ലോകക്രിക്കറ്റിലെ ടോപ് 5 ബാറ്റർമാരെ തിരഞ്ഞെടുത്ത് കെഎൽ രാഹുൽ. ബാബർ ആസമും കോഹ്ലിയും ലിസ്റ്റിൽ.

സെപ്റ്റംബർ 19നാണ് ഇന്ത്യയുടെ ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്. ഇതിന് മുന്നോടിയായുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യൻ ടീം. 2 മത്സരങ്ങളടങ്ങിയ പരമ്പരയ്ക്കുള്ള ടീമിനെ ഇതിനോടകം തന്നെ പ്രഖ്യാപിച്ചു കഴിഞ്ഞു. പാകിസ്ഥാനെതിരെ പാകിസ്ഥാൻ മണ്ണിൽ ചരിത്രവിജയം സ്വന്തമാക്കിയ ആത്മവിശ്വാസത്തിലാണ് ബംഗ്ലാദേശ് ഇന്ത്യക്കെതിരെ കളിക്കാൻ ഇറങ്ങുന്നത്.

ആദ്യ ടെസ്റ്റിനുള്ള സ്ക്വാഡിൽ ഇന്ത്യ മധ്യനിര ബാറ്ററായി കെഎൽ രാഹുലിനെ ഉൾപ്പെടുത്തിയിട്ടുണ്ട് എന്നതാണ് പ്രധാനപ്പെട്ട കാര്യം. രഹാനെയുടെ അഭാവത്തിൽ രാഹുലിന് ഇന്ത്യയെ മധ്യനിരയിൽ കൈപിടിച്ചു കയറ്റാൻ സാധിക്കും എന്നാണ് വിശ്വസിക്കുന്നത്. ഇപ്പോൾ അന്താരാഷ്ട്ര ക്രിക്കറ്റിലെ തന്റെ ഏറ്റവും പ്രിയപ്പെട്ട ബാറ്റർമാരെ തിരഞ്ഞെടുത്ത് രംഗത്ത് എത്തിയിരിക്കുകയാണ് രാഹുൽ.

നിലവിലെ അന്താരാഷ്ട്ര ക്രിക്കറ്റിൽ താൻ ഒന്നാം നമ്പർ ബാറ്ററായി കാണുന്നത് വിരാട് കോഹ്ലിയെയാണ് എന്ന് രാഹുൽ പറയുകയുണ്ടായി. ഇന്ത്യയുടെ മുൻ നായകനായ വിരാട് കോഹ്ലി ബാറ്റിംഗിൽ അങ്ങേയറ്റം മികവ് പുലർത്തിയ താരം കൂടിയാണ്. സച്ചിൻ ടെണ്ടുൽക്കറുടെ ഏകദിന സെഞ്ച്വറി റെക്കോർഡ് മറികടക്കാൻ കോഹ്ലിയ്ക്ക് ഇതിനോടകം സാധിച്ചിട്ടുണ്ട്. അതിനാൽ കോഹ്ലിയാണ് തന്റെ ഏറ്റവും പ്രിയപ്പെട്ട ബാറ്റർ എന്ന് രാഹുൽ പറയുന്നു. രണ്ടാമത്തെ പ്രിയപ്പെട്ട ബാറ്ററായി രാഹുൽ തിരഞ്ഞെടുത്തിരിക്കുന്നത് ഇന്ത്യൻ നായകൻ രോഹിത് ശർമയാണ്. വെടിക്കെട്ട് ഓപ്പണറായ രോഹിത്, കഴിഞ്ഞ സമയങ്ങളിൽ ഇന്ത്യക്കായി തട്ടുപൊളിപ്പൻ പ്രകടനങ്ങളാണ് കാഴ്ച വെച്ചിട്ടുള്ളത്.

നായകൻ എന്ന നിലയിലും കഴിഞ്ഞ സമയങ്ങളിൽ ഇന്ത്യയ്ക്കായി മികവ് പുലർത്താൻ രോഹിത്തിന് സാധിച്ചിരുന്നു. ട്വന്റി20 ലോകകപ്പിൽ ഇന്ത്യയെ കിരീടത്തിൽ എത്തിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചത് രോഹിത് ശർമയായിരുന്നു. ഏറ്റവും മികച്ച മൂന്നാമത്തെ ബാറ്ററായി രാഹുൽ തിരഞ്ഞെടുക്കുന്നത് ട്വന്റി20 നായകൻ സൂര്യകുമാർ യാദവിനെയാണ്. ലോക ക്രിക്കറ്റിലെ മികച്ച നാലാം നമ്പർ ബാറ്ററായി രാഹുൽ തെരഞ്ഞെടുത്തിരിക്കുന്നത് പാക്കിസ്ഥാന്റെ മുൻ നായകനായ ബാബർ ആസമിനെയാണ്. സമീപകാലത്ത് മോശം ഫോമിലാണ് കളിക്കുന്നതെങ്കിലും വളരെ ക്ലാസുള്ള ഒരു താരം തന്നെയാണ് ബാബർ ആസാം.

തന്റെ ലിസ്റ്റിലെ അഞ്ചാമത്തെ ഏറ്റവും മികച്ച ബാറ്റർ ഓസീസ് ഓപ്പണർ ട്രാവിസ് ഹെഡാണ് എന്ന് രാഹുൽ പറയുന്നു. കഴിഞ്ഞ കാലങ്ങളിൽ ഓസ്ട്രേലിയക്കായി തട്ടുപൊളിപ്പൻ പ്രകടനങ്ങളാണ് ഹെഡ് കാഴ്ച വെച്ചിട്ടുള്ളത്. എന്നാൽ ലോക ക്രിക്കറ്റിലെ ഫാബുലസ് ഫോറായ സ്റ്റീവ് സ്മിത്ത്, ജോ റൂട്ട്, കെയിൻ വില്യംസൺ എന്നിവരെ ഒഴിവാക്കിയാണ് രാഹുൽ ഈ ലിസ്റ്റ് തെരഞ്ഞെടുത്തിരിക്കുന്നത്. ഇന്ത്യയുടേ ബംഗ്ലാദേശിനെതിരെ വരാനിരിക്കുന്ന ടെസ്റ്റ് പരമ്പരയിൽ വലിയ പ്രതീക്ഷയോടെ തന്നെയാണ് രാഹുൽ നിലകൊള്ളുന്നത്. കഴിഞ്ഞ സമയങ്ങളിൽ ഇന്ത്യൻ ടീമിൽ സ്ഥിര സാന്നിധ്യമായി മാറാൻ രാഹുലിന് സാധിച്ചിരുന്നില്ല.

Previous articleബാറ്റിംഗിൽ ഉഗ്രന്‍ പ്രകടനവുമായി അഖിൽ എംഎസ്. തൃശൂരിനെ വീഴ്ത്തി ട്രിവാൻഡ്രം. 8 വിക്കറ്റിന്റെ വിജയം.
Next article9 റൺസ് വഴങ്ങി 4 വിക്കറ്റ്. അക്ഷയ് ചന്ദ്രന് മുമ്പിൽ മുട്ടുമടക്കി ട്രിവാൻഡ്രം. ആലപ്പിയ്ക്ക് വമ്പൻ വിജയം.