നിലവിലെ ഇന്ത്യൻ ടെസ്റ്റ് ടീം ഉപനായകനായ കെ എൽ രാഹുലിന്റെ ഫോം ഇന്ത്യക്ക് തലവേദന ഉണ്ടാക്കുന്നുണ്ട്. ഓസീസിനെതിരായ ആദ്യ ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിലും രാഹുൽ ബാറ്റിംഗിൽ പരാജയപ്പെട്ടതോടെ വിമർശന ശരങ്ങളുടെ എണ്ണം വർധിച്ചിട്ടുണ്ട്. ഇന്ത്യക്കായി സമീപകാലത്ത് ഏറ്റവും മികച്ച രീതിയിൽ ബാറ്റ് ചെയ്തിരുന്ന ഗില്ലിനെ ഒഴിവാക്കിയായിരുന്നു ഉപനായകൻ രാഹുലിനെ ഇന്ത്യ കളിച്ചത്. എന്നാൽ ഇനിയും മോശം ഫോം തുടർന്നാൽ രാഹുലിനെ പുറത്താക്കാൻ ഇന്ത്യ മടിക്കില്ല എന്ന സൂചനയാണ് ഒരു ബിസിസിഐ ഉന്നതൻ നൽകുന്നത്.
ഉപനായകനായതിന്റെ പേരിൽ രാഹുലിനെ ടീമിൽ നിന്ന് ഒഴിവാക്കാൻ സാധിക്കില്ല എന്ന വാദം തള്ളിക്കളഞ്ഞു കൊണ്ടായിരുന്നു ബി.സി.സി.ഐ ഒഫീഷ്യൽ സംസാരിച്ചത്. “ഉപനായകനെ പുറത്താക്കാനാവില്ല എന്ന് ആരാണ് പറഞ്ഞത്? അങ്ങനെ ഉപനായകനെ ഒഴിവാക്കാൻ പാടില്ല എന്ന നിയമമൊന്നും നിലവിലില്ല. രാഹുൽ തീർച്ചയായും ഇന്ത്യയുടെ ഭാവി ടെസ്റ്റ് നായകനാവാൻ സാധ്യതയുള്ള ക്രിക്കറ്ററാണ്. എന്നാൽ മികച്ച ഫോമിലുള്ള കളിക്കാർ ബെഞ്ചിലിരിക്കുമ്പോൾ മറ്റൊന്നും പരിഗണിക്കാൻ സാധിക്കില്ല.”- ബിസിസിഐ ഒഫീഷ്യൽ ഇൻസൈഡ് സ്പോർട്ടിനോട് പറഞ്ഞു.
രാഹുലിന്റെ ഫോമിനെ സംബന്ധിച്ചും ഒഫീഷ്യൽ സംസാരിക്കുകയുണ്ടായി. “രാഹുൽ എല്ലാ ഫോർമാറ്റുകളിലും മോശം ഫോമിലാണ് എന്നുള്ളത് വസ്തുതയാണ്. പ്രത്യേകിച്ച് ടെസ്റ്റിലും ട്വന്റി20യിലും. ഏകദിനങ്ങളിലും ഇന്നിങ്സ് കെട്ടിപ്പടുക്കുന്നതിൽ രാഹുൽ പരാജയപ്പെടുകയുണ്ടായി. എന്നിരുന്നാലും കഴിഞ്ഞ രണ്ടു വർഷങ്ങളിൽ നമുക്ക് ഒരുപാട് ടെസ്റ്റ് മത്സരങ്ങൾ കളിക്കാൻ സാധിച്ചിട്ടില്ല. അത് ഒരു കാര്യമാണ്. അതിനാൽ തന്നെ ഈ പരമ്പരയിൽ രാഹുൽ തിരിച്ചുവരവ് നടത്തുന്നത് തന്നെയാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ അയാൾക്ക് അതിന് സാധിച്ചില്ലെങ്കിൽ, ഗിൽ തന്നെയാണ് മികച്ച ഓപ്ഷൻ.”- ഒഫീഷ്യൽ പറഞ്ഞു.
കഴിഞ്ഞ കുറച്ചധികം ടെസ്റ്റുകളിലായി വളരെ മോശം ബാറ്റിംഗ് പ്രകടനം തന്നെയാണ് കെ എൽ രാഹുൽ കാഴ്ച വെച്ചിട്ടുള്ളത്. ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിൽ രണ്ടു മത്സരങ്ങളിൽ നിന്ന് കേവലം 57 റൺസ് മാത്രമായിരുന്നു രാഹുൽ നേടിയത്.