38 വർഷത്തെ റെക്കോർഡ് തകർത്ത് രാഹുൽ – ജയസ്വാൾ ജോഡി. ഓസീസ് മണ്ണിൽ ഓപ്പണിങ് വിസ്മയം.

ഓസ്ട്രേലിയക്കെതിരായ ബോർഡർ- ഗവാസ്കർ ട്രോഫിയിലെ ആദ്യ ടെസ്റ്റ് മത്സരത്തിൽ ചരിത്രമെഴുതി ഇന്ത്യയുടെ ഓപ്പണർമാരായ യശസ്വി ജയസ്വാളും കെഎൽ രാഹുലും. ഓസ്ട്രേലിയൻ മണ്ണിലെ ഇന്ത്യൻ ടീമിന്റെ ഏറ്റവും മികച്ച ഓപ്പണിങ് കൂട്ടുകെട്ടാണ് ഇരുവരും ചേർന്ന് കെട്ടിപ്പടുത്തത്.

മത്സരത്തിന്റെ രണ്ടാം ഇന്നിങ്സിലെ ആദ്യ വിക്കറ്റിൽ 201 റൺസാണ് രാഹുലും ജയസ്വാളും ചേർന്ന് കെട്ടിപ്പടുത്തത്. ഇതോടെയാണ് തകർപ്പൻ റെക്കോർഡാണ് താരങ്ങൾ സ്വന്തമാക്കിയത്. 1986ൽ സിഡ്നിയിൽ നടന്ന മത്സരത്തിൽ ഇന്ത്യയുടെ മുൻ താരങ്ങളായ സുനിൽ ഗവാസ്കറും ക്രിസ് ശ്രീകാന്തും ചേർന്ന് 197 റൺസ് ഓപ്പണിങ് വിക്കറ്റിൽ സ്വന്തമാക്കിയിരുന്നു. ഈ റെക്കോർഡാണ് ഇപ്പോൾ രാഹുലും ജയസ്വാളും മറികടന്നിരിക്കുന്നത്.

ഇതോടൊപ്പം ഒരു ഇന്ത്യൻ ഓപ്പണിങ് ജോഡിയുടെ ‘സേന’ രാജ്യങ്ങളിലെ ഏറ്റവും വലിയ കൂട്ടുകെട്ട് എന്ന റെക്കോർഡിലും സ്ഥാനം പിടിക്കാൻ രാഹുലിനും ജയസ്വാളിനും സാധിച്ചു. 1979ൽ ഇന്ത്യയുടെ മുൻ ഓപ്പണർമാരായ സുനിൽ ഗവാസ്കറും ചേതൻ ചൗഹാനും ചേർന്ന് ഇംഗ്ലണ്ടിനെതിരെ ഓവലിൽ നടന്ന മത്സരത്തിൽ 213 റൺസ് ആദ്യ വിക്കറ്റിൽ കൂട്ടിച്ചേർത്തിരുന്നു. ഇതാണ് ലിസ്റ്റിൽ ഒന്നാം സ്ഥാനത്ത്. 1936ൽ മാഞ്ചസ്റ്ററിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയുടെ മുൻ ഓപ്പണർമാരായ വിജയ് മെർച്ചന്റും മുഷ്താഖ് അലിയും ചേർന്ന് 203 റൺസായിരുന്നു കൂട്ടിച്ചേർത്തത്. ഇതിന് ശേഷമാണ് ഇപ്പോൾ ജയസ്വാളും രാഹുലും 201 റൺസ് കൂട്ടിച്ചേർന്നിരിക്കുന്നത്.

ഓസ്ട്രേലിയൻ മണ്ണിൽ ഒരു വിദേശ ഓപ്പണിങ് ജോഡിയുടെ ഏറ്റവും മികച്ച കൂട്ടുകെട്ടിൽ ആറാം സ്ഥാനത്ത് എത്താനും ഇതോടെ ഇന്ത്യയുടെ ഓപ്പണർമാർക്ക് സാധിച്ചു. ഇത്തരത്തിൽ ഒരുപാട് റെക്കോർഡുകൾ ആണ് ആദ്യ ടെസ്റ്റിൽ തന്നെ ഇന്ത്യ മറികടന്നിരിക്കുന്നത്. മത്സരത്തിൽ ഏറ്റവും മികച്ച ബാറ്റിംഗ് പ്രകടനം പുറത്തെടുത്തത് ജയസ്വാൾ തന്നെയാണ്.

തന്റെ ഫോം അങ്ങേയറ്റം മികച്ച രീതിയിൽ ഉപയോഗിക്കാൻ മത്സരത്തിൽ ജയസ്വാളിന് സാധിച്ചിട്ടുണ്ട്. മത്സരത്തിൽ 297 പന്തുകളിൽ നിന്ന് 161 റൺസ് സ്വന്തമാക്കിയ ശേഷമാണ് ജയസ്വാൾ കൂടാരം കയറിയത്. 15 ബൗണ്ടറികളും 3 സിക്സറുകളുമാണ് ജയസ്വാളിന്റെ ഇന്നിംഗ്സിൽ ഉൾപ്പെട്ടത്.

നിലവിൽ ഇന്ത്യൻ ടീമിനെ ശക്തമായ ഒരു നിലയിൽ എത്തിക്കാൻ ജയസ്വാളിന്റെ ഈ തട്ടുപൊളിക്കാൻ ബാറ്റിംഗ് പ്രകടനത്തിന് സാധിച്ചിട്ടുണ്ട് ഇന്ത്യയെ സംബന്ധിച്ച് വളരെ നിർണായകമായ ടെസ്റ്റ് മത്സരമാണ് ഓസ്ട്രേലിയക്കെതിരെ നടക്കുന്നത്. ഇത്തരമൊരു ടെസ്റ്റ് മത്സരത്തിൽ യുവതാരമായ ജയ്സ്വാൾ അവസരത്തിനൊത്ത് ഉയർന്നത് ടീമിന് വലിയ സാധ്യതകൾ നൽകുന്നുണ്ട്. എന്നിരുന്നാലും ഒരു വമ്പൻ സ്കോർ കെട്ടിപ്പടുത്ത ശേഷം ഓസ്ട്രേലിയൻ ബാറ്റർമാരെ പിടിച്ചുകെട്ടുക എന്നതാണ് ഇന്ത്യയ്ക്ക് മുൻപിലുള്ള ലക്ഷ്യം.

Previous articleപെർത്തിൽ കിടിലൻ സെഞ്ച്വറി. റെക്കോർഡുകൾ തകർത്ത് ജയസ്വാൾ എലൈറ്റ് ക്ലബ്ബിൽ.
Next article15 മാസങ്ങൾക്ക് ശേഷം ടെസ്റ്റ്‌ സെഞ്ചുറിയുമായി കിംഗ്‌ കോഹ്ലി. കരിയറിലെ 81ആം സെഞ്ച്വറി.