അവസാന നിമിഷം ശക്തമായ തിരിച്ചുവരവ് നടത്തി കേരളം. ആന്ധ്രയെ വിറപ്പിച്ച് ആദ്യ ദിവസം മേൽക്കൈ

രഞ്ജി ട്രോഫിയിൽ ആന്ധ്ര പ്രദേശിനെതിരായ മത്സരത്തിന്റെ ആദ്യ ദിവസം ശക്തമായ തിരിച്ചുവരവ് നടത്തി കേരളം. മത്സരത്തിൽ ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച ആന്ധ്രപ്രദേശ് വളരെ മികച്ച നിലയിലായിരുന്നു. എന്നാൽ ആദ്യ ദിവസം അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കിയുള്ളപ്പോൾ ഒരു ശക്തമായ ബോളിങ് പ്രകടനമാണ് കേരള ബോളർമാർ കാഴ്ചവച്ചത്.

ആദ്യ ദിവസത്തെ മത്സരം അവസാനിക്കുമ്പോൾ 7 വിക്കറ്റ് നഷ്ടത്തിൽ 260 റൺസാണ് ആന്ധ്രപ്രദേശ് നേടിയിട്ടുള്ളത്. കേരളത്തിനായി ബേസിൽ തമ്പി, വൈശാഖ് ചന്ദ്രൻ എന്നിവരാണ് ബോളിംഗിൽ തിളങ്ങിയത്. രണ്ടാം ദിവസം ആന്ധ്രപ്രദേശിനെ പുറത്താക്കി കൃത്യമായ ലീഡ് കണ്ടെത്താനാണ് കേരളത്തിന്റെ ശ്രമം.

മത്സരത്തിൽ ടോസ് നേടിയ ആന്ധ്രപ്രദേശ് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. തങ്ങളുടെ ഓപ്പണർ രേവന്ത് റെഡ്ഢിയുടെ(0) വിക്കറ്റ് തുടക്കത്തിൽ തന്നെ ആന്ധ്രയ്ക്ക് നഷ്ടമായി. എന്നാൽ പിന്നീട് മഹിപ് കുമാറും അശ്വിൻ ഹെബ്ബാറും ക്രീസിൽ ഉറക്കുകയായിരുന്നു. മഹിപ് ആന്ധ്രയ്ക്കായി കൃത്യമായ രീതിയിൽ റൺസ് കണ്ടെത്തി. 157 പന്തുകൾ നേരിട്ട മഹീപ് 81 റൺസാണ് നേടിയത്. പിന്നീട് അഞ്ചാമനായി ക്രീസിലെത്തിയ നായകൻ റിക്കി ഭൂയിയും ക്രീസിൽ ഉറച്ചതോടെ കേരളം പതറി. അനായാസകരമായി ശക്തമായ നിലയിലേക്ക് ആന്ധ്രപ്രദേശ് ചലിക്കുകയായിരുന്നു.

ഇങ്ങനെ 4 വിക്കറ്റുകൾക്ക് 248 എന്ന ശക്തമായ നിലയിൽ ആന്ധ്രപ്രദേശ് എത്തിയിരുന്നു. പിന്നീടാണ് കേരളം ഒരു വെടിക്കെട്ട് തിരിച്ചുവരവ് നടത്തിയത്. അടുത്ത 12 റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ ആന്ധ്രയുടെ 3 വിക്കറ്റുകൾ പിഴുതെറിയാൻ കേരളത്തിന്റെ ബോളർമാർക്ക് സാധിച്ചു.

ഇങ്ങനെ ആദ്യ ദിവസത്തെ മത്സരം അവസാനിക്കുമ്പോൾ 7 വിക്കറ്റ് നഷ്ടത്തിൽ 260 എന്ന നിലയിലാണ് ആന്ധ്രപ്രദേശ്. കേരളത്തിനായി ബേസിൽ തമ്പി 42 റൺസ് മാത്രം വിട്ടു നൽകി 2 വിക്കറ്റുകൾ സ്വന്തമാക്കി. വൈശാഖ് ചന്ദ്രൻ 78 റൺസ് വിട്ടുനൽകിയാണ് 2 വിക്കറ്റുകൾ സ്വന്തമാക്കിയിരിക്കുന്നത്.

കഴിഞ്ഞ മത്സരത്തിൽ ശക്തമായ പ്രകടനം കാഴ്ചവച്ച കേരളം സഞ്ജു സാംസൺ ഇല്ലാതെയാണ് ആന്ധ്രക്കെതിരെ ഇറങ്ങിയിരിക്കുന്നത്. എന്നിരുന്നാലും രണ്ടാം ദിവസത്തിന്റെ തുടക്കത്തിൽ തന്നെ ആന്ധ്രയെ പുറത്താക്കുക എന്നത് കേരളത്തിന്റെ ആവശ്യമാണ്.

രണ്ടാം ദിവസം കൃത്യമായ ലീഡ് കണ്ടെത്തിയാൽ മാത്രമേ കേരളം മത്സരത്തിൽ സുരക്ഷിതമായ ഒരു സ്ഥാനത്തെത്തു. നിലവിൽ കേരളത്തെ സംബന്ധിച്ച് രണ്ടാം ദിവസത്തെ മത്സരം വളരെ നിർണായകം തന്നെയാണ്. ആദ്യ ദിവസത്തെ മത്സരം അവസാനിക്കുമ്പോൾ ആന്ധ്ര നായകൻ റിക്കി ഭൂയി 79 റൺസുമായി ക്രീസിലുണ്ട്.

Previous articleഇന്ത്യയെ ഞെട്ടിച്ച് ഇംഗ്ലണ്ടിന്റെ ബാസ്ബോൾ ആക്രമണം.. രണ്ടാം ദിവസം അടിപതറി ഇന്ത്യൻ ബോളർമാർ..
Next articleഇംഗ്ലണ്ട് മികച്ച നിലയിലെത്താൻ കാരണം രോഹിതിന്റെ മണ്ടത്തരം. തുറന്ന് പറഞ്ഞ് മുൻ ഇംഗ്ലണ്ട് നായകൻ.