ഓസ്ട്രേലിയക്കെതിരായ ഇന്ത്യയുടെ ആദ്യ ടെസ്റ്റ് മത്സരത്തിലെ 295 റൺസിന്റെ കൂറ്റൻ വിജയത്തിൽ പ്രധാന പങ്കുവഹിച്ചത് ഇന്ത്യൻ ഓപ്പണിങ് നിര തന്നെയായിരുന്നു. രോഹിത് ശർമയുടെ അഭാവത്തിൽ കെ എൽ രാഹുലും ജയസ്വാളുമാണ് ഇന്ത്യക്കായി മത്സരത്തിൽ ഇന്നിങ്സ് ഓപ്പൺ ചെയ്തത്.
മത്സരത്തിന്റെ രണ്ടാം ഇന്നിങ്സിൽ ഒരു റെക്കോർഡ് കൂട്ടുകെട്ട് കെട്ടിപ്പടുത്ത് ഇന്ത്യയെ വിജയത്തിലേക്ക് അടുപ്പിക്കാൻ ഇരുവർക്കും സാധിച്ചിരുന്നു. ഇതിന് ശേഷം തന്റെ ഓപ്പണിങ് സ്ഥാനം രാഹുലിനായി ഒഴിഞ്ഞു കൊടുത്ത് മാതൃകയായിരിക്കുകയാണ് ഇന്ത്യൻ നായകൻ രോഹിത് ശർമ. ഇന്ത്യയുടെ പ്രൈം മിനിസ്റ്റേഴ്സ് ഇലവനുമായി നടന്ന മത്സരത്തിലാണ് രോഹിത് രാഹുലിനായി തന്റെ സ്ഥാനം ഒഴിഞ്ഞുനൽകിയത്.
മത്സരത്തിൽ ഓപ്പണിങ് ഇറങ്ങിയ രാഹുൽ മികച്ച പ്രകടനം തന്നെയായിരുന്നു കാഴ്ചവച്ചത്. 28 റൺസ് നേടിയ ശേഷമാണ് രാഹുൽ മത്സരത്തിൽ റിട്ടയേർഡ് ആയി പുറത്തായത്. പിന്നീട് നാലാം നമ്പറിലാണ് രോഹിത് ശർമ മൈതാനത്ത് എത്തിയത്. എന്നാൽ ഓസ്ട്രേലിയൻ മണ്ണിലെ തന്റെ ആദ്യ മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ രോഹിത്തിന് സാധിച്ചിരുന്നില്ല. മത്സരത്തിൽ 3 റൺസിന് രോഹിത് മടങ്ങുകയാണ് ഉണ്ടായത്. എന്നിരുന്നാലും ഓസ്ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിൽ രോഹിത് മികച്ച പ്രകടനം കാഴ്ചവയ്ക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.
ഇന്ത്യയുടെ രണ്ടാം മത്സരത്തിലെ ബാറ്റിംഗ് നിരയെ സംബന്ധിച്ച് ഇതിനോടകം തന്നെ വലിയ ചർച്ച ഉണ്ടായിട്ടുണ്ട്. ഇന്ത്യൻ തരം പൂജാര അടക്കമുള്ളവരുടെ അഭിപ്രായം രാഹുലും ജയസ്വാളും തന്നെ ഇന്ത്യക്കായി അടുത്ത മത്സരത്തിലും ഓപ്പണിങ് ഇറങ്ങണം എന്നതാണ്. “ചില പ്രത്യേക കാര്യങ്ങൾ പരിഗണിക്കുമ്പോൾ ഇന്ത്യ ആദ്യ ടെസ്റ്റ് മത്സരത്തിലെ ബാറ്റിംഗ് ഓർഡർ തന്നെ നിലനിർത്തണമെന്നാണ് എനിക്ക് തോന്നുന്നത്. കെഎൽ രാഹുലും ജയസ്വാളും തന്നെ മത്സരത്തിൽ ഇന്ത്യയ്ക്കായി ഇന്നിങ്സ് ഓപ്പൺ ചെയ്യണം. രോഹിത് ശർമ മൂന്നാം നമ്പരിൽ എത്തിയാൽ മതിയാവും. ശുഭമാൻ ഗിൽ അഞ്ചാം നമ്പരിൽ കളിക്കണം.”- പൂജാര പറയുകയുണ്ടായി.
“അഥവാ രോഹിത് ശർമയ്ക്ക് ഓപ്പണിങ് ഇറങ്ങണമെന്ന് തോന്നുകയാണെങ്കിൽ രാഹുലിനെ മൂന്നാം നമ്പരിൽ തന്നെ കളിപ്പിക്കേണ്ടതുണ്ട്. അതിനപ്പുറത്തേക്ക് രാഹുലിനെ മാറ്റുന്നത് ഉത്തമമല്ല കാരണം അവന്റെ മത്സരരീതിക്ക്, മുൻനിരയിൽ ഇറക്കുന്നത് തന്നെയാണ് ഗുണകരമാവുക. ടെസ്റ്റ് മത്സരത്തിൽ ഇന്ത്യ ബാറ്റിംഗ് നിരയിൽ വലിയ മാറ്റം വരുത്തില്ല എന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്.”- പൂജാര കൂട്ടിച്ചേർത്തു. എന്തായാലും പരിശീലന മത്സരത്തിൽ രോഹിത് തന്റെ സ്ഥാനം രാഹുലിന് നൽകിയതിനെ പ്രശംസിച്ചാണ് ആരാധകർ രംഗത്തെത്തിയിരിക്കുന്നത്.