരുന്നു കരുൺ നായർ. ശേഷം കരുണിനെ ഇന്ത്യ ടീമിൽ നിന്ന് ഒഴിവാക്കുകയാണുണ്ടായത്. ഇതിനുശേഷം “പ്രിയപ്പെട്ട ക്രിക്കറ്റ്, എനിക്ക് ഒരവസരം കൂടി നൽകൂ” എന്ന് കരുൺ ട്വീറ്റ് ചെയ്തിരുന്നു. ഈ ടീറ്റിനെ മുൻനിർത്തിയാണ് ലക്നൗ കരുണിന്റെ ടീമിലേക്കുള്ള പ്രവേശനത്തെ എടുത്തു കാട്ടുന്നത്. കരുണിന്റെ ഇന്ത്യൻ പ്രീമിയർ ലീഗിലെ പത്താം സീസണാണ് ഇത്. ഇതുവരെ ഇന്ത്യൻ പ്രീമിയർ ലീഗിൽ 76 മത്സരങ്ങൾ കളിച്ചിട്ടുള്ള കരുൺ 1496 റൺസ് നേടിയിട്ടുണ്ട്. ഇതുവരെ നാലു ഫ്രാഞ്ചൈസികൾക്ക് വേണ്ടിയാണ് കരുൺ ഐപിഎല്ലിൽ കളിച്ചിട്ടുള്ളത്. തന്റെ ഐപിഎൽ കരിയറിൽ 10 അർദ്ധസെഞ്ച്വറികളും കരുൺ നായർ നേടിയിട്ടുണ്ട്.

klr

മുൻപ് ആഭ്യന്തര ക്രിക്കറ്റിൽ വളരെ മികച്ച പ്രകടനങ്ങളായിരുന്നു കരുൺ നായർ കാഴ്ചവച്ചിരുന്നത്. ശേഷമാണ് 2013 ഐപിഎൽ സീസണിൽ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് കരുൺ നായരെ സ്വന്തമാക്കിയത്. ശേഷം 2014ൽ കരുണ്‍ നായര്‍ രാജസ്ഥാനിലേക്ക് നീങ്ങി. ശേഷം 2016ൽ ഡൽഹി ഡേയർഡെവിൾസിനായും കരുൺ നായർ കളിക്കുകയുണ്ടായി. പിന്നീട് 2017ൽ പഞ്ചാബ് കിംഗ്സിനായി കരുൺ മൈതാനത്ത് ഇറങ്ങിയിരുന്നു. ശേഷം 2022ൽ രാജസ്ഥാൻ റോയൽസിനായി അണിനിരന്നെങ്കിലും കേവലം മൂന്ന് മത്സരങ്ങളിൽ മാത്രം കളിക്കാനേ കരുൺ നായർക്ക് സാധിച്ചുള്ളൂ. 16 റൺസ് മാത്രമായിരുന്നു സീസണിൽ കരുൺ നായർ നേടിയത്.

50 ലക്ഷം രൂപയ്ക്കാണ് ലക്നൗ ഇപ്പോൾ കരുണിനെ ടീമിൽ എത്തിച്ചിരിക്കുന്നത്. നിലവിൽ 2023ലെ ഇന്ത്യൻ പ്രീമിയർ ലീഗൽ മികച്ച നിലയിൽ തന്നെയാണ് ലക്നൗ ഇതുവരെ. പത്ത് മത്സരങ്ങൾ കളിച്ച ലക്നൗ അഞ്ചു വിജയങ്ങളടക്കം 11 പോയിന്റുകൾ ചേർത്തിട്ടുണ്ട്. മെയ് ഏഴിന് ഗുജറാത്ത് ടൈറ്റൻസിനെതിരെയാണ് ലക്നൗവിന്റെ അടുത്ത മത്സരം നടക്കുന്നത്. അഹമ്മദാബാദിൽ നടക്കുന്ന മത്സരം ലക്നൗവിനെ സംബന്ധിച്ച് വളരെ നിർണായകം തന്നെയാണ്. അതിനാൽ ഉടൻതന്നെ കരുൺ നായരെ ടീമിൽ എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് ലക്നൗ ഇപ്പോൾ.