ഇന്ത്യയുടെ ട്വന്റി20 ആഭ്യന്തര ടൂർണമെന്റായ സയിദ് മുഷ്താഖ് അലി ട്രോഫിക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. കഴിഞ്ഞ സമയങ്ങളിൽ ഇന്ത്യക്കായി അന്താരാഷ്ട്ര ക്രിക്കറ്റിൽ വമ്പൻ പ്രകടനങ്ങൾ കാഴ്ചവെച്ച മലയാളി താരം സഞ്ജു സാംസണാണ് ഇത്തവണ കേരള ടീമിനെ ടൂർണമെന്റിൽ നയിക്കുന്നത്.
രഞ്ജി ക്രിക്കറ്റിൽ കേരളത്തിന്റെ പ്രധാന കളിക്കാരായിരുന്ന അതിഥി താരങ്ങൾ ബാബ അപരാജിത്, ആദിത്യ സർവ്വാതെ എന്നിവരെ മുസ്താഖ് അലി ട്രോഫിക്കുള്ള ടീമിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ ഇതേസമയം രഞ്ജി ട്രോഫിയിൽ വമ്പൻ പ്രകടനം കാഴ്ചവച്ച ജലജ് സക്സേന ടീമിൽ സ്ഥാനം നിലനിർത്തി.
ടൂർണമെന്റിലെ വിക്കറ്റ് കീപ്പർമാരായി കേരള ടീമിനൊപ്പമുള്ളത് വിഷ്ണു വിനോദു മുഹമ്മദ് അസറുദ്ദീനുമാണ്. സഞ്ജു സാംസൺ കൂടി ഇവർക്കൊപ്പം എത്തുന്നതോടെ കേരള ടീം കൂടുതൽ ശക്തമായി മാറും. സഞ്ജു ടൂർണമെന്റിൽ കേരള ടീമിനെ നയിക്കുമെന്ന കാര്യം മുൻപ് ഉറപ്പായിരുന്നു. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ പരമ്പരയിൽ 2 ട്വന്റി20 സെഞ്ച്വറികൾ സ്വന്തമാക്കി വലിയ ആത്മവിശ്വാസത്തിലാണ് നിലവിൽ സഞ്ജു സാംസൺ. നിലവിൽ ഇന്ത്യയ്ക്ക് മറ്റു ട്വന്റി20 മത്സരങ്ങൾ ഒന്നുംതന്നെ ഈ വർഷം നടക്കാനില്ലാത്തതിനാൽ സഞ്ജു കേരള ടീമിനൊപ്പം അണിനിരക്കുമെന്ന് ഉറപ്പാണ്.
സച്ചിൻ ബേബി, രോഹൻ കുന്നുമ്മൽ, അഖിൽ സ്കറിയ, ബേസിൽ തമ്പി, അജ്നാസ് എന്നിവരാണ് കേരള ടീമിൽ അണിനിരക്കുന്ന മറ്റു താരങ്ങൾ. ഇവർക്കൊപ്പം സിജോ മോൻ ജോസഫും വൈശാഖ് ചന്ദ്രനും മിഥുനം ഷറഫുദ്ദീനുമൊക്കെ ചേരുമ്പോൾ കേരളം കൂടുതൽ ശക്തമാവും. ട്രാവലിംഗ് മുൻകരുതലായി കേരളം സ്ക്വാഡിൽ ഉൾപ്പെടുത്തിയിരിക്കുന്നത് വരുൺ നായനാരെയും ഷോൺ ജോർജിനെയും അഭിഷേക് നായരെയുമാണ്. ഈ മാസം 23നാണ് കേരളത്തിന്റെ ടൂർണമെന്റിലെ ആദ്യ മത്സരം നടക്കുന്നത്. ഗ്രൂപ്പ് ഈയിലാണ് ഇത്തവണ കേരളം അണിനിരക്കുന്നത്.
മഹാരാഷ്ട്ര, ആന്ധ്രപ്രദേശ് എന്നി ടീമുകളാണ് ഗ്രൂപ്പ് ഈയിൽ കേരളത്തിന് വലിയ വെല്ലുവിളി ഉയർത്തുന്നത്. സർവീസസ്, ഗോവ, നാഗാലാൻഡ് എന്നീ ടീമുകളും ഗ്രൂപ്പ് ഈയിൽ അണിനിരക്കുന്നുണ്ട്. എന്നാൽ ഈ ടീമുകളെ പരാജയപ്പെടുത്താൻ കേരളത്തിന് സാധിക്കും എന്നാണ് പ്രതീക്ഷ. നവംബർ 23ന് സർവീസസിനെതിരെയാണ് കേരളത്തിന്റെ ആദ്യ മത്സരം നടക്കുന്നത്. ശേഷം നവംബർ 25ന് മഹാരാഷ്ട്രയെ കേരളം നേരിടും. 27ന് നടക്കുന്ന മൂന്നാം മത്സരത്തിൽ നാഗാലാൻഡിനെയും 29ന് നടക്കുന്ന മത്സരത്തിൽ മുംബൈ ടീമിനെയുമാണ് കേരളം നേരിടുക. സഞ്ജുവിന്റെ അവിശ്വസനീയ ഫോമിലാണ് കേരളം വിശ്വാസമർപ്പിക്കുന്നത്.