വ്യാഴാഴ്ചയാണ് ആവേശകരമായ ഇന്ത്യ ഓസ്ട്രേലിയ ബോർഡർ ഗവാസ്കർ ട്രോഫിക്കുള്ള ടെസ്റ്റ് പരമ്പര തുടങ്ങുന്നത്. വളരെയധികം ആകാംക്ഷയോടെയാണ് ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ ഈ പരമ്പരയെ നോക്കിക്കാണുന്നത്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ പ്രവേശിക്കേണ്ടതിനാൽ ഈ പരമ്പര വിജയിക്കേണ്ടത് ഇന്ത്യക്ക് അനിവാര്യമാണ്. ഇപ്പോഴിതാ ആദ്യ മത്സരത്തിലെ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനെ കുറിച്ച് നിർണായകമായ സൂചനകൾ നൽകി ക്കൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് ഓപ്പണർ കെ എൽ രാഹുൽ.
നിലവിൽ മികച്ച ഫോമിൽ കളിച്ചുകൊണ്ടിരിക്കുന്ന യുവതാരം ശുബ്മാൻ ഗില്ലിനെ ഓപ്പണർ ആയി നിലനിർത്തുമോ എന്ന ചോദ്യത്തിന് താരം മറുപടി നൽകി. ഏത് പൊസിഷനിലും ബാറ്റ് ചെയ്യുവാൻ ടീമിൻ്റെ ആവശ്യത്തിനനുസരിച്ച് താൻ തയ്യാറാണെന്നാണ് ഇന്ത്യൻ ഓപ്പണർ മറുപടി നൽകിയത്. ഗില്ലിനെ ഓപ്പണർ ആക്കി മധ്യനിരയിൽ കളിക്കുന്നതിൽ തനിക്ക് സന്തോഷമ്മെയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.”രാജ്യത്തിനായി കളിക്കുന്ന എന്റെ രീതി ടീം എന്താണ് ആവശ്യപ്പെടുന്നത് അത് ചെയ്യുക എന്നതാണ്. ഞാൻ തയ്യാറെടുപ്പുകൾ നടത്താറുള്ളത് ആ രീതിയിലാണ്.
ടീമിൻ്റെ ആവശ്യമാണ് പ്രധാനം. മധ്യനിരയിലാണ് ആദ്യ ടെസ്റ്റിൽ എന്നോട് ബാറ്റ് ചെയ്യുവാൻ ആവശ്യപ്പെടുന്നതെങ്കിൽ സന്തോഷത്തോടെ ഞാൻ അത് സ്വീകരിക്കും. പ്ലെയിങ് ഇലവനെ കുറിച്ച് ഇതുവരെയും തീരുമാനമെടുത്തിട്ടില്ല. മത്സരം തുടങ്ങാൻ ഇനിയും സമയമുണ്ടല്ലോ. ചില കളിക്കാരുടെ പരിക്ക് ചില കളിക്കാർക്ക് അവസരം തുറന്നു നൽകുന്നു. ആരൊക്കെയാണ് പ്ലേയിംഗ് ഇലവനിൽ വരുന്നത് എന്നും അവരുടെ റോൾ എന്താണെന്നും മത്സരത്തിന് മുൻപായി വ്യക്തത വരുത്തും.
സ്പിന്നർമാരെ കളിപ്പിക്കാനുള്ള പ്രേരണയാണ് പിച്ച് കണ്ടിട്ട് ഉള്ളത്. ഇക്കാര്യത്തിൽ അന്തിമ തീരുമാനം മത്സര ദിവസത്തിൽ മാത്രമേ എടുക്കുകയുള്ളൂ. നമ്മൾ ഇന്ത്യയിലാണ് കളിക്കുന്നതിനാൽ പിച്ച് സ്പിന്നിനെ തുണക്കും എന്ന കാര്യം പ്രത്യേകം പറയേണ്ടല്ലോ.”-രാഹുൽ പറഞ്ഞു. മധ്യനിര ബാറ്റ്സ്മാൻ ആയിട്ടാണ് രാഹുൽ ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറിയത്. ഓസ്ട്രേലിയക്കെതിരെ തന്നെയാണ് താരം ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചത്. ഗില്ലിനെ ഓപ്പണറാക്കി വാഹനാപകടത്തിൽ പരിക്കേറ്റ പന്തിന് പകരം ടീമിൽ വന്ന ശ്രേയസ് അയ്യരുടെ കൂടെ രാഹുലിനെ മധ്യനിരയിൽ ഇറക്കുന്നതായിരിക്കും ടീം മാനേജ്മെന്റിന്റെ പദ്ധതി.