ഡബ്ല്യു.പി.എല്ലിൽ കഴിഞ്ഞ ദിവസമായിരുന്നു ഗുജറാത്ത് ജയൻ്റ്സ് യുപി വാരിയേഴ്സ് മത്സരം. മത്സരത്തിൽ ആദ്യം ബാക്ക് ചെയ്ത ഗുജറാത്ത് 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 169 റൺസ് എടുത്തു. മറുപടി ബാറ്റിംഗിന് ഇറങ്ങിയ യു.പി വാരിയേഴ്സിന് മികച്ച തുടക്കമായിരുന്നില്ല ലഭിച്ചത്.
സ്കോർബോർഡിൽ 20 റൺസ് എടുക്കുമ്പോഴേക്കും അവരുടെ മൂന്ന് വിക്കറ്റുകൾ നഷ്ടമായിരുന്നു. എന്നാൽ വൺ ടൗണായി ഇറങ്ങിയ നവ്ഗിരെ ഗുജറാത്ത് ബൗളർമാരെ അടിച്ചൊതുക്കി. താരത്തിന് പിന്തുണയായി ആറാമതായി ക്രീസിൽ എത്തിയ ഗ്രേസ് ഹാരിസും വെടിക്കെട്ട് പ്രകടനം നടത്തിയതോടെ വിജയം യുപി വാരിയേഴ്സ് സ്വന്തമാക്കി. അവസാന ഓവറിൽ വാരിയേഴ്സിന് ജയിക്കാൻ ആവശ്യമായിരുന്നത് 19 റൺസ് ആയിരുന്നു.
എന്നാൽ 24 റൺസ് നേടി ഗ്രേസ് വാരിയേഴ്സിനെ വിജയത്തിലേക്ക് എത്തിച്ചു. പുറത്താകാതെ 26 പന്തുകളിൽ നിന്നും 59 റൺസായിരുന്നു താരം നേടിയത്. എന്നാൽ മത്സരത്തിൽ നവ്ഗിരെ ഉപയോഗിച്ച ബാറ്റ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. സ്പോൺസർമാരോ സ്റ്റിക്കറുകളോ ഒന്നും ഇല്ലാത്ത ഒരു പ്ലെയിൻ ബാറ്റിൽ കറുത്ത സ്കെച്ച് പേന കൊണ്ട് മഹേന്ദ്ര സിംഗ് ധോണിയുടെ “MSD 07″എന്ന് എഴുതിയാണ് താരം കളിക്കാൻ ഇറങ്ങിയത്.
“എം എസ് ധോണിയെ പോലെ സിക്സറുകൾ പായിക്കാൻ വേണ്ടിയായിരുന്നു ഞാൻ ക്രിക്കറ്റ് കളിക്കാൻ ആഗ്രഹിച്ചത്. ലോകകപ്പ് ഫൈനലിലെ ആ സിക്സർ ആയിരുന്നു എൻ്റെ ജീവിതം തന്നെ മാറ്റിമറിച്ചത്.”-ഈ വാക്കുകൾ താരം മുമ്പ് പറഞ്ഞതായിരുന്നു. മുമ്പ് താരം പറഞ്ഞ ഈ വാക്കുകൾ വെറുതെയായിരുന്നില്ല എന്ന് തെളിയിക്കുന്നത് ആയിരുന്നു ഇന്നലത്തെ പ്രകടനം. മഹാരാഷ്ട്രയിലെ കുഗ്രാമത്തിൽ ആയിരുന്നു താരം ജനിച്ചു വളർന്നത്.