രാഹുൽ 2 പരിശീലന മത്സരങ്ങൾ കളിച്ചു, ഫിറ്റ്നസ് വീണ്ടെടുത്തെന്ന് അജിത് അഗാർക്കർ.

kl rahul lsg

ഏഷ്യാകപ്പിലും വരാനിരിക്കുന്ന ഏകദിന ലോകകപ്പിലും ഇന്ത്യൻ ടീമിന് വളരെ ആശങ്കയുണ്ടാക്കുന്ന ഒന്നാണ് നാലാം നമ്പർ ബാറ്റർ രാഹുലിന്റെ പരിക്ക്. ഏഷ്യാകപ്പ് സ്ക്വാഡിൽ രാഹുലിനെ മുൻപ് ഉൾപ്പെടുത്തിയിരുന്നെങ്കിലും, ഇതുവരെ മത്സരത്തിന് ഇറങ്ങാൻ രാഹുലിന് സാധിച്ചിട്ടില്ല. എന്നാൽ രാഹുലിന്റെ പരിക്കിനെ സംബന്ധിച്ചുള്ള വ്യക്തമായ സൂചനകൾ നൽകുകയാണ് ഇന്ത്യയുടെ ചീഫ് സെലക്ഷൻ കമ്മിറ്റി തലവൻ അജിത്ത് അഗാർക്കർ.

കുറച്ചധികം നാളുകളായി പരിക്കിന്റെ പിടിയിലായിരുന്ന ഇന്ത്യൻ താരം രാഹുൽ തന്റെ ഫിറ്റ്നസ് പൂർണമായും വീണ്ടെടുത്തിട്ടുണ്ടെന്നും, ലോകകപ്പ് ടീമിൽ കളിക്കാൻ സജ്ജനാണെന്നുമാണ് അഗാർക്കർ പറഞ്ഞത്. രാഹുലിന്റെ പരിക്കിനെ സംബന്ധിച്ച് വ്യക്തതയില്ലെന്നും, രാഹുലിനെ ലോകകപ്പ് ടീമിൽ ഉൾപ്പെടുത്തിയതിന്റെ ഔചിത്യമെന്തെന്നുമുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ഉത്തരം നൽകുകയായിരുന്നു അഗാർക്കർ.

2023 മാർച്ചിലായിരുന്നു രാഹുൽ അവസാനമായി ഇന്ത്യൻ നിരയിൽ കളിച്ചത്. പിന്നീട് രാഹുലിന് പരിക്ക് പിടിപെടുകയായിരുന്നു. നിലവിൽ ഏഷ്യാകപ്പിലെ ഒരു സാന്നിധ്യമാണ് കെഎൽ രാഹുൽ. ഗ്രൂപ്പ് മത്സരങ്ങളിൽ ഏഷ്യാകപ്പിൽ തന്റെ സാന്നിധ്യം അറിയിക്കാൻ സാധിച്ചില്ലെങ്കിലും ഇനിയുള്ള ഇന്ത്യയുടെ മത്സരങ്ങളിൽ രാഹുൽ കളിക്കും എന്നാണ് പ്രതീക്ഷ. ഇതിനു മുന്നോടിയായാണ് അജിത്ത് അഗാർക്കറുടെ പരാമർശം. “രാഹുൽ പൂർണ്ണമായും അയാളുടെ ഫിറ്റ്നസ് വീണ്ടെടുത്തു കഴിഞ്ഞിട്ടുണ്ട്. ഇപ്പോൾ നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ പരിശീലനം നടത്തുകയാണ് കെഎൽ രാഹുൽ. അയാളുടെ പരിക്ക് പൂർണമായും ഭേദമായിട്ടുണ്ട്.”- അഗാർക്കർ പറയുന്നു.

Read Also -  അംപയറെ ചോദ്യം ചെയ്തു. കനത്ത ശിക്ഷ വിധിച്ച് ബിസിസിഐ.

“കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ 2 ഏകദിന മത്സരങ്ങൾ പൂർണമായി കളിക്കാൻ കെഎൽ രാഹുലിന് സാധിച്ചിട്ടുണ്ട്. രണ്ടു മത്സരങ്ങളിലും ഒരുപാട് സമയം ബാറ്റ് ചെയ്യാനും രാഹുലിന് സാധിച്ചു. രാഹുലിനെ പോലെ ഒരു താരം തിരികെ ഫിറ്റ്നസ് വീണ്ടെടുക്കുന്നത് വലിയ സന്തോഷം തന്നെ നൽകുന്നുണ്ട്. രാഹുലിന്റെ സാന്നിധ്യം ലോകകപ്പ് ടീമിനും സന്തുലിതാവസ്ഥ സമ്മാനിക്കും എന്നാണ് ഞാൻ കരുതുന്നത്.”- അഗാർക്കർ കൂട്ടിച്ചേർത്തു.

ഇന്ത്യയുടെ ഏഷ്യാകപ്പ് സ്ക്വാഡിൽ നിന്നും മൂന്നു പേരെ ഒഴിവാക്കിയാണ് ഇന്ത്യ തങ്ങളുടെ ലോകകപ്പിനുള്ള സ്‌ക്വാഡ് നിശ്ചയിച്ചിരിക്കുന്നത്. മലയാളി താരം സഞ്ജു സാംസൺ, യുവതാരം തിലക് വർമ്മ, പേസ് ബോളർ പ്രസീദ് കൃഷ്ണ എന്നിവരെയാണ് ഇന്ത്യ ലോകകപ്പിനുള്ള സ്ക്വാഡിൽ നിന്ന് ഒഴിവാക്കിയത്. എന്നാൽ സഞ്ജു സാംസനെ ഒഴിവാക്കിക്കൊണ്ട് ഇന്ത്യ സൂര്യകുമാർ യാദവിനെ സ്ക്വാഡിൽ ഉൾപ്പെടുത്തിയതിനെതിരെ വലിയ രീതിയിലുള്ള വിമർശനങ്ങൾ പൊട്ടിപ്പുറപ്പെടുന്നുണ്ട്. ലോകകപ്പിന് തൊട്ടുമുൻപായി മൂന്നു മത്സരങ്ങൾ അടങ്ങുന്ന ഏകദിന പരമ്പര ഇന്ത്യ ഓസ്ട്രേലിയക്കെതിരെ കളിക്കും.

Scroll to Top