വിജയ ഹസാരെ ട്രോഫിയിലെ മത്സരത്തിൽ ഒരിക്കൽ കൂടി മികച്ച വിജയം സ്വന്തമാക്കി സഞ്ജു സാംസൺ നായകനായ കേരള ടീം. ഇന്ന് നടന്ന ഛത്തീസ്ഗഢിനെതിരായിട്ടുള്ള മത്സരത്തിൽ 5 വിക്കറ്റ് ജയമാണ് കേരള ടീം കരസ്ഥമാക്കിയത്.ഛത്തീസ്ഗഡ് ടീം ഉയർത്തിയ 190 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന കേരള ടീമിനായി മറുപടി ബാറ്റിങ്ങിൽ ഓപ്പണർമാർ നൽകിയത് മികച്ച തുടക്കം.
റോഹൻ കുന്നുമ്മല്ലും (36 റൺസ് ), മുഹമ്മദ് അസറുദീനും (45 റൺസ് ) ചേര്‍ന്ന് ആദ്യ വിക്കറ്റില്‍ 82 റണ്‍സാണ് കൂട്ടി ചേര്‍ത്തത്. ആദ്യം പുറത്തായത് രോഹനായിരുന്നു. അടുത്ത ഓവറില്‍ അസ്ഹറുദ്ദീനും, ക്യാപ്റ്റന്‍ സഞ്ചു സാംസണും തൊട്ടടുത്ത പന്തുകളില്‍ പുറത്തായി. നേരിട്ട ആദ്യ പന്തില്‍ തന്നെ താരം ബൗള്‍ഡായി. പിന്നാലെയെത്തിയ സച്ചിന്‍ ബേബിയും (4) മടങ്ങിയതോടെ 4 വിക്കറ്റ് നഷ്ടത്തില്‍ 89 റണ്‍സ് എന്ന നിലയിലെത്തി.
എന്നാല്‍ വിനൂപും സിജോമോന്‍ ജോസഫും(27) ചേര്‍ന്ന് കേരളത്തെ കരകയറ്റി. ഇരുവരും ചേര്‍ന്ന് 42 റണ്‍സ് കൂട്ടിചേര്‍ത്തു. വിഷ്ണു വിനോദ് ഫിനിഷറായി എത്തിയതോടെ കേരളം വിജയത്തിലേക്ക് കുതിച്ചു. 21 പന്തില്‍ 1 ഫോറും 2 സിക്സും അടക്കം 26 റണ്‍സാണ് നേടിയത്. 72 പന്തില്‍ 54 റണ്‍സ് നേടി വിനൂപ് പുറത്താകതെ നിന്നു.
നേരത്തെ സിജോമോൻ ജോസഫിന്‍റെ 5 വിക്കറ്റ് പ്രകടനമാണ് കേരള ടീമിന് മികച്ച ജയം സമ്മാനിച്ചത്. ടോസ് നേടി ബാറ്റിങ് ആരംഭിച്ച ഛത്തീസ്ഗഢിനെതിരെ മിന്നും ബൗളിംഗ് പ്രകടനമാണ് കേരള ടീം കാഴ്ചവെച്ചത്. മികച്ച ബാറ്റിങ് പ്രകടനവുമായി 98 റണ്‍സ് നേടിയ ഛത്തീസ്ഗഡ് ക്യാപ്റ്റന്‍ ഹര്‍പ്രീത് സിംഗ് ഭാട്ടിയ മാത്രമാണ് കേരളത്തിന് ഒരു വെല്ലുവിളിയായി മാറിയത്.
ഛത്തീസ്ഗഡ് ടീമിന്റെ മിഡിൽ ഓർഡർ ബാറ്റിങ് പൂർണ്ണമായി തകർത്തത് സിജോമോൻ ജോസഫിന്‍റെ 5 വിക്കറ്റ് പ്രകടനമാണ്. കഴിഞ്ഞ കളിയിൽ 71 റൺസ് നേടി ബാറ്റ് കൊണ്ട് തിളങ്ങിയ സിജോമോൻ ജോസഫ് താൻ ഒരു വളരെ മികച്ച ആൾറൗണ്ടർ എന്നത് തെളിയിച്ചു. ഒപ്പം രണ്ട് വിക്കറ്റ് വീഴ്ത്തിയ ബേസിൽ തമ്പി, നിധീഷ് എന്നിവരും കേരളത്തിനായി തിളങ്ങി.ടൂർണമെന്റിലെ കേരള ടീമിന്റെ മൂന്നാമത്തെ ജയമാണ് ഇത്.