ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ ഇപ്പോൾ അതിരൂക്ഷ വിമർശനങ്ങളുടെ നടുവിലാണ്.പ്രഥമ ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനൽ ഇംഗ്ലണ്ടിൽ സംഘടിപ്പിച്ച ഐസിസി ഇപ്പോൾ ക്രിക്കറ്റ് പ്രേമികളുടെ ട്രോളിനും വിമർശനങ്ങൾക്കും വലിയ രീതിയിൽ വിധേയരായിരിക്കുകയാണ്. ക്രിക്കറ്റ് ആരാധകർ ആവേശത്തോടെ കാത്തിരുന്ന ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലിൽ മഴ കാരണം ഓരോ ദിവസവും കളി മുടങ്ങുന്നതാണ് ആരാധകരെയും മുൻ പ്രമുഖ ക്രിക്കറ്റ് താരങ്ങളെയും ചൊടിപ്പിച്ചത്. ഇംഗ്ലണ്ടിലെ സതാംപ്ടണിൽ നടക്കുന്ന ഫൈനലിൽ ആദ്യ ദിനം നാലാം ദിനവും മഴ കാരണം ഒരൊറ്റ പന്ത് പോലും എറിയുവാൻ കഴിഞ്ഞില്ലയെന്നതാണ് ശ്രദ്ദേയം. മുൻപും ഇംഗ്ലണ്ടിൽ നടന്ന പല ഐസിസി പ്രധാന മത്സരങ്ങളിലും മഴ വില്ലനായി എത്തിയ ചരിത്രമുണ്ട്.
എന്നാൽ ഇപ്പോൾ ക്രിക്കറ്റ് ലോകത്ത് വ്യാപകമായി പ്രചാരം നേടുന്നത് ഈ ഫൈനൽ വേദി നിശ്ചയിച്ച ഐസിസിയെ പരിഹസിച്ചുള്ള മുൻ ഇംഗ്ലണ്ട് താരം കെവിൻ പിറ്റേഴ്സന്റെ വാക്കുകളാണ്. ഫൈനലിനായി ഇംഗ്ലണ്ടിലെ സ്റ്റേഡിയം തിരഞ്ഞെടുത്ത ഐസിസി നടപടി വൻ മണ്ടത്തരമെന്നാണ് പിറ്റേഴ്സൺ തുറന്ന് പറയുന്നത്. ആവേശകരമായ ഒരു ഫൈനലിനെ ഐസിസിയുടെ വേദിയിലെ മണ്ടൻ തിരഞ്ഞെടുപ്പ് കാരണം വളരെ മോശമാക്കിയെന്നും താരം വിശദീകരണം നൽകി.
“ഐസിസി ഇത്രയേറെ നിർണായകമായ ഒരു ഫൈനലിൽ ഇംഗ്ലണ്ടിൽ ഒരിക്കലും കൊണ്ടുവരുവാൻ പാടില്ലായിരുന്നു. ഒപ്പം ഒരു നിഷ്പക്ഷ വേദി തന്നെ വളരെ ഏറെ അനിവാര്യമായിരുന്നു. ഞാനാണ് ഈ തീരുമാനം എടുക്കുകയെങ്കിൽ എന്റെ ആദ്യ സെലക്ഷൻ ദുബായിയായേനെ. ദുബായ് ഒരു മികച്ച നിഷ്പക്ഷ വേദിയാണ് കൂടാതെ അവിടെ കാലാവസ്ഥ പ്രശ്നം അല്ല. മികച്ച സൗകര്യങ്ങൾ ലഭിക്കുന്ന അവിടെ ഫൈനൽ സംഘടിപ്പിച്ചിരുന്നേൽ ഈ ഫൈനൽ വളരെ ആവേശമായി മാറിയേനെ “താരം തന്റെ വിമർശനം വിശദമാക്കി.