സെയ്ദ് മുഷ്താഖ് അലി ട്രോഫിയില്‍ കേരളത്തിനു രണ്ടാം പരാജയം. റുതുരാജ് ഗെയ്ക്വാദിന്‍റെ സെഞ്ചുറിക്ക് മറുപടി നല്‍കാനാവാതെ കേരള ബാറ്റര്‍മാര്‍.

സെയ്ദ് മുഷ്താഖ് അലി ട്രോഫിയില്‍ കേരളത്തിനു തുടര്‍ച്ചയായ രണ്ടാം പരാജയം. മഹാരാഷ്ട്ര ഉയര്‍ത്തിയ 168 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കേരളത്തിന് 8 വിക്കറ്റ് നഷ്ടത്തില്‍ 127 റൺസിൽ എത്താനാണ് കഴിഞ്ഞത്. 40 റണ്‍സിനാണ് കേരളം പരാജയപ്പെട്ടത്. മഹാരാഷ്ട്രയ്‌ക്കെതിരായ തോല്‍വി കേരളത്തിന്റെ ക്വാര്‍ട്ടര്‍ സാധ്യതകള്‍ക്ക് തിരിച്ചടിയായിട്ടുമുണ്ട്.

വിജയലക്ഷ്യം പിന്തുടര്‍ന്ന കേരളത്തിനായി ഓപ്പണര്‍ രോഹന്‍ കുന്നുമലിന് മാത്രമാണ് ഭേദപ്പെട്ട പ്രകടനം നടത്താനായത്. 44 പന്തില്‍ 7 ഫോറും 1 സിക്സും അടക്കം 58 റണ്‍സാണ് രോഹന്‍ സ്കോര്‍ ചെയ്തത്. ക്യാപ്റ്റന്‍ സഞ്ചു സാംസണ്‍ 7 പന്തില്‍ 3 റണ്‍സ് മാത്രമാണ് സ്കോര്‍ ചെയ്തത്.

നേരത്തെ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത മഹാരാഷട്ര നിശ്ചിത 20 ഓവറില്‍ 4 വിക്കറ്‌ നഷ്ടത്തില്‍ 167 റണ്‍സാണ് നേടിയത്. സെഞ്ചുറി നേടിയ ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്വാദായിരുന്നു ടോപ്പ് സ്കോറര്‍. 68 പന്തില്‍ 8 ഫോറും 7 സിക്സുമായി 114 റണ്‍സാണ് നേടിയത്. പവന്‍ ഷാ 29 പന്തില്‍ 31 റണ്‍സ് നേടി.