അന്ന് ക്രിക്കറ്റ്‌ കളിച്ചതിന് അച്ഛൻ ബെൽറ്റിന് തല്ലി. ഇന്ത്യൻ പേസറുടെ കുട്ടിക്കാല ഓർമ്മകൾ ഇങ്ങനെ.

സമീപകാലത്ത് പേസ് ബോളിങ്ങില്‍ ഒരുപാട് കുതിച്ചുചാട്ടങ്ങൾ ഉണ്ടാക്കിയിട്ടുള്ള ടീമാണ് ഇന്ത്യ. പല യുവ പേസർമാരും ഐപിഎല്ലിന്റെ ഭാഗമായി ഇന്ത്യൻ ടീമിലേക്ക് ചേക്കേറുകയുണ്ടായി. ഇതിൽ പ്രധാനിയായിരുന്നു ഡൽഹി ക്യാപിറ്റൽസ് താരമായ ഖലീൽ അഹമ്മദ്. ഇന്ത്യൻ ടീമിനായി ഇതുവരെ 11 ഏകദിനങ്ങളും 14 ട്വന്റി20 മത്സരങ്ങളും ഖലീൽ അഹമ്മദ് കളിച്ചിട്ടുണ്ട്. തന്റെ കുട്ടിക്കാലത്തെ ചില ഓർമ്മകൾ പങ്കുവെച്ചാണ് ഖലീൽ അഹമ്മദ് ഇപ്പോൾ രംഗത്ത് വന്നിരിക്കുന്നത്. ചെറുപ്പകാലത്ത് ക്രിക്കറ്റ് കളിക്കാൻ പോയതിന്റെ പേരിൽ അച്ഛന്റെ കയ്യിൽ നിന്നും ബെൽറ്റിന് തല്ലു വാങ്ങിയിട്ടുണ്ട് എന്നാണ് ഖലീൽ അഹമ്മദ് കഴിഞ്ഞദിവസം ഒരു അഭിമുഖത്തിൽ പറഞ്ഞത്. തന്റെ കർത്തവ്യങ്ങൾ കൃത്യമായി ചെയ്യാതെ മൈതാനത്ത് ഇറങ്ങിയതിനാണ് അച്ഛൻ അന്ന് ശിക്ഷിച്ചത് എന്ന് ഖലീൽ പറയുന്നു.

“എനിക്കുള്ളത് മൂത്ത മൂന്ന് സഹോദരിമാരാണ്. എന്റെ പിതാവ് ജോലി ചെയ്തിരുന്നത് ആശുപത്രിയിലായിരുന്നു. അദ്ദേഹം ജോലിക്ക് പോകുമ്പോൾ വീട്ടിലേക്കുള്ള പാലും മറ്റു സാധനങ്ങളും വാങ്ങാൻ എന്നെയായിരുന്നു ഏൽപ്പിച്ചിരുന്നത്. എന്നാൽ ഞാൻ ക്രിക്കറ്റ് കളിക്കാനായി മൈതാനത്തേക്ക് പോയി തുടങ്ങിയതോടെ ഇതെല്ലാം മുടങ്ങാൻ തുടങ്ങി. ഇക്കാര്യം ഒരിക്കൽ അമ്മ അച്ഛനെ ഓർമിപ്പിച്ചു. അപ്പോൾ അച്ഛൻ ചോദിച്ചത് അവൻ എവിടെയാണ് എന്നാണ്. അവൻ എപ്പോഴും മൈതാനത്താണെന്നും ജോലിയും പഠിത്തവും ഒന്നും കൃത്യമായി ചെയ്യില്ലെന്നും അമ്മ അച്ഛനോട് പറഞ്ഞു. ഇതുകേട്ട് അച്ഛന് ദേഷ്യം വരികയും ബെൽറ്റ് വെച്ച് എന്നെ അടിക്കുകയും ചെയ്തു. ആ അടിയുടെ പാടുകൾ എന്റെ ശരീരത്ത് ഉണ്ടായിരുന്നു.”- ഖലീൽ അഹമ്മദ് പറയുന്നു.

Khaleel

“ചെറുപ്പകാലത്ത് എന്നെ ഒരു ഡോക്ടറാക്കുക എന്നതായിരുന്നു അച്ഛന്റെ വലിയ ആഗ്രഹം. അച്ഛൻ ആശുപത്രി ജീവനക്കാരനായതിനാൽ തന്നെ എന്നെയും ആ മേഖലയിൽ തന്നെ വളർത്തിക്കൊണ്ടുവരാൻ അച്ഛൻ ശ്രമിച്ചു. ജീവിതത്തിന്റെ ഒരു സമയത്ത് പോലും എനിക്ക് ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടി വരരുത് എന്ന് അച്ഛന് അതിയായ ആഗ്രഹമുണ്ടായിരുന്നു. എന്നാൽ ഞാൻ ക്രിക്കറ്റിലേക്ക് തിരിഞ്ഞതോടുകൂടി അച്ഛൻ എനിക്ക് കൂടുതൽ പിന്തുണ നൽകാൻ തുടങ്ങി. പലപ്പോഴും അച്ഛനാണ് എന്നോട് ക്രിക്കറ്റ് കളിക്കാൻ പറഞ്ഞിട്ടുള്ളത്. ക്രിക്കറ്റിൽ ശോഭിക്കാൻ സാധിക്കാതെ വന്നാൽ ശിഷ്ടകാലം തന്റെ പെൻഷൻ കാശുപയോഗിച്ച് ജീവിച്ചു കൊള്ളാനും അച്ഛൻ എന്നോട് പറഞ്ഞിരുന്നു.”- ഖലീൽ അഹമ്മദ് കൂട്ടിച്ചേർക്കുന്നു.

2022ലെ ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിനായി മികവാർന്ന ബോളിംഗ് പ്രകടനമായിരുന്നു ഖലീൽ അഹമ്മദ് കാഴ്ചവച്ചത്. കഴിഞ്ഞ ഐപിഎല്ലിൽ 10 മത്സരങ്ങൾ കളിച്ച ഖലീൽ അഹമ്മദ് 16 വിക്കറ്റുകളും നേടുകയുണ്ടായി. എന്നാൽ പരിക്കിനെ തുടർന്ന് രഞ്ജി ട്രോഫി സീസൺ ഖലീൽ അഹമ്മദിന് നഷ്ടമായിരുന്നു. അതിനുശേഷം വലിയൊരു തിരിച്ചുവരവിനാണ് ഐപിഎൽ 16ൽ അഹമ്മദ് ഒരുങ്ങുന്നത്.

Previous articleഅർജുൻ ടെണ്ടുൽക്കർ മുംബൈയ്ക്കായി ഇത്തവണ കളത്തിലിറങ്ങുമോ? ഉത്തരവുമായി രോഹിത് ശർമ.
Next articleമെസ്സിയുടെ “ചെണ്ട”ബ്രസീൽ; കണക്കുകളിൽ റൊണാൾഡോയെക്കാൾ കേമൻ മെസ്സി തന്നെ. മെസ്സിയുടെയും റൊണാൾഡോയുടെയും ഗോളുകളുടെ കണക്കുകൾ പരിശോധിക്കാം..