കഴിഞ്ഞ ടെസ്റ്റ് മത്സരങ്ങളിലൊക്കെയും ഇന്ത്യയെ സംബന്ധിച്ച് വലിയ തലവേദനയാണ് ഉപനായകൻ കെ എൽ രാഹുൽ. കഴിഞ്ഞ കുറച്ചധികം കാലമായി യാതൊരു തരത്തിലും തന്റെ ഫോമിലേക്ക് തിരിച്ചെത്താൻ രാഹുലിന് സാധിച്ചിട്ടില്ല. ഈ അവസരത്തിൽ ഇന്ത്യയുടെ മുൻ താരം വെങ്കിടേഷ് പ്രസാദ് അടക്കമുള്ളവർ രാഹുലിനെതിരെ വിമർശനങ്ങൾ ഉന്നയിക്കുകയുണ്ടായി.
തന്റെ പ്രകടനങ്ങൾ കൊണ്ടല്ല, പക്ഷാപാതപരമായിട്ടാണ് രാഹുൽ ടീമിൽ തുടരുന്നത് എന്ന് പോലും വെങ്കിടേഷ് പ്രസാദ് പറഞ്ഞിരുന്നു. എന്നാൽ രാഹുലിന് വിദേശ പിച്ചുകളിൽ മികച്ച റെക്കോർഡാണ് ഉള്ളതെന്നും, അതുകൊണ്ട് രാഹുലിന് വീണ്ടും ഞങ്ങൾ പിന്തുണ നൽകാനാണ് ശ്രമിക്കുന്നതെന്നും ഇന്ത്യയുടെ നായകൻ രോഹിത് ശർമയും കോച്ച് രാഹുൽ ദ്രാവിഡും സംസാരിക്കുകയുണ്ടായി. ഈ വാദം പൊളിച്ചുകൊണ്ട് രംഗത്തുവന്നിരിക്കുകയാണ് വെങ്കിടേഷ് പ്രസാദ്.
രാഹുലിന്റെ വിദേശ പിച്ചുകളിലെ മോശം പ്രകടനങ്ങളുടെ കണക്കുകൾ നിരത്തിയാണ് വെങ്കിടേഷ് പ്രസാദ് സംസാരിച്ചത്. “രാഹുലിന് വിദേശ പിച്ചുകളിൽ മികച്ച റെക്കോർഡ് ഉണ്ടെന്നാണ് ഇപ്പോഴും പലരും കരുതുന്നത്. എന്നാൽ അങ്ങനെയല്ല കാര്യങ്ങൾ. 56 ഇന്നിങ്സുകൾ വിദേശ പിച്ചിൽ കളിച്ചിട്ടുള്ള രാഹുലിന്റെ ശരാശരി വെറും 30 റൺസ് മാത്രമാണ്. അയാൾ ആറു വിദേശ സെഞ്ച്വറികൾ നേടിയപ്പോഴും, ബാക്കിയെല്ലാ ഇന്നിങ്സിലും മോശം പ്രകടനം തന്നെ കാഴ്ചവെച്ചിട്ടുണ്ട്. അതുമൂലമാണ് 30 റൺസ് ശരാശരിയിൽ അദ്ദേഹം ഇപ്പോഴും തുടരുന്നത്.”- വെങ്കിടേഷ് പ്രസാദ് പറഞ്ഞു.
“ഇപ്പോഴുള്ള ഇന്ത്യയുടെ ഓപ്പണർമാരെ പരിശോധിച്ചാൽ വിദേശ പിച്ചുകളിൽ ഏറ്റവും നല്ല റെക്കോർഡുള്ളത് ശിഖർ ധവാനാണ്. 40 റൺസിനടുത്താണ് ശിഖർ ധവാന്റെ വിദേശ പിച്ചുകളിലെ ശരാശരി. മാത്രമല്ല 5 സെഞ്ചുറികളും ധവാൻ വിദേശത്ത് നേടിയിട്ടുണ്ട്. എന്നിരുന്നാലും ധവാനും ടെസ്റ്റ് മത്സരങ്ങളിൽ ഇന്ത്യക്കായി സ്ഥിരത പുലർത്തുന്നില്ല. എന്നാൽ ശ്രീലങ്ക, ന്യൂസിലാൻഡ് തുടങ്ങിയ രാജ്യങ്ങൾക്കെതിരെ മികച്ച റെക്കോർഡാണ് ധവാനുള്ളത്. ഇന്ത്യയിലും ധവാൻ നല്ല റെക്കോർഡ് സ്ഥാപിച്ചിട്ടുണ്ട്.”- വെങ്കിടേഷ് പ്രസാദ് കൂട്ടിച്ചേർക്കുന്നു.
നിലവിൽ ഓസീസിനെതിരെ നടക്കുന്ന ടെസ്റ്റ് പരമ്പരയിലെ രണ്ട് ടെസ്റ്റുകളിലും മോശം ബാറ്റിംഗ് പ്രകടനം തന്നെയാണ് കെ എൽ രാഹുൽ കാഴ്ച വച്ചിട്ടുള്ളത്. മികച്ച ഫോമിലുള്ള ശുഭമാൻ ഗിൽ പുറത്തിരിക്കുമ്പോൾ രാഹുലിന് വീണ്ടും അവസരങ്ങൾ നൽകുന്നതാണ് മുൻ ഇന്ത്യൻ താരങ്ങളെയടക്കം ചോടിപ്പിച്ചിരിക്കുന്നത്.