KCL 2024 : തുടർച്ചയായ മൂന്നാം വിജയം. ആലപ്പിയെ തകർത്ത് കൊല്ലം ഒന്നാമത്.

GWyaRKgWkAAaS1b e1725624969803

ശക്തരായ ആലപ്പി ടീമിനെ മുട്ടുകുത്തിച്ച് കൊല്ലം സെയിലേഴ്സ്. അത്യന്തം ആവേശകരമായ മത്സരത്തിൽ 8 വിക്കറ്റുകളുടെ വിജയമാണ് കൊല്ലം സ്വന്തമാക്കിയത്. മത്സരത്തിൽ കൊല്ലത്തിനായി ബാറ്റിംഗിൽ തിളങ്ങിയത് നായകൻ സച്ചിൻ ബേബിയാണ്. ബോളിങ്ങിൽ ഷറഫുദീനും ബിജു നാരായണനും മികവ് പുലർത്തുകയായിരുന്നു. കൊല്ലം ടീമിന്റെ ടൂർണമെന്റിലെ തുടർച്ചയായ മൂന്നാം വിജയമാണ് മത്സരത്തിൽ പിറന്നത്. ഈ വിജയത്തോടെ 6 പോയിന്റുകളുമായി ഒന്നാം സ്ഥാനത്ത് കൊല്ലം നിലയുറപ്പിച്ചിട്ടുണ്ട്.

മത്സരത്തിൽ ടോസ് നേടിയ കൊല്ലം ഫീൽഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. മികച്ച തുടക്കമായിരുന്നില്ല ആലപ്പി ടീമിന് ലഭിച്ചത്. ഓപ്പണർ വിനൂപ് മനോഹരന്റെ വിക്കറ്റ് തുടക്കത്തിൽ തന്നെ ആലപ്പിക്ക് നഷ്ടമായി. ശേഷം കൃഷ്ണപ്രസാദ് അടക്കമുള്ളവർ പെട്ടെന്ന് തന്നെ കൂടാരം കയറിയപ്പോൾ ആലപ്പി തകരുകയായിരുന്നു. നായകൻ മുഹമ്മദ് അസറുദ്ദീൻ മാത്രമാണ് കൊല്ലത്തിനായി ക്രീസിൽ പിടിച്ചുനിന്നത്. ഒരു വശത്ത് അസറുദ്ദീൻ ഒരു ആങ്കറുടെ റോളിൽ കളിച്ചെങ്കിലും മറുവശത്ത് തുടർച്ചയായി വിക്കറ്റുകൾ നഷ്ടമായത് ആലപ്പി ടീമിനെ ബാധിച്ചു. മത്സരത്തിൽ 26 പന്തുകളിൽ 29 റൺസാണ് അസറുദ്ദീൻ സ്വന്തമാക്കിയത്.

മറ്റു ബാറ്റർമാർ ആരും മികവ് പുലർത്താതെ വന്നതോടെ ആലപ്പിയുടെ ഇന്നിംഗ്സ് കേവലം 95 റൺസിന് അവസാനിക്കുകയായിരുന്നു. കൊല്ലം ടീമിനായി ഷറഫുദ്ദീൻ 4 വിക്കറ്റുകളും ബിജു നാരായണൻ 3 വിക്കറ്റുകളും സ്വന്തമാക്കി. മറുപടി ബാറ്റിംഗ് ആരംഭിച്ച കൊല്ലം ടീമിന് അഭിഷേക് നായരുടെ വിക്കറ്റ് തുടക്കത്തിൽ തന്നെ നഷ്ടമായി. എന്നാൽ അരുൺ പൗലോസ് പവർപ്ലേ ഓവറുകളിൽ അടിച്ചുതകർത്തത് കൊല്ലത്തിന് രക്ഷയായി. 17 പന്തുകളിൽ 22 റൺസാണ് അരുൺ പൗലോസ് നേടിയത്. ശേഷമെത്തിയ നായകൻ സച്ചിൻ ബേബിയും ക്രീസിലുറച്ചതോടെ കൊല്ലം വിജയത്തിലേക്ക് അടുത്തു.

Read Also -  ബുംറയോ സഹീറോ അല്ല, തന്റെ പ്രിയപ്പെട്ട ബോളറെ തിരഞ്ഞെടുത്ത് മുഹമ്മദ്‌ ഷാമി.

സച്ചിൻ ബേബി മത്സരത്തിൽ കൊല്ലത്തിനായി വമ്പൻ പ്രകടനമാണ് കാഴ്ചവച്ചത്. 30 പന്തുകളിൽ 40 റൺസ് സച്ചിൻ ബേബി സ്വന്തമാക്കി. 3 ബൗണ്ടറികളും 2 സിക്സറുകളും സച്ചിന്റെ ഇന്നിങ്സിൽ ഉൾപ്പെട്ടു. ഇതോടെ മത്സരത്തിന്റെ പതിനാലാം ഓവറിൽ കൊല്ലം വിജയം സ്വന്തമാക്കുകയായിരുന്നു. 8 വിക്കറ്റുകളുടെ വിജയമാണ് മത്സരത്തിൽ കൊല്ലം നേടിയത്. തുടർച്ചയായി മികച്ച പ്രകടനങ്ങൾ കാഴ്ചവെക്കുന്ന നായകൻ സച്ചിൻ ബേബി തന്നെയാണ് കൊല്ലത്തിന്റെ ടൂർണമെന്റിലെ ശക്തിയായി മാറുന്നത്.

Scroll to Top