സക്സേന ഫയർ 🔥🔥 ബംഗാളിനെ തോൽപ്പിച്ച് കേരളം. 109 റൺസിന്റെ വമ്പൻ വിജയം.

രഞ്ജി ട്രോഫിയിൽ ബംഗാൾ ടീമിനെ പരാജയപ്പെടുത്തി കേരളം. മത്സരത്തിൽ 109 റൺസിന്റെ ത്രസിപ്പിക്കുന്ന വിജയമാണ് കേരളം സ്വന്തമാക്കിയത്. മത്സരത്തിന്റെ അവസാന ഇന്നിങ്സിൽ 449 റൺസായിരുന്നു ബംഗാളിന് വിജയിക്കാൻ വേണ്ടിയിരുന്നത്. എന്നാൽ ജലജ് സക്സേനയും ബേസിൽ തമ്പിയും അടക്കമുള്ള ബോളന്മാർ നാലാം ദിവസം കൃത്യത പാലിച്ചതോടെ ഒരു വമ്പൻ വിജയം കേരളത്തെ തേടിയെത്തുകയായിരുന്നു.

മത്സരത്തിന്റെ നാലു ദിവസവും കൃത്യമായി ആധിപത്യം സ്ഥാപിച്ചാണ് കേരളം ഈ അവിശ്വസനീയ വിജയം സ്വന്തമാക്കിയത്. കഴിഞ്ഞ മത്സരങ്ങളിൽ നിരാശാജനകമായ പ്രകടനം കാഴ്ചവച്ച കേരള ടീമിന്റെ വമ്പൻ തിരിച്ചുവരമാണ് ബംഗാളിനെതിരെ ഉണ്ടായിരിക്കുന്നത്.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത കേരളം തങ്ങളുടെ ആദ്യ ഇന്നിങ്സിൽ 363 റൺസാണ് സ്വന്തമാക്കിയത്. സെഞ്ചുറി നേടിയ സച്ചിൻ ബേബിയുടെയും അക്ഷയ് ചന്ദ്രന്റെയും മികവിലായിരുന്നു കേരളത്തിന്റെ ആദ്യ ഇന്നിംഗ്സിലെ കുതിപ്പ്. സച്ചിൻ ബേബി ആദ്യ ഇന്നിംഗ്സിൽ 124 റൺസ് നേടിയപ്പോൾ, അക്ഷയ് ചന്ദ്രൻ 106 റൺസ് ആണ് നേടിയത്. ഇതോടെ ആദ്യ ഇന്നിങ്സിൽ 363 റൺസ് സ്വന്തമാക്കാൻ കേരളത്തിന് സാധിച്ചു.

മറുപടി ബാറ്റിംഗിന് ഇറങ്ങിയ ബംഗാളിനെ ജലജ് സക്സേന എറിഞ്ഞിടുകയായിരുന്നു. ബംഗാളിനായി ഓപ്പണർ ഈശ്വരൻ 72 റൺസ് നേടി മികച്ച തുടക്കം നൽകി. എന്നാൽ പിന്നീട് തുടർച്ചയായി 9 വിക്കറ്റുകൾ ജലജ് സക്സേന സ്വന്തമാക്കിയതോടെ ബംഗാളിന്റെ ഇന്നിംഗ്സ് 180 റൺസിൽ അവസാനിച്ചു.

ഇതോടെ 183 റൺസിന്റെ ആദ്യ ഇന്നിങ്സ് ലീഡാണ് കേരളം സ്വന്തമാക്കിയത്. ശേഷം മറുപടി ബാറ്റിംഗിനിറങ്ങിയ കേരളത്തിനായി ബാറ്റർമാരൊക്കെയും മികച്ച പ്രകടനം പുറത്തെടുത്തു. ഒരു ഏകദിന മത്സരത്തിന്റെ രീതിയിലാണ് കേരളത്തിനായി ബാറ്റർമാർ രണ്ടാം ഇന്നിങ്സിൽ കളിച്ചത്.

രോഹൻ കുന്നുമ്മൽ(51) സച്ചിൻ ബേബി(51) ശ്രേയസ് ഗോപാൽ(50) എന്നിവർ അർത്ഥ സെഞ്ച്വറി നേടിയതോടെ കേരളം രണ്ടാം ഇന്നിങ്സിൽ 6 വിക്കറ്റുകൾക്ക് 265 എന്ന നിലയിൽ ഇന്നിംഗ്സ് ഡിക്ലയർ ചെയ്യുകയായിരുന്നു. ഇതോടെ ബംഗാളിന്റെ വിജയലക്ഷ്യം 449 റൺസായി മാറി. മത്സരത്തിന്റെ നാലാം ഇന്നിങ്സിലും ബംഗാളിനായി മികച്ച തുടക്കമാണ് ഈശ്വരൻ നൽകിയത്. 65 റൺസാണ് ഈശ്വരൻ സ്വന്തമാക്കിയത്.

ശേഷം ബംഗാളിന്റെ മധ്യനിര ബാറ്റർമാർ ഭേദപ്പെട്ട പ്രകടനം നടത്തിയപ്പോൾ കേരളത്തിൽ നിന്ന് വിജയം അകലുമെന്ന് ഒരു നിമിഷം തോന്നി. ഏഴാമനായി എത്തിയ ഷഹബാസ് 100 പന്തുകളിൽ 80 റൺസുമായി കേരളത്തിന് ഭീഷണി സൃഷ്ടിച്ചു. ഒപ്പം 40 റൺസ് നേടിയ കരൻ ലാലും ക്രീസിലുറച്ചതോടെ കേരളം പ്രതിസന്ധിയിലായി.

പക്ഷേ രണ്ടാം ഇന്നിങ്സിലും 4 വിക്കറ്റുകളുമായി സക്സേന ബോളിങ്ങില്‍ തിളങ്ങിയതോടെ കേരളം മത്സരം പിടിച്ചെടുക്കുകയായിരുന്നു. 339 റൺസിന് ബംഗാളിനെ തുരത്തിയ കേരളം 109 റൺസിന്റെ വിജയമാണ് മത്സരത്തിൽ സ്വന്തമാക്കിയത്.

Previous articleസ്റ്റാർക്ക് 24 കോടി രൂപ അർഹിച്ചിരുന്നില്ല. കൊൽക്കത്തയുടേത് മണ്ടത്തരം. പ്രസ്താവനയുമായി സുനിൽ ഗവാസ്കർ.
Next articleമൂന്നാം ടെസ്റ്റിൽ നിന്ന് ഭരതിനെ ഒഴിവാക്കി ഇന്ത്യ. പകരക്കാരനായി യുവതാരം അരങ്ങേറ്റം കുറിയ്ക്കും. റിപ്പോർട്ട്.